ADVERTISEMENT

കാക്കനാട്∙ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ പ്രചാരണച്ചെലവും തിരഞ്ഞെടുപ്പു നിരീക്ഷകർ സ്വന്തം നിലയിൽ ശേഖരിച്ച ചെലവും തമ്മിൽ ഒത്തു പോകാതായതോടെ പല സ്ഥാനാർഥികളും കണക്കൊപ്പിക്കാൻ നെട്ടോട്ടത്തിൽ. സ്ഥാനാർഥികളുടെ കണക്കു പരിശോധന കലക്ടറേറ്റിൽ ആരംഭിച്ചു. കേന്ദ്ര ചെലവു നിരീക്ഷകരുടെ കീഴിൽ ഇവിടെ നിയമിക്കപ്പെട്ട സഹ നിരീക്ഷകരാണ് ആദ്യഘട്ടത്തിൽ കണക്കു പരിശോധിക്കുന്നത്. ചില സ്ഥാനാർഥികൾ സമർപ്പിച്ച കണക്കും നിരീക്ഷകർ മണ്ഡലങ്ങളിൽ സഞ്ചരിച്ചു തയാറാക്കിയ കണക്കും തമ്മിൽ ലക്ഷങ്ങളുടെ വ്യത്യാസം കണ്ടെത്തി. ഇവയൊക്കെ പരിഹരിക്കാൻ അവസരം നൽകുന്നുണ്ട്.

നോട്ടിസും പോസ്റ്ററും ബാനറും ബോർഡും മുതൽ പ്രചാരണ വാഹനങ്ങളുടെയും പൊതു സമ്മേളനങ്ങളുടെയും വരെ കണക്കുകളാണു സ്ഥാനാർഥികൾ സമർപ്പിച്ചത്. പ്രചാരണ വേളയിൽ നിരീക്ഷകർ വിഡിയോയിൽ പകർത്തിയ സമ്മേളനങ്ങളുടെ നടത്തിപ്പു കണക്കു സ്ഥാനാർഥിയുടെ കണക്കിൽ ചേർക്കാത്തതും കണ്ടെത്തി. മുൻനിര നേതാക്കൾ പങ്കെടുത്ത സമ്മളനങ്ങൾ കണക്കിൽ ഉൾപ്പെടുത്താത്ത സ്ഥാനാർഥികളുണ്ട്. പരിശോധകർ തെളിവു സഹിതം ചൂണ്ടിക്കാട്ടിയപ്പോൾ ക്ഷമാപണത്തോടെ അതുകൂടി ചേർത്തു സ്ഥാനാർഥികൾ തലയൂരി.

തിരഞ്ഞെടുപ്പു കമ്മിഷന്റെ അവസാന റൗണ്ട് പരിശോധനയിൽ സ്ഥാനാർഥികൾ കുരുക്കിലാകാതിരിക്കാനാണു സഹ നിരീക്ഷകരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തുന്നത്.  കോവിഡ് വ്യാപനം മൂലം കേന്ദ്ര ചെലവു നിരീക്ഷകർ ഇത്തവണ നേരിട്ടു കണക്കു പരിശോധനയ്ക്കെത്താൻ സാധ്യതയില്ല. ഓൺലൈനിൽ ഇവരെ ഈ ആഴ്ച തന്നെ കണക്കു ബോധ്യപ്പെടുത്തും.  ഫലം പ്രഖ്യാപിച്ചു 30 ദിവസത്തിനകം പ്രചാരണച്ചെലവിന്റെ കണക്കു നൽകണമെന്നാണു ചട്ടം. ഇതു പാലിച്ചില്ലെങ്കിൽ 6 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വിലക്ക് ഉൾപ്പെടെയാണു ശിക്ഷ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com