ജീർണിച്ച തലയെടുപ്പ്; ആലുവയിലെ കെട്ടിടം അപകാവസ്ഥയിൽ
Mail This Article
ആലുവ∙ നഗരസഭയുടെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളിൽ ഒന്നാണു 45 വർഷം മുൻപു പാലസ് റോഡിൽ കൊട്ടാരക്കടവിനു സമീപം നിർമിച്ച ഷോപ്പിങ് കോംപ്ലക്സ്. അറ്റകുറ്റപ്പണിയുടെ അഭാവം മൂലം ഇന്ന് അടിത്തറ മുതൽ മേൽക്കൂര വരെ തകർച്ചയിൽ. 20 വർഷത്തിനിടെ പുനരുദ്ധാരണം നടന്നിട്ടില്ല. 1976ൽ റെസ്റ്റ് ഹൗസ് കം ഷോപ്പിങ് കോംപ്ലക്സ് ആയി നിർമിച്ച ഇവിടെയാണ് ഏറെക്കാലം ഫെഡറൽ ബാങ്ക് ഹെഡ് ഓഫിസ് പ്രവർത്തിച്ചത്.
അന്ന് ആലുവയിലെ ഏറ്റവും നീളമുള്ള 3 നില കെട്ടിടം ഇതായിരുന്നു. ഫെഡറൽ ബാങ്ക് സ്വന്തം കെട്ടിടത്തിലേക്കു മാറിയെങ്കിലും ബാങ്കിന്റെ 3 ഡിപ്പാർട്മെന്റുകൾ ഇപ്പോഴും ഒന്നാം നിലയിൽ തുടരുന്നു. ഗ്രൗണ്ട് ഫ്ലോറിൽ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളും രണ്ടാം നിലയിൽ പരീക്ഷാ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. പാർക്കിങ് ഏരിയയിലെ തൂണുകൾക്കു തുരുമ്പിച്ച കമ്പികളുടെ പിൻബലം മാത്രം.
കോൺക്രീറ്റ് ഏറെക്കുറെ പൂർണമായും അടർന്നുപോയി. മുകളിലെ കോൺക്രീറ്റ് പാളികളുടെ അവസ്ഥയും അതു തന്നെ. ഭിത്തികളിൽ നിറയെ വിള്ളൽ. അതിലൂടെ ആൽ വളർന്നു ശിഖരങ്ങൾ പുറത്തേക്കു തലനീട്ടി. മേൽക്കൂരയിൽ 10 വർഷം മുൻപു വിരിച്ച ഷീറ്റുകൾ പകുതിയിലേറെയും നശിച്ചു. ഷോപ്പിങ് കോംപ്ലക്സിന്റെ പിൻഭാഗം കാടുകയറി കിടക്കുന്നു. പരിസരമാകെ മലിനജലവും മാലിന്യങ്ങളും.
2 മാസം മുൻപു ചുഴലിക്കാറ്റിൽ കെട്ടിടത്തിനു മുൻപിലെ തണൽ മരങ്ങൾ കടപുഴകി. ശിഖരങ്ങൾ വെട്ടിമാറ്റിയെങ്കിലും കടക്കുറ്റികൾ നീക്കിയിട്ടില്ല. അവ റോഡിലേക്കു തള്ളി നിൽക്കുകയാണ്. തന്മൂലം കടകളുടെ മുൻപിൽ വാഹനം പാർക്ക് ചെയ്യാനും അകത്തേക്ക് ആളുകൾക്കു കയറാനും പ്രയാസമാണ്. രാത്രി വാഹനം ഓടിക്കുന്നവർക്കു മരക്കുറ്റികൾ പെട്ടെന്നു കാണാനാവില്ല. ശിവരാത്രി സമയത്ത് ഇവിടെ ആരംഭിച്ച കാനയുടെ പണിയും ഇതുവരെ പൂർത്തിയായിട്ടില്ല.