ADVERTISEMENT

കൊച്ചി ∙ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും ജില്ലയൊന്നാകെ വിറച്ചപ്പോൾ ഏറ്റവും കൂടുതൽ നാശമുണ്ടായതു കോട്ടുവള്ളി– ആലങ്ങാട് മേഖലയിൽ. ഏകദേശം 1.25 കോടിയോളം രൂപയുടെ നഷ്ടം ഇവിടെ മാത്രം സംഭവിച്ചതായാണു പ്രാഥമിക വിലയിരുത്തൽ. ജില്ലയിൽ വ്യാപകമായി വീടുകൾ തകർന്നു; വൻതോതിൽ കൃഷി നാശവുമുണ്ടായി. പൂർണമായും ഭാഗമായും തകർന്നത് മുന്നൂറിലേറെ വീടുകൾ. കനത്ത മഴയെത്തുടർന്നു പുഴകളിൽ ജലവിതാനം ഉയർന്നു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. വാഹനങ്ങൾ മരം വീണു തകർന്നു. ഗതാഗത തടസ്സവുമുണ്ടായി.

ernakulam-aluva-temple
പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ മണപ്പുറം മഹാദേവ ക്ഷേത്ര പരിസരം മുങ്ങിയപ്പോൾ.

വിറച്ച് തത്തപ്പിള്ളി– നീറിക്കോട്

കോട്ടുവള്ളി– ആലങ്ങാട് മേഖലയിൽ പുലർച്ചെ നാലോടെ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ തത്തപ്പിള്ളി, നീറിക്കോട്, കരിങ്ങാംതുരുത്ത്, കൊടുവഴങ്ങ, ചെറിയപ്പിള്ളി തുരുത്ത്, കരുമാലൂർ പുതുക്കാട് തുടങ്ങിയ പ്രദേശങ്ങളാണു കനത്ത നാശം ഏറ്റുവാങ്ങിയത്. മരങ്ങൾ കടപുഴകി വീണു മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. വ്യാപാര സ്ഥാപനങ്ങൾക്കും പള്ളികൾക്കും നാശം സംഭവിച്ചു. അഗ്നിരക്ഷാ സേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ റോഡുകളിൽ വീണ മരങ്ങൾ മുറിച്ചു നീക്കി. തത്തപ്പിള്ളി എട്ടാം വാർഡ് പ്രദേശത്താണു കൂടുതൽ നാശനഷ്ടം. വാർഡിലെ ഭൂരിഭാഗം പ്രദേശങ്ങളും ചുഴലിക്കാറ്റ് തകർത്തെറിഞ്ഞു. നാട്ടുകാരിൽ പലരും ബന്ധുവീടുകളിൽ അഭയം തേടി.

വ്യാപക കൃഷിനാശം

കൂത്താട്ടുകുളം– പാലാ റോഡിൽ കടപുഴകി വീണ വലിയ മരം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു മുറിച്ചു നീക്കുന്നു.

അങ്കമാലി മേഖലയിൽ കറുകുറ്റി സാൻജോ ഭവൻ കോൺവെന്റിൽ ഒട്ടേറെ മരങ്ങൾ മറിഞ്ഞു വീണു. ജാതി, വാഴ, കപ്പ ഉൾപ്പെടെയുളള കൃഷി നാശമുണ്ട്. തുറവൂർ പഞ്ചായത്തിലെ പവിഴപ്പൊങ്ങ് ഭാഗത്തു കാറ്റിൽ ജാതി ഉൾപ്പെടെയുള്ള കൃഷികൾക്കു നാശമുണ്ടായി. കറുകുറ്റി റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപം ഹോട്ടലിനു മുന്നിൽ മരം കടപുഴകി വീണു. ബോർഡ് മറിഞ്ഞു വീണു ഹോട്ടലിന്റെ ഗേറ്റ് തകർന്നു. മഴ‍ുവന്ന‍‍ൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മരം വീണ‍് 15 വീട‍ുകൾ തകർന്ന‍‍ു. ന‍‍ൂറോളം വൈദ്യ‍ുത പോസ്‍റ്റ‍ുകൾ ഒടിഞ്ഞ‍ു. 150 മീറ്റർ വീതിയിൽ കാറ്റ‍ു കടന്ന‍‍ു പോയ പ്രദേശങ്ങളിലെ മരങ്ങൾ നിലംപൊത്തി. തെങ്ങ്, കമ‍‍ുക്, റബർ, ജാതി, വാഴ ത‍ുടങ്ങിയ കൃഷി വ്യാപകമായി നശിച്ച‍ു. തേക്ക്, ആഞ്ഞിലി ഉൾപ്പെടെ വൻ മരങ്ങൾ കടപ‍ുഴകി.

ഒടിഞ്ഞു വീണ് പോസ്റ്റുകൾ

കൈപ്പട്ടൂർ ഇഞ്ചയ്ക്ക കവലയിൽ വഴിക്കു കുറുകെ കാറ്റത്തു മറിഞ്ഞു വീണ മരം ക്രെയിൻ ഉപയോഗിച്ചു മാറ്റുന്നു.

കാലടി പഞ്ചായത്തിലെ കൈപ്പട്ടൂർ, മേക്കാലടി ഭാഗത്തു കനത്ത നാശനഷ്ടമുണ്ടായി. പല സ്ഥലത്തും മരങ്ങൾ ഒടിഞ്ഞു വീണു. 22 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ആളപായമില്ല. ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ പല മരങ്ങളുടെയും ശിഖരങ്ങൾ ഒടിഞ്ഞു വീണു. കുലച്ച 200 വാഴകൾ നശിച്ചു. 8 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. കൈപ്പട്ടൂർ പരിശുദ്ധ വ്യാകുല മാതാ പള്ളിയിലെ 10 ജാതി മരങ്ങൾ കടപുഴകി വീണു. ചുഴലിക്കാറ്റിൽ പെരുമ്പാവൂർ മേഖലയിൽ ഒക്കൽ, കൂവപ്പട, മുടക്കുഴ പഞ്ചായത്തുകളിലാണ് നാശമുണ്ടായത്. പെരുമ്പാവൂർ നഗരത്തിൽ വിഐപി കോളനിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സഞ്ചാരം അസാധ്യമായി.

കടപുഴകി വൻ മരങ്ങൾ

മൂവാറ്റുപുഴ മേഖലയിലെ കല്ലൂർക്കാട്, വാളകം, പായിപ്ര പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇരുപതോളം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. റബർ മരങ്ങളും വൻ മരങ്ങളും കടപുഴകി വീണു. ജാതി, റബർ, വാഴ കൃഷികൾ നശിച്ചു. കല്ലൂർക്കാട്, വാളകം പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.

വൈപ്പിൻ മേഖലയിൽ നായരമ്പലം വെളിയത്ത് പറമ്പ് കടപ്പുറം മേഖലയിൽ 5 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ എട്ടാം വാർഡായ ചെങ്ങര കോലാംകുടി വിശ്വകർമ്മ പ്രദേശത്തു 12 വീടുകൾക്കു മരങ്ങൾ വീണു നാശമുണ്ടായി. 1500 റബർ മരങ്ങളും ആയിരത്തോളം വാഴകളും 75 ജാതിമരങ്ങളും 25 തെങ്ങുകളും 30 കമുകും തേക്ക്, ആഞ്ഞിലി, പ്ലാവ് മരങ്ങളും നിലംപൊത്തി.

ജലനിരപ്പ് ഉയർന്ന് പെരിയാർ

ആലുവയിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. സമുദ്ര നിരപ്പിനേക്കാൾ 2 മീറ്ററോളം ഉയരത്തിലാണു പുഴ ഒഴുകുന്നത്. ചെളിയുടെ അളവ് 60 എൻടിയു ആയി. തിങ്കളാഴ്ച രേഖപ്പെടുത്തിയതു 15 എൻടിയു. മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ മുറ്റം വെള്ളം കയറി മുങ്ങി. പുഴ കരകവിഞ്ഞിട്ടില്ല. കിഴക്കു നിന്നു വെള്ളം കലങ്ങിമറിഞ്ഞാണ് എത്തുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com