ആദ്യാവസാനം വരെ മാറിമറിയുന്ന മുന്നേറ്റങ്ങൾ, നാടകീയ നിമിഷങ്ങൾ
Mail This Article
കൊച്ചി ∙ ഒട്ടേറെ നാടകങ്ങൾ നിറഞ്ഞാടിയ മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ ആദ്യാവസാനം വരെ നാടകീയമായിരുന്നു ഇന്നലത്തെ വോട്ടെണ്ണൽ. മാറി മറിഞ്ഞ ലീഡ് നിലകൾ, അപ്രതീക്ഷിത പരാജയങ്ങൾ, വിമത മുന്നേറ്റങ്ങൾ, കേടുവന്ന വോട്ടിങ് യന്ത്രം, സമാസമം വന്ന വോട്ടുകൾ, നറുക്കെടുപ്പ്. ഒടുവിൽ കൊച്ചിക്കാർ തീരുമാനിച്ചത് ആർക്കും കേവല ഭൂരിപക്ഷം നൽകാത്ത തിരഞ്ഞെടുപ്പു ഫലം. തങ്ങളാണു യഥാർഥ ശക്തികളെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ജനങ്ങൾ രാഷ്ട്രീയ നേതാക്കളെ പലതവണ ഓർമിപ്പിച്ചു.
∙ രാവിലെ 8.00: പാർക് അവന്യു റോഡിലൂടെ മഹാരാജാസ് കോളജിലേക്കു രാഷ്ട്രീയ പ്രവർത്തകർ എത്തി തുടങ്ങുന്നതേയുള്ളൂ. ഭൂരിപക്ഷ സൂചനകളൊന്നും വന്നു തുടങ്ങിയിട്ടില്ലാത്തതിനാൽ ആവേശക്കൊടികൾ ഉയർന്നു തുടങ്ങിയിട്ടില്ല.
∙ 8.40: വോട്ടെണ്ണലിലെ ആദ്യ ട്വിസ്റ്റ്. യുഡിഎഫ് ജയിച്ചാൽ മേയറാകുമെന്നു പ്രതീക്ഷിച്ചിരുന്ന എൻ. വേണുഗോപാൽ ഐലൻഡ് നോർത്ത് ഡിവിഷനിൽ തോറ്റു; ഒരേയൊരു വോട്ടിന്. ഈ അപ്രതീക്ഷിത പരാജയത്തിൽ യുഡിഎഫ് അപകടം മണത്തു. എങ്കിലും അപ്പോഴും ലീഡ് നില യുഡിഎഫിന് അനുകൂലമായിരുന്നു.
∙ 9.00: കൂടുതൽ സീറ്റുകളിൽ ഫലം വന്നു തുടങ്ങിയപ്പോൾ യുഡിഎഫിനായിരുന്നു നേരിയ മുൻതൂക്കം. പുറത്തെ റോഡിൽ പാർട്ടികൾ ആഘോഷം തുടങ്ങുന്നു. പക്ഷേ, അപ്പോഴും ധൈര്യമായി ആഘോഷിക്കാനുള്ള അവസ്ഥയിലായിരുന്നില്ല നേതാക്കൾ. വലിഞ്ഞു മുറുകിയ മുഖവുമായി സ്ഥാനാർഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നടന്നു.
∙ 10.00: പശ്ചിമ കൊച്ചി മേഖലയിൽ ഉൾപ്പെടെ കൂടുതൽ സീറ്റുകൾ നേടിയതോടെ ബിജെപി പ്രവർത്തകർ ആവേശത്തിലായി. യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം.
∙ 11.00: യുഡിഎഫ് 18; എൽഡിഎഫ് 16 എന്നതായിരുന്നു നില. പക്ഷേ, യുഡിഎഫിന് ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല. ഒറ്റ മണിക്കൂറിൽ കളി മാറി. ഇരു മുന്നണികളും 25 ഡിവിഷനുകൾ വീതം നേടി ഒപ്പം നിന്നു.
∙ 12.00: വിമതർ 4 സീറ്റിൽ വിജയിച്ചതോടെ കേവല ഭൂരിപക്ഷമെന്നത് ഇരു മുന്നണികൾക്കും കിട്ടാക്കനിയായി. സ്ഥാനാർഥികളെ പിന്തുണച്ചു കൊണ്ടുള്ള ജാഥകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു നീങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അതീവ നാടകീയമായ അവസാനമായിരുന്നു വരാനിരുന്നത്.
∙ 1.00: യുഡിഎഫ്: 30, എൽഡിഎഫ്: 33, എൻഡിഎ: 5, സ്വതന്ത്രർ: 4 എന്നതായിരുന്നു നില. ഫലം വരാനുള്ളത് 2 ഡിവിഷനുകളിലേത് മാത്രം. കലൂർ സൗത്തിലെ പോരാട്ടം നറുക്കെടുപ്പിലെത്തിയിരുന്നു. കുന്നുംപുറത്ത് ഒരു ബൂത്തിലെ വോട്ടിങ് യന്ത്രം കേടായി. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ എത്തി അതു നന്നാക്കി കൊണ്ടിരിക്കുന്നു.
കലൂർ സൗത്തിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾക്ക് 1058 വോട്ടു വീതം. വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ്. കൃത്യം ഒന്നരയ്ക്ക് നറുക്കെടുപ്പ്– വിജയം യുഡിഎഫിനൊപ്പം.
∙1.45: കേടായ വോട്ടിങ് യന്ത്രത്തിലായിരുന്നു എല്ലാ കണ്ണുകളും. ഒരു വോട്ടിങ് യന്ത്രം എണ്ണാനിരിക്കെ യുഡിഎഫ് സ്ഥാനാർഥി 34 വോട്ടുകൾക്കു മുന്നിൽ. വോട്ടിങ് യന്ത്രം ശരിയായപ്പോൾ യുഡിഎഫിന്റെ ആ പ്രതീക്ഷയും പൊലിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം 67 വോട്ടിന്.