മൂവാറ്റുപുഴയിൽ ഇടതു പ്രതീക്ഷ തെറ്റിച്ചു കുഴൽനാടൻ
Mail This Article
മൂവാറ്റുപുഴ∙ പായിപ്രയിലും നഗരസഭയിലും പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നതാണു പരാജയത്തിലേക്കു നയിച്ച പ്രധാന ഘടകം എന്ന് എൽഡിഎഫ് വിലയിരുത്തൽ. കഴിഞ്ഞ തവണ 2,900 വോട്ടിന്റെ ലീഡ് ലഭിച്ച പായിപ്രയിലും മൂവാറ്റുപുഴ നഗരസഭയിലും പ്രതീക്ഷിച്ചത്ര വോട്ട് ലഭിച്ചില്ല. പായിപ്രയിൽ എൽഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചത് 488 വോട്ടിന്റെ ലീഡ് ആണ്. മൂവാറ്റുപുഴ നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച ആയിരം വോട്ടിന്റെ ലീഡ് നഷ്ടമായെന്നു മാത്രമല്ല യുഡിഎഫിന് 681 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.
പായിപ്ര കൂടാതെ പാലക്കുഴ പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിനു യുഡിഎഫ് സ്ഥാനാർഥിയേക്കാൾ കൂടുതൽ വോട്ട് ലഭിച്ചത്. ഇവിടെ 750 വോട്ടിന്റെ ലീഡ് എൽദോ ഏബ്രഹാമിനു ലഭിച്ചു. ലീഡ് പ്രതീക്ഷിച്ച മാറാടി പഞ്ചായത്തിൽ 13 വോട്ടിന്റെ ലീഡ് മാത്യു കുഴൽനാടൻ നേടി. മറ്റു പഞ്ചായത്തുകളിലെല്ലാം മാത്യു കുഴൽനാടനായിരുന്നു. ലീഡ്. വാളകത്ത് 381, ആയവന 434, പോത്താനിക്കാട് 774, പൈങ്ങോട്ടൂർ 1354, കല്ലൂർക്കാട് 197, മഞ്ഞള്ളൂർ 578, ആവോലി 838, ആരക്കുഴ 1553 എന്നിങ്ങനെയാണു മാത്യുവിനു ലഭിച്ച ലീഡ്. കേരള കോൺഗ്രസ് (എം) ശക്തി കേന്ദ്രമായിട്ടും കല്ലൂർക്കാട് യുഡിഎഫിനു ലീഡ് ലഭിച്ചു.
ആരക്കുഴയിലും മഞ്ഞള്ളൂരും യുഡിഎഫിന്റെ വോട്ടുകളിൽ വലിയൊരു ഭാഗം ട്വന്റി 20 നേടും എന്നായിരുന്നു എൽഡിഎഫിന്റെ കണക്കു കൂട്ടൽ. എന്നാൽ ഇവിടങ്ങളിലും യുഡിഎഫ് ലീഡ് ചെയ്തു. ട്വന്റി 20 നേടിയ വോട്ടുകളിൽ വലിയൊരു ഭാഗം എൽഡിഎഫിൽ നിന്ന് ഉള്ളതായിരുന്നുവെന്നും എൽഡിഎഫ് നേതാക്കൾ ഇപ്പോൾ പറയുന്നു. കല്ലൂർക്കാട് പഞ്ചായത്തിൽ 500 വോട്ടുകളുടെ ലീഡ് നേടുമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കു കൂട്ടൽ. ആയവന, വാളകം പഞ്ചായത്തുകളിൽ എൽഡിഎഫ് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചു എന്നാണു നേതാക്കൾ പറയുന്നത്. എന്നാൽ ഏറെ പ്രതീക്ഷിച്ച അർപ്പിച്ച യാക്കോബായ വോട്ടുകളിൽ വിള്ളൽ ഉണ്ടായി.
യാക്കോബായ വിഭാഗവുമായി ബന്ധപ്പെട്ട എല്ലാ സമരങ്ങളിലും മുന്നിൽ നിന്ന എൽദോ ഏബ്രഹാമിനെതിരെ ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കടുത്ത വിമർശനം ഉയർന്നെങ്കിലും യാക്കോബായ വിശ്വാസികളുടെ സഹകരണം തിരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്ന വിലയിരുത്തലാണു സ്ഥാനാർഥിയും പാർട്ടി നേതൃത്വവും പങ്കുവയ്ക്കുന്നത്. പായിപ്ര, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിൽ നിന്നു 3000 വോട്ടുകളുടെ ലീഡ് ആണ് എൽഡിഎഫ് പ്രതീക്ഷിച്ചത്.
എന്നാൽ പായിപ്രയിലും പാലക്കുഴയിലും മാത്രമാണു നേരിയ ലീഡ് എൽദോ ഏബ്രഹാമിനു ലഭിച്ചത്. ഇടതു തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണു മൂവാറ്റുപുഴയിൽ ഇത്തരത്തിൽ വോട്ട് ചോർച്ച ഉണ്ടായതെന്നതിനു വ്യക്തമായ വിശദീകരണം നൽകാൻ എൽഡിഎഫിനു സാധിക്കുന്നില്ല. മണ്ഡലത്തിൽ ട്വന്റി 20 നേടിയ വോട്ടുകളുടെ കണക്കു കൂട്ടലുകളിൽ വലിയ പാളിച്ച സംഭവിച്ചുവെന്നാണു നേതൃത്വം വിലയിരുത്തുന്നത്.