ADVERTISEMENT

പെരുമ്പാവൂർ ∙ നിയോജകമണ്ഡലത്തിലെ 8 തദ്ദേശ സ്ഥാപനങ്ങളിൽ ആറിലും ഭൂരിപക്ഷം നേടിയാണു യുഡിഎഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പിള്ളി വിജയ തീരം തൊട്ടത്. പെരുമ്പാവൂർ നഗരസഭ, ഒക്കൽ, കൂവപ്പടി, വേങ്ങൂർ, മുടക്കുഴ, രായമംഗലം പഞ്ചായത്തുകളിലാണു ഭൂരിപക്ഷം ലഭിച്ചത്.  എൽഡിഎഫ് സ്ഥാനാർഥി ബാബു ജോസഫിനെ സ്വന്തം പഞ്ചായത്തു പോലും തുണക്കാതിരുന്നപ്പോൾ ഭൂരിപക്ഷം ലഭിച്ചത് എൽഡിഎഫ് ഭരിക്കുന്ന അശമന്നൂരിലും യുഡിഎഫ് ഭരിക്കുന്നതും ട്വന്റി 20 സ്വാധീനമുള്ളതുമായ വെങ്ങോലയിലും മാത്രം.

എൽഡിഎഫ് ഭരിക്കുന്ന രായമംഗലം പഞ്ചായത്തിലാണ് എൽദോസ് കുന്നപ്പിള്ളിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതെന്നത് ഇടതുപക്ഷത്തിനു തിരിച്ചടിയായി. വെങ്ങോലയിൽ 850 വോട്ടിന്റെയും അശമന്നൂരിൽ 143 വോട്ടിന്റെയും  ഭൂരിപക്ഷം ബാബു ജോസഫിനു ലഭിച്ചെങ്കിലും മറ്റു പഞ്ചായത്തുകളിൽ നേടിയ  മേൽക്കൈ എൽദോസിനു തുണയാകുകയായിരുന്നു. രായമംഗലത്ത് എൽദോസിന്റെ ഭൂരിപക്ഷം 1,006 വോട്ടാണ്.

യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടാറുള്ള ഒക്കൽ, കൂവപ്പടി പഞ്ചായത്തുകളിൽ ഭൂരിപക്ഷം കുറഞ്ഞു. ഒക്കലിൽ 487, കൂവപ്പടി 393. എൽഡിഎഫ് ഭരണമുള്ള വേങ്ങൂരിലും എൽദോസിനു ഭൂരിപക്ഷം കുറവാണ്. 220 വോട്ടിന്റെ മേൽക്കൈ. പെരുമ്പാവൂർ നഗരസഭ 771, മുടക്കുഴ പഞ്ചായത്ത് 763 എന്നിങ്ങനെയാണു മറ്റു പഞ്ചായത്തുകളിൽ എൽദോസിന്റെ ഭൂരിപക്ഷം. തപാൽ വോട്ടിലും എൽദോസ് മുന്നിലെത്തി. ആകെ ലഭിച്ച 3326 വോട്ടിൽ എൽദോസിന്  1429 വോട്ടും എൽഡിഎഫിന് 1147 വോട്ടും ലഭിച്ചു. ബിജെപി  322, ട്വന്റി 20 383, എസ്ഡിപിഐ 11, വെൽഫെയർ പാർട്ടി 8 , നോട്ട 17 എന്നിങ്ങനെയാണു തപാൽ വോട്ട്.

പഞ്ചായത്തുകളിലെ വോട്ട് വിഹിതം 

ഓരോ പഞ്ചായത്തിലും സ്ഥാനാർഥികൾക്കു ലഭിച്ചു വോട്ട് ഇങ്ങനെയാണ്:

∙ ഒക്കൽ: എൽദോസ് കുന്നപ്പിള്ളി( യുഡിഎഫ്) 5487, ബാബു ജോസഫ് (എൽഡിഎഫ്) 5000, ചിത്ര സുകുമാരൻ( ട്വന്റി 20) 1406, ടി.പി.സിന്ധുമോൾ( ബിജെപി) 1871.
∙ കൂവപ്പടി : എൽദോസ് കുന്നപ്പിള്ളി 8128, ബാബു ജോസഫ് 7735, ചിത്ര സുകുമാരൻ 2653, ടി.പി.സിന്ധുമോൾ 2849. വേങ്ങൂർ : എൽദോസ് കുന്നപ്പിള്ളി 5076, ബാബു ജോസഫ് 4856, ചിത്ര സുകുമാരൻ 2714, ടി.പി.സിന്ധുമോൾ 958.
∙ മുടക്കുഴ : എൽദോസ് കുന്നപ്പിള്ളി 4087, ബാബു ജോസഫ് 3224, ചിത്ര സുകുമാരൻ 1939, ടി.പി.സിന്ധുമോൾ 1413.

∙ പെരുമ്പാവൂർ നഗരസഭ : എൽദോസ് കുന്നപ്പിള്ളി 5612, ബാബു ജോസഫ് 4841, ചിത്ര സുകുമാരൻ 1855, ടി.പി.സിന്ധുമോൾ 2365.
∙ വെങ്ങോല : എൽദോസ് കുന്നപ്പിള്ളി 10977, ബാബു ജോസഫ് 11827, ചിത്ര സുകുമാരൻ 4341, ടി.പി.സിന്ധുമോൾ 1632.
∙ രായമംഗലം : എൽദോസ് കുന്നപ്പിള്ളി 8257, ബാബു ജോസഫ് 7281, ചിത്ര സുകുമാരൻ 3941, ടി.പി.സിന്ധുമോൾ 2426.
∙ അശമന്നൂർ : എൽദോസ് കുന്നപ്പിള്ളി 4431, ബാബു ജോസഫ് 4574, ചിത്ര സുകുമാരൻ 1304, ടി.പി.സിന്ധുമോൾ1299.

ട്വന്റി 20 മൂന്നാമത്, ബിജെപി നാലാമത്

മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ ട്വന്റി 20 സ്ഥാനാർഥി ചിത്ര സുകുമാരൻ മുന്നിലെത്തി. 20,536 വോട്ടാണു നേടിയത്.15000 വോട്ടിനപ്പുറം മുന്നണികൾ പ്രതീക്ഷിച്ചിരുന്നില്ല. എൽഡിഎഫിന്റെ തോൽവിക്കും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുന്നതിനും  ഇത് ഇടയായി എന്നും വിലയിരുത്തുന്നുണ്ട്. നാലാം സ്ഥാനത്തായ ബിജെപി സ്ഥാനാർഥി ടി.പി.സിന്ധുമോൾ നേടിയത് 15,135 വോട്ടുകളാണ്. 2016ൽ ബിജെപി സ്ഥാനാർഥിയായിരുന്ന ഇ.എസ്.ബിജു 19,731 വോട്ട് നേടിയിരുന്നു. ബിജെപി വോട്ട് ട്വന്റി 20ക്കും ലഭിച്ചു എന്നാണു വിലയിരുത്തൽ

അപരന് 196

എൽഡിഎഫ് സ്ഥാനാർഥി ബാബു ജോസഫിന്റെ അപരനായി പത്രിക സമർപ്പിച്ച ബാബു ജോസഫ് ഇരുമലയ്ക്ക് 196 വോട്ട്  ലഭിച്ചു. എസ്ഡിപിഐ സ്ഥാനാർഥി അജ്മൽ.കെ.മുജീബിനു 2494 വോട്ടുകളും വെൽഫെയർ പാർട്ടി സ്ഥാനാർഥി കെ.എം.അർഷാദിന് 1038 വോട്ടും ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com