ADVERTISEMENT

പറവൂർ ∙ വി.ഡി.സതീശൻ എംഎൽഎ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതു പറവൂരിനെ ആവേശത്തിലാഴ്ത്തി. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ പൊതുവായ ആഹ്ലാദപ്രകടനങ്ങൾ ഉണ്ടായില്ലെങ്കിലും വലിയ ആവേശത്തിലായിരുന്നു പ്രവർത്തകർ.  കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നു പറവൂരിലെത്തിയ പ്രതിപക്ഷ നേതാവിനെ നഗരസഭാധ്യക്ഷ വി.എ.പ്രഭാവതി, ഉപാധ്യക്ഷൻ എം.ജെ.രാജു, മുൻ നഗരസഭാധ്യക്ഷൻ രമേഷ് ഡി.കുറുപ്പ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്.രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.

ഓഫിസില്‍  ഒട്ടേറെ പ്രവർത്തകർ എത്തിയിരുന്നു. മന്ത്രിപദം ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ എംഎൽഎയ്ക്കു ലഭിക്കുമെന്നു പറവൂർ നിവാസികൾ വിശ്വസിച്ച ഒട്ടേറെ സന്ദർഭങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സതീശൻ മന്ത്രിയാകുമെന്ന് ഉറച്ചു വിശ്വസിച്ചവരാണ് പറവൂർക്കാർ. പക്ഷേ, അന്നെല്ലാം നിരാശയായിരുന്നു ഫലം. സ്ഥാനങ്ങൾ സതീശനിൽ നിന്ന് അകന്നുപോയെങ്കിലും ഓരോ തവണയും തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ഭൂരിപക്ഷം നൽകി പറവൂർക്കാർ അദ്ദേഹത്തെ ജയിപ്പിച്ചു.

ഇപ്പോൾ കൈവന്ന പ്രതിപക്ഷ നേതൃസ്ഥാനം അൽപം വൈകിയാണെങ്കിലും ഈ നാടിനു ലഭിച്ച അംഗീകാരമായി. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശൻ എംഎൽഎയെ യുഡിഎഫ് ഘടകകക്ഷികൾ  അനുമോദിച്ചു.  അർഹതയ്ക്കുള്ള അംഗീകാരമാണ് ഇതെന്നും സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് ഉയിർത്തെഴുന്നേൽക്കുമെന്നും ഘടകകക്ഷി നേതാക്കളായ ടി.കെ.ഇസ്മായിൽ, കെ.കെ.അബ്ദുല്ല (മുസ്‌ലിം ലീഗ്), റോഷൻ ചാക്കപ്പൻ (കേരള കോൺഗ്രസ്), സുഗതൻ മാല്യങ്കര (ജനതാദൾ), എ.എം.സെയ്ദ് (ഫോർവേഡ് ബ്ലോക്ക്), ശ്രീകാന്ത് (ആർഎസ്പി) എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com