പെൺകരുത്തിൽ ചിറകുവീശി കൊച്ചി രാജ്യാന്തര വിമാനത്താവളം
Mail This Article
നെടുമ്പാശേരി ∙ വനിതാ ദിനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിന്റെ നിയന്ത്രണം പൂർണമായി വനിതാ ജീവനക്കാർ ഏറ്റെടുത്തു. ടവറിലെ വിവിധ വകുപ്പുകളിൽ എല്ലാം ഇന്നലെ വനിതാ ജീവനക്കാർ മാത്രമായിരുന്നു.
അൻപതോളം വനിതാ ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഇവർ വിമാനങ്ങൾ സുരക്ഷിതമായി നിർദിഷ്ട സ്ഥാനത്ത് എത്തിക്കാനുള്ള നിർദേശങ്ങൾ നൽകുകയും പറക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
∙ വനിതാ ദിനത്തിൽ വിമാനത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു വനിതാ ജീവനക്കാർ. എയർ ഇന്ത്യ എക്സ്പ്രസ് ആണ് വനിതാ ദിനത്തിൽ പൂർണമായി വനിതാ ജീവനക്കാർ മാത്രമുള്ള 4 സർവീസുകൾ നടത്തിയത്. കൊച്ചി– ദോഹ– കൊച്ചി സെക്ടറിൽ ക്യാപ്റ്റൻ അഞ്ചൽ സഹാനിയും ഫസ്റ്റ് ഓഫിസർ സൃഷ്ടി പ്രിയദർശിനിയുമാണ് വിമാനം പറത്തിയത്.
കെ.എ. ഷമീറ, മരിയ സേവ്യർ, പി.എസ്. അശ്വിനി, പി.വി. അനുപ്രിയ എന്നിവർ ആയിരുന്നു കാബിൻ ജീവനക്കാർ. ഇന്നലെ നടത്തിയ തിരുച്ചിറപ്പിള്ളി– ദുബായ്– തിരുച്ചിറപ്പിള്ളി, ഡൽഹി– ദുബായ്– വരാണസി, കണ്ണൂർ– ദുബായ്– ലക്നൗ സർവീസുകളിലും വനിതാ ജീവനക്കാർ മാത്രമായിരുന്നു. കൊച്ചിയിൽ എയർഇന്ത്യ എക്സ്പ്രസിലെ വനിതാ ജീവനക്കാർക്കായി കായൽ യാത്രയും ഒരുക്കിയിരുന്നു.