വഴിയോര കച്ചവടം ഒഴിപ്പിച്ചു; നഗരസഭയുടെ നടപടി ആലുവ മാർക്കറ്റ് പരിസരത്ത്
Mail This Article
ആലുവ∙ മാർക്കറ്റ് പരിസരത്തെ വഴിയോര കച്ചവടക്കാരെ നഗരസഭയും പൊലീസും ചേർന്ന് ഒഴിപ്പിച്ചു. മർച്ചന്റ്സ് അസോസിയേഷനും പരിസരവാസികളും ഏറെക്കാലമായി ഇതിനെതിരെ പരാതിപ്പെടുന്നു. മുൻ കൗൺസിലിന്റെ കാലത്തു പലവട്ടം ഇവരെ നീക്കിയെങ്കിലും പിന്നീടു തിരിച്ചെത്തി.
ബൈപാസ് മേൽപാലത്തിനു താഴെ സർവീസ് റോഡും മെട്രോ നടപ്പാതയും കയ്യേറി കച്ചവടം നടത്തുന്നതും പുൽത്തകിടികളും പൂച്ചെടികളും നശിപ്പിക്കുന്നതും മാലിന്യം തള്ളുന്നതും പതിവായതോടെയാണു നഗരസഭ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്. തുടർന്നു കച്ചവടക്കാർക്കു മുന്നറിയിപ്പു നോട്ടിസ് നൽകിയെങ്കിലും ആരും മാറിയില്ല.
വഴിയോരക്കടകളും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ അനധികൃത പാർക്കിങ്ങും മൂലം സർവീസ് റോഡിൽ ഇരു വശത്തേക്കും ഗതാഗതം അസാധ്യമാകുന്ന സന്ദർഭങ്ങളുണ്ടായി. നഗരസഭ പിടിച്ചെടുത്ത സാധനങ്ങൾ തോട്ടയ്ക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ സൂക്ഷിച്ചിരിക്കുകയാണ്.വ്യാപാരികൾക്കു പിഴയടച്ചു തിരിച്ചെടുക്കാൻ അവസരം നൽകുമെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു. ആവർത്തിച്ചാൽ ദാക്ഷിണ്യമില്ലാത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.
ഒഴിപ്പിക്കൽ നടപടിക്കു പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്ഐ പി. സുരേഷ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ.വി. പ്രേംനവാസ്, ഇൻസ്പെക്ടർ എം.പി. ഷാഹിർ, ജെഎച്ച്ഐമാരായ വി.എം. സീന, അഖിൽ ജിഷ്ണു, പി.വി. സൂരജ്, കെ.എസ്. ആസിഫ് എന്നിവർ നേതൃത്വം നൽകി. ആലുവയിൽ നിന്നു പെരുമ്പാവൂർക്കുള്ള ദേശസാൽകൃത, സ്വകാര്യ റൂട്ടുകളിലെ വഴിയോര കച്ചവടക്കാരെയും ഉടൻ നീക്കണമെന്നു മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഇ.എം. നസീർ ബാബു, എ.ജെ. റിയാസ്, ജോണി മൂത്തേടൻ എന്നിവർ ആവശ്യപ്പെട്ടു.
രണ്ടിടത്തും ഇതുമൂലം ഗതാഗതക്കുരുക്കു മാത്രമല്ല, വാഹനാപകടങ്ങളും മരണവും ഉണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞു. നഗരസഭയുടെ നടപടിയിൽ കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) മേഖല കമ്മിറ്റി പ്രതിഷേധിച്ചു.