‘ലൈലത്തുൽ ഖദ്റിന്റെ ' പുണ്യം തേടി വിശ്വാസികൾ
Mail This Article
കാക്കനാട്∙ പുണ്യ റമസാനിൽ ലൈലത്തുൽ ഖദ്‍റിന്റെ അനുഗ്രഹം ചൊരിയുന്ന ഇരുപത്തിയേഴാം രാവിൽ മുസ്‍ലിം ഭവനങ്ങൾ പ്രാർഥനാ നിർഭരമായി. സ്രഷ്ടാവിന്റെ അളവില്ലാത്ത അനുഗ്രഹം തേടി പുലരും വരെ പ്രാർഥിച്ചവർ ഒട്ടേറെ. ലോക്ഡൗൺ മൂലം മസ്ജിദുകൾ അടച്ചിട്ടിരിക്കുന്നതിനാൽ വിശ്വാസികൾ പ്രാർഥന വീടുകളിലേക്കു മാറ്റി. റമസാനിലെ അവസാന പത്തിലെ ലൈലത്തുൽ ഖദ്റിന്റെ പുണ്യ രാവ് ഇന്നലെ ആയിരിക്കുമെന്ന വിശ്വാസത്തിലാണു പ്രാർഥനകൾക്ക് കൂടുതൽ സമയം കണ്ടെത്തിയത്.
രാത്രി തറാവീഹ് നമസ്കാരത്തിനു പുറമേ, തസ്ബീഹ് നമസ്കാരം ഉൾപ്പെടെ പ്രത്യേക പ്രാർഥനകളും നടത്തി. പുണ്യ മാസത്തിൽ ശേഷിക്കുന്നതു മൂന്നോ നാലോ വ്രത ദിനങ്ങളാണ്. ചൊവ്വാഴ്ച ശവ്വാൽ പിറ ദൃശ്യമായാൽ ബുധനാഴ്ച ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. ചൊവ്വാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ ബുധൻ കൂടി റമസാൻ നോമ്പ് അനുഷ്ഠിച്ചു വ്യാഴാഴ്ചയാകും പെരുന്നാൾ.