ADVERTISEMENT

മൂവാറ്റുപുഴ∙ ആറൂർ കോളനിക്കു സമീപത്തെ കുന്നിൽ നിന്ന് ഉരുൾപൊട്ടലിനു സമാനമായി കൂറ്റൻ പാറകളും കല്ലും മണ്ണും താഴേക്കു പതിച്ചു വൻ നാശനഷ്ടം. കുന്നിനു താഴെയുള്ള 6 വീടുകൾ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെയാണ് സ്ഫോടന ശബ്ദത്തോടെ പാറയും മരങ്ങളും വെള്ളത്തോടൊപ്പം താഴേക്കു പതിച്ചതെന്നു നാട്ടുകാർ പറഞ്ഞു. കൂറ്റൻ പാറ താഴേക്കു പതിച്ചതോടെ വൻ മരങ്ങളും ഇതിനൊപ്പം കടപുഴകി താഴേക്കു വീണു.

ആറൂരിലെ കുന്നിൽ നിന്നു താഴേക്കു പതിച്ച കൂറ്റൻ പാറകളിൽ ഒന്ന്

ആറൂർ ടോപ്പിൽ  വ്യക്തിയുടെ റബർ തോട്ടത്തിനു മുകളിലുള്ള കുന്നിൽ ആണ് മണ്ണൊലിപ്പ് ഉണ്ടായത്. കുന്നിനു താഴേക്ക് 500 മീറ്ററോളം മണ്ണും കല്ലും താഴേക്കു പതിച്ചു. രണ്ടേക്കറോളം ഭാഗത്തെ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഇതിൽ പലതും കൂറ്റൻ മരങ്ങളാണ്. റബർ മരങ്ങളും നശിച്ചിട്ടുണ്ട്. ആറൂർ കോളനിക്കു മുകളിലെ കുന്നിൽ നിന്ന് 6 മാസം മുൻപ് കൂറ്റൻ പാറ താഴേക്കു പതിച്ചിരുന്നു. അന്ന് വീട്ടമ്മയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പഞ്ചായത്ത് കുന്നിൽ ഏതു നിമിഷവും താഴേക്കു പതിക്കാവുന്ന കൂറ്റൻ പാറ അപകടം കൂടാതെ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് റവന്യു വകുപ്പിനും ജിയോളജി വകുപ്പിനും പരാതി നൽകിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂറിന്റെ നേതൃത്വത്തിൽ ജിയോളജി വകുപ്പ് ഓഫിസിൽ പലവട്ടം നേരിൽ പോയി പരാതി പറഞ്ഞെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതിനിടയിലാണ് ഇന്നലെ പാറ താഴേക്കു പതിച്ചത്. ശക്തമായ മഴ പെയ്താൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ പറഞ്ഞു. താഴെയുള്ള 6 വീടുകളിൽ താമസിക്കുന്നവർ കടുത്ത ആശങ്കയിലാണ്. ആറൂർ ടോപ്പിൽ എംസി റോഡരികിൽ ഉള്ള കുന്നിൽ നിന്ന് മണ്ണിടിഞ്ഞു വീണ് റോഡ് തടസ്സപ്പെടുന്നത് എല്ലാ കാലവർഷത്തിലും പതിവാണ്. മരങ്ങൾ വെട്ടിമാറ്റുന്നതും അനധികൃത നിർമാണവുമാണ് കുന്നിൽ മണ്ണൊലിപ്പ് ഉണ്ടാകാനുള്ള കാരണമെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com