ഒരുമയുടെ യുഡിഎഫ് കരുത്തിൽ അങ്കമാലി നേടി റോജി എം.ജോൺ
Mail This Article
അങ്കമാലി ∙ ജനപ്രിയതയുടെ പേരിലുള്ള മത്സരമായിരുന്നു അങ്കമാലിയിൽ. യുഡിഎഫ് സ്ഥാനാർഥി റോജി എം. ജോണിനാണു ജന സ്വീകാര്യത കൂടുതലെന്നു ജനം വിധിയെഴുതി. 15929 വോട്ട് ഭൂരിപക്ഷത്തോടെ. ജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയും രണ്ടുവട്ടം അങ്കമാലിയുടെ പ്രതിനിധിയുമായിരുന്ന ജോസ് തെറ്റയിലിനെ പരാജയപ്പെടുത്തിയ റോജി എം.ജോണിനു മണ്ഡലത്തിൽ രണ്ടാമൂഴം. മുൻ കാലങ്ങളിൽ വികസന പ്രവർത്തനങ്ങൾ അങ്കമാലി ടൗൺ കേന്ദ്രീകൃതമായിരുന്നെങ്കിൽ മണ്ഡലത്തിൽ എല്ലായിടത്തും വികസനപ്രവർത്തനങ്ങൾ എത്തിച്ചെന്നായിരുന്നു യുഡിഎഫ് പ്രചാരണം.
പ്രളയകാലത്തും കോവിഡ് കാലത്തും മണ്ഡലത്തിലെമ്പാടും സഹായമെത്തിക്കാൻ സജീവ സാന്നിധ്യമായിരുന്നു റോജി എം.ജോൺ. 1965 മുതലുള്ള അങ്കമാലിയുടെ ചരിത്രം പരിശോധിച്ചാൽ രണ്ടാം വട്ടമാണ് ഒരു സ്ഥാനാർഥി പതിനായിരത്തിൽ പരം വോട്ടിനു ജയിക്കുന്നത്. 2001ൽ യുഡിഎഫ് നേടിയ ഭൂരിപക്ഷമായ 18177 നു ശേഷമുള്ള മികച്ച ഭൂരിപക്ഷമാണു സിറ്റിങ് എംഎൽഎ കൂടിയായ റോജി നേടിയത്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം 6743 വർധിപ്പിച്ചു.
2016ൽ 9186 ആയിരുന്നു ഭൂരിപക്ഷം. മുൻ കാലങ്ങളിൽ അങ്കമാലിയിൽ കോൺഗ്രസിലെ ഭിന്നിപ്പു മുതലെടുത്താണ് എൽഡിഎഫ് ജയം പിടിച്ചെടുത്തിരുന്നത്. ഇത്തവണ കോൺഗ്രസും ഘടകകക്ഷികളും ഒറ്റക്കെട്ടായി നിന്നു. യുവത്വം വിദ്യാഭ്യാസം, ജനങ്ങളോടുള്ള സമീപനം എന്നിവ സ്ത്രീ, യുവ വോട്ടർമാരിലും പ്രായം ചെന്നവരിലും അനുകൂല ചലനങ്ങൾ സൃഷ്ടിച്ചു.അങ്കമാലി നഗരസഭയിലും എല്ലാ പഞ്ചായത്തുകളിലും മുന്നേറാൻ യുഡിഎഫിനു കഴിഞ്ഞു.