കൊച്ചി നഗരത്തിന്റെ ഹൃദയത്തുടിപ്പായ സെന്റ് ആൽബർട്സ് ക്യാംപസിന് 75 ന്റെ യൗവനം
Mail This Article
കൊച്ചി ∙ നഗരത്തിന്റെ ഹൃദയത്തുടിപ്പായ സെന്റ് ആൽബർട്സ് ക്യാംപസിന് 75 വയസ്സ്. ഒട്ടേറെ പ്രതിഭകളെ ലോകത്തിനു സംഭാവന നൽകിയ നഗരഹൃദയത്തിലെ ക്യാംപസ് പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിലാണ്. ഔദ്യോഗികമായി എറണാകുളം ജില്ല രൂപീകൃതമാകുന്നതിനു മുൻപു തന്നെ വരാപ്പുഴ രൂപതയ്ക്കു കീഴിൽ രൂപം കൊണ്ടതാണ് ഇന്നത്തെ സെന്റ് ആൽബർട്സ് കോളജ്. എംജി സർവകലാശാലയ്ക്കു കീഴിൽ 30 ഡിഗ്രി, 16 പിജി, 10 പിഎച്ച്ഡി കോഴ്സുകളിലായി 3,500 വിദ്യാർഥികളാണ് ഇവിടെ ഇന്നു പഠിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. എം.എ.സോളമൻ പറഞ്ഞു.
1892ൽ പ്രവർത്തനം തുടങ്ങിയ സെന്റ് ആൽബർട്സ് ഹൈസ്കൂളാണ് പിന്നീട് മദ്രാസ് സർവകലാശാലയുടെ അംഗീകാരത്തോടെ കോളജായി മാറിയത്. വരാപ്പുഴ ആർച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ഉൽസാഹം കൂടിയായപ്പോൾ നാടിന്റെ സ്വന്തം കോളജായി ആൽബർട്സ് വളരുകയായിരുന്നു. 1946 ജൂലൈ 16ന് മദ്രാസ് സർവകലാശാലയ്ക്കു കീഴിൽ പ്രവർത്തനം തുടങ്ങുമ്പോൾ ഇന്റർമീഡിയറ്റ് കോഴ്സുകളിലായി 150 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. പ്രഫ. എൽ. എം.പൈലി ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. മോൺ. ജോസഫ് വൈപ്പിശ്ശേരി മാനേജരും. 2016ൽ കോളജിന് ഓട്ടോണമസ് പദവി ലഭിച്ചു.
ജസ്റ്റിസ് കെ.ടി.തോമസ്, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സുനിൽ തോമസ്, ജസ്റ്റിസ് സി.എസ്. ഡയസ്, അഭിഭാഷകനായ കെ.പി.ദണ്ഡപാണി, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സ്ഥാപകൻ ഡോ. വർഗീസ് പുളിക്കൻ, ആർച്ച് ബിഷപ് ഫ്രാൻസിസ് കല്ലറയ്ക്കൽ, രാഷ്ട്രീയ പ്രവർത്തകരായ എ.സി. ജോസ്, ഡൊമനിക് പ്രസന്റേഷൻ, ടോണി ചമ്മണി, എഴുത്തുകാരൻ വൈശാഖൻ, സംവിധായകൻ ഭദ്രൻ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ്, സംഗീത സംവിധായകൻ ബിജിബാൽ, നടൻമാരായ കൊച്ചിൻ ഹനീഫ, ടിനി ടോം, ധർമജൻ ബോൾഗാട്ടി തുടങ്ങി ഒട്ടേറെ പ്രഗത്ഭരെ വാർത്തെടുത്ത കലാലയം കൂടിയാണ് സെന്റ് ആൽബർട്സ്. ആഘോഷപരിപാടികൾ ഇന്ന് 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.