നാടൻ സവാള വേണോ, ആലുവയിലേക്ക് വരൂ; ഷംലയുടെ അടുത്ത് റെഡി
Mail This Article
ആലുവ∙ വട്ടവടയിൽ സ്വന്തമായി കൃഷി ചെയ്ത സവാള വനിതാ ദിനത്തിൽ വിപണിയിൽ എത്തിച്ചു ഷംല നിസാം എന്ന സംരംഭകയുടെ പുതിയ ചുവടുവയ്പ്. കേരളത്തിൽ ആദ്യമായി വ്യവസായ അടിസ്ഥാനത്തിൽ സവാളക്കൃഷി ആരംഭിച്ച ഭൂമിത്ര കർഷക സമിതിയുടെ ആക്ടിങ് പ്രസിഡന്റാണ് ഷംല. 3 വർഷമായി ആലുവ മാർക്കറ്റിൽ സവാള മൊത്തവ്യാപാരം നടത്തുന്നു.
പ്രവാസി മലയാളികളുടെ കൂട്ടായ്മയാണു ഭൂമിത്ര കർഷക സമിതി. മൂന്നാറിൽ നിന്നു 40 കിലോമീറ്റർ അകലെ വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തിൽ കൃഷി വകുപ്പു പാട്ടത്തിനു നൽകിയ സ്ഥലത്താണു സവാളക്കൃഷി ചെയ്തത്. സമുദ്ര നിരപ്പിൽ നിന്ന് 6,800 അടി ഉയരമുണ്ട് ഇവിടേക്ക്. സവാളയുടെ വിളവെടുപ്പ് ഒരു മാസം മുൻപു മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചെങ്കിലും ഇപ്പോഴാണു മൊത്തവിൽപനയ്ക്കു തയാറായത്.
ഷംലയും ഭർത്താവ് കമാൽ നിസാമും 20 വർഷം സൗദിയിലായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു തിരിച്ചെത്തിയ നിസാം മഹാരാഷ്ട്രയിൽ സവാളക്കൃഷിയും മൊത്തവ്യാപാരം നടത്തുന്നുണ്ട്. അതിന്റെ ചുവടുപിടിച്ചാണു ഷംലയും രംഗത്തിറങ്ങിയത്. രാജ്യത്തെ 80 ശതമാനം സവാളക്കൃഷിയും മഹാരാഷ്ട്രയിലാണ്. അവിടെ നിന്നു ശരാശരി 110 ലോഡ് സവാള ദിവസവും കേരളത്തിൽ എത്തുന്നു.
വട്ടവടയിൽ കാബേജ്, ബീൻസ്, കാരറ്റ്, വെളുത്തുള്ളി എന്നിവയും ഷംലയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര സവാളയേക്കാൾ 10 രൂപ കുറച്ചാണു കേരളത്തിന്റെ തനതു സവാള വിൽക്കുന്നതെന്നു ഷംല പറഞ്ഞു. ട്രാൻസ്പോർട്ടിങ് ചെലവു കാര്യമായി വരുന്നില്ല എന്നതാണു കാരണം.