പ്രചാരണത്തിനില്ലാഞ്ഞിട്ടും മത്തായി പ്രസിഡന്റായി
Mail This Article
അങ്കമാലി∙ മത്സരിക്കാം, പക്ഷേ, കൃഷിയിടത്തിലെ തിരക്കൊഴിഞ്ഞിട്ടെവിടെ പ്രചാരണത്തിനു സമയം. രംഗത്തു വരാതിരുന്ന പിതാവിനു വേണ്ടി പ്രചാരണം നയിച്ചതും അങ്കം ജയിപ്പിച്ചതും മക്കൾ. എതിർസ്ഥാനാർഥിയെ വെറും 6 വോട്ടിലൊതുക്കിയ ആ പഴയ തിരഞ്ഞെടുപ്പു കാലത്തിന്റെ വീറും വാശിയും ഓർത്തെടുക്കുകയാണു പരേതനായ എം.എം.മത്തായിയുടെ മക്കളായ ജോയിയും ജോളിയും. മഞ്ഞപ്ര പഞ്ചായത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു മത്തായി. കൃഷിയിൽ മുഴുകിയ മത്തായിക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നയിച്ചതു ജോയിയും ജോളിയുമാണ്. പിന്നീട് ഇരുവരും സജീവ രാഷ്ട്രീയത്തിലേക്കു വന്നതുമില്ല.
മഞ്ഞപ്ര പഞ്ചായത്ത് നാലാം വാർഡായ പുതുമനയിൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു മത്തായിയുടെ മത്സരം. നെൽകൃഷിയും റബറുമൊക്കെയായി ഏക്കർ കണക്കിനു കൃഷിയിടങ്ങളുണ്ടായിരുന്നു; കൃഷിക്കായി അൻപതിലേറെ ജോലിക്കാരും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പറഞ്ഞിട്ടും മത്തായിയെ നിർബന്ധിച്ചു നിർത്തുകയായിരുന്നു. മക്കളുടെയും ബന്ധുവുമായ എം.ഐ. ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണു പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മത്തായിയെ പ്രസിഡന്റാക്കി. എന്നാൽ, 1963 ജനുവരി ഒന്നു മുതൽ 1964 ജൂൺ 18 വരെ മാത്രമേ പ്രസിഡന്റ് സ്ഥാനത്തിരിക്കാനായുള്ളൂ.
അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കിയപ്പോൾ അംഗത്വവും രാജിവച്ചു. 1999 ഫെബ്രുവരി 4നു മത്തായി അന്തരിച്ചു. 1950ൽ വില്ലേജ് യൂണിയൻ ആയിരുന്നപ്പോൾ പ്രസിഡന്റാകാൻ മത്തായിയെ സമീപിച്ചിരുന്നു. പൊതു സമ്മതനായ ഒരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന പതിവാണ് അന്നുണ്ടായിരുന്നത്. കൃഷിത്തിരക്കു പറഞ്ഞു നിരസിച്ചു. മത്തായിക്കു പകരം കോളാട്ടുകുടി ചെറിയാൻ 1950 ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 25 വരെ പ്രസിഡന്റായി. 1952ൽ സ്പെഷൽ ഓഫിസർ ഭരണം. പിന്നീടു തിരഞ്ഞെടുപ്പിലൂടെ ആദ്യം പ്രസിഡന്റായതു പറയത്ത് ഇരവി കൊച്ചുകുട്ടൻ മോനോനാണ്. തുടർന്നാണു മത്തായി മത്സരിച്ചു ജയിച്ചത്.