ബൂത്തൊരുങ്ങി, അരങ്ങൊരുങ്ങി
Mail This Article
ആലുവ∙ അങ്കമാലി, ആലുവ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം യുസി കോളജിൽ നടന്നു. ആലുവയിൽ 286 ബൂത്തുകളും അങ്കമാലിയിൽ 257 എണ്ണവുമാണുള്ളത്. ഓരോ ബൂത്തിലേക്കും 6–7 പേർ വീതമുള്ള ഉദ്യോഗസ്ഥ സംഘങ്ങളെ കോളജിൽ നിന്നു ബസിലാണ് എത്തിച്ചത്. ഇത്തവണ പോളിങ് സാമഗ്രികൾക്കു പുറമേ 5 ലീറ്റർ സാനിറ്റൈസർ കാനുകളുടെ അധികഭാരം കൂടി ചുമക്കേണ്ടി വന്നു ഉദ്യോഗസ്ഥർക്ക്.
വിതരണ കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇവ തൂക്കിപ്പിടിച്ചു കൊണ്ടുപോകേണ്ടി വന്നതു പലർക്കും ബുദ്ധിമുട്ടായി. ആലുവ നഗരസഭയിലെ പോളിങ് ബൂത്തുകൾ ആരോഗ്യ വിഭാഗം ജീവനക്കാർ അണുവിമുക്തമാക്കി. ഗവ. എച്ച്എസി എൽപി സ്കൂളാണു നഗരസഭയിലെ ഏക ഹരിത ബൂത്ത്. ആലുവ സെന്റ് ഫ്രാൻസിസ് സ്കൂൾ ബൂത്തിലും ഗവ. മൃഗാശുപത്രി ബൂത്തിലും വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. ഇവിടെ നടക്കുന്നതെല്ലാം കലക്ടറേറ്റിലെ ഇലക്‌ഷൻ സ്ക്രീനുകളിൽ തൽസമയം കാണാം.