കൊച്ചിക്കാർക്ക് വെള്ളം സൗജന്യമായി നൽകും; ‘വി4 കൊച്ചി’യുടെ തിരഞ്ഞെടുപ്പു വാഗ്ദാനം
Mail This Article
കൊച്ചി ∙ കൊച്ചി നഗരത്തിൽ ഗാർഹികോപയോഗത്തിനു വെള്ളം സൗജന്യമായി നൽകുമെന്നു വി4 കൊച്ചിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. അഴിമതി രഹിത, സുതാര്യ ഭരണം ഉൾപ്പെടെ , അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രകടന പത്രിക സംഘടന പുറത്തിറക്കി. ഇ ഗവേണൻസ് നടപ്പാക്കും. വിവരാവകാശ നിയമം പൂർണ അർഥത്തിൽ നടപ്പിൽ വരുത്തും. നഗരസഭാ പരിധിയിലെ തോട്, ഭൂമി, കായൽ, പുറമ്പോക്ക് ഇവ സംബന്ധിച്ച സർവേ റിപ്പോർട്ട് ജനങ്ങൾക്കു കൂടി ലഭ്യമാകുന്ന വിധത്തിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. നഗരസഭയ്ക്കു ലഭിക്കേണ്ട പരസ്യ നികുതി, കെട്ടിട നികുതി എന്നിവ കൃത്യമായി പിരിച്ചെടുക്കും.
ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടി വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുക മാത്രമല്ല, ബ്രഹ്മപുരം യാഡ് തണ്ണീർത്തട പാർക്കായി മാറ്റുമെന്നും ഉറപ്പുനൽകുന്നു. ഓടകളും കാനകളും കനാലുകളുമായി ശാസ്ത്രീയമായി ബന്ധിപ്പിച്ച് , വേലിയേറ്റ വേലിയിറക്കത്തിൽ വെള്ളം കയറിയിറങ്ങി പോകുന്ന രീതിയിൽ ക്രമീകരിക്കും. ഇതുവഴി കൊതുകിനെ നിയന്ത്രിക്കും.
‘യൂണിവേഴ്‌സൽ ബേസിക് ഇൻകം ’ ആശയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ക്ഷേമ പദ്ധതികൾ നടപ്പാക്കും. സ്ത്രീ സുരക്ഷയ്ക്കായി നഗരത്തിന്റെ എല്ലാ ഭാഗത്തും സിസിടിവി ക്യാമറ വയ്ക്കും. എല്ലാ വാർഡുകളിലും പൗര സഹായ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രകടന പത്രിക പ്രകാശനം ചെയ്ത് ക്യാംപയിൻ കൺട്രോളർ നിപുൺ ചെറിയാൻ, ക്യാംപയിൻ ജോയിന്റ് കൺട്രോളർ മനോജ് കുമാർ എന്നിവർ പറഞ്ഞു.