‘കിളിക്കൂട്ടി’ൽ രാഷ്ട്രീയമില്ല; സന്തോഷം പങ്കിട്ടു തുടരെയെത്തി ഫോൺ വിളികൾ...
Mail This Article
കളമശേരി ∙ സന്തോഷം പങ്കിട്ടു തുടരെയെത്തിയ ഫോൺ വിളികൾ, വാട്സാപ്പിലൂടെ ആശംസാ പ്രവാഹം. ഇതിനിടയിൽ, നിയുക്ത മന്ത്രി പി.രാജീവിന്റെ ഭാര്യ ഡോ.എ. വാണി കേസരിയും മക്കളായ ഹൃദ്യയും ഹരിതയും ഇന്നലെ ഉച്ചയൂണു കഴിച്ചത് 3 മണിക്ക്. മന്ത്രി സ്ഥാനത്തേക്കു രാജീവിനെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. കുടുംബം കളമശേരിയിലെ വസതിയായ ‘കിളിക്കൂട്ടി’ലും.
പുതിയ ഉത്തരവാദിത്തം നിറവേറ്റുന്നതിനു ഭർത്താവിനു പൂർണ പിന്തുണ നൽകുമെന്നു കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടറായ ഡോ. വാണി കേസരി പറഞ്ഞു. മന്ത്രിയാക്കുന്നതിനുള്ള പാർട്ടി തീരുമാനം വന്നയുടൻ പി.രാജീവ് വീട്ടിലേക്കു വിളിച്ചിരുന്നുവെങ്കിലും ഓൺലൈൻ ക്ലാസുകളിലായതിനാൽ വാണിക്കും മക്കളായ ഹൃദ്യയ്ക്കും ഹരിതയ്ക്കും അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞില്ല. പിന്നീടു തിരിച്ചു വിളിച്ചപ്പോഴേക്കും അദ്ദേഹം തിരക്കുകളിലായിരുന്നു.‘‘അദ്ദേഹത്തിന് പുതിയ ചുമതല നന്നായി നിർവഹിക്കാൻ കഴിയട്ടെ. ഒരിക്കലും രാജീവ് വീട്ടിൽ രാഷ്ട്രീയം പറഞ്ഞിട്ടില്ല.
കർശനക്കാരനായ ഭർത്താവുമല്ല. കുട്ടികൾക്കു സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്ന രാജീവ് അവർക്ക് അധ്യാപകൻ കൂടിയാണ്. എത്ര വൈകി വീടെത്തിയാലും അവരുടെ പഠനകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. കണക്കിൽ സമർഥനായ അദ്ദേഹം തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ പോലും മക്കൾക്കു കണക്കിലും മലയാളത്തിലുമുള്ള സംശയങ്ങൾ തീർത്തു കൊടുത്തിരുന്നു. അദ്ദേഹം പാർട്ടി ജീവിതവും വ്യക്തി ജീവിതവും കൂട്ടിക്കുഴയ്ക്കാത്ത വ്യക്തിയാണ്’’. ഡോ. വാണി പറയുന്നു.