കോട്ടപ്പുറത്ത് വാഹനാപകടം; ഒരാൾക്കു ഗുരുതര പരുക്ക്
Mail This Article
ആലങ്ങാട് ∙ മിനിലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ് വാൻ ഓടിച്ചിരുന്ന കരുമാലൂർ മനയ്ക്കപ്പടി മന്നമ്പലം വീട്ടിൽ വിശ്വനാഥനെ ഗുരുതര പരുക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആലുവ– പറവൂർ പ്രധാന പാതയിൽ കോട്ടപ്പുറം കവലയ്ക്കു സമീപം വച്ച് ഇന്നലെ രാവിലെയായിരുന്നു അപകടം. ആലുവയിൽ നിന്നു പറവൂർ ഭാഗത്തേക്കു പോകുകയായിരുന്ന മിനിലോറി എതിരെ വന്ന പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിക്കപ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. നിയന്ത്രണം തെറ്റിയ മിനിലോറി റോഡിനു കുറുകെ മറിഞ്ഞു.മിനിലോറിയിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. തുടർന്നു പൊലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മറിഞ്ഞ മിനിലോറി ക്രെയിൻ ഉപയോഗിച്ചു നീക്കം ചെയ്തു.