ദിലീഷിനും സുധീഷിനും സഹായ പ്രവാഹം; മോഷണത്തെ തുടർന്നു പ്രതിസന്ധിയിലായ ജീവിതം വീണ്ടും കെട്ടിപ്പടുക്കും
Mail This Article
ആലുവ∙ തട്ടുകടയിലെ മോഷണത്തെ തുടർന്നു പ്രതിസന്ധിയിലായ സുഹൃത്തുക്കൾ വീണ്ടും ജീവിതം കെട്ടിപ്പടുക്കും. ഇവരെ കുറിച്ചു മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത കണ്ടു സഹായഹസ്തം നീട്ടിയവരേറെ. അനാരോഗ്യം മൂലം ജോലി വിടേണ്ടി വന്ന ദിലീഷും സുധീഷും ചേർന്നു കമ്പനിപ്പടിയിൽ തുടങ്ങിയ തട്ടുകടയിലെ സാധനസാമഗ്രികൾ, ചികിത്സയ്ക്കായി കട ഒരാഴ്ച അടച്ചിട്ടപ്പോൾ മോഷണം പോയിരുന്നു. ദിലീഷിന്റെ അമ്മയുടെ കമ്മലുകൾ വിറ്റു കിട്ടിയ പണം കൊണ്ടാണു കട തുടങ്ങിയത്.
ഇനി വിൽക്കാൻ അമ്മയ്ക്ക് ആഭരണം ഇല്ലാത്തതിനാൽ കൊണ്ടുപോയവ തിരികെ തരണമെന്നായിരുന്നു മോഷ്ടാവിനോടുള്ള അഭ്യർഥന. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഇവരെ തേടി ആദ്യമെത്തിയത്. നഷ്ടപ്പെട്ട ബാറ്ററികളും റൈസ് കുക്കറുകളും വാങ്ങി നൽകാമെന്നു പറഞ്ഞ അദ്ദേഹം കട വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പുകൾ നടത്താൻ നിർദേശിച്ചു മടങ്ങി. കളമശേരി അഭയ ഓൾഡ് ഏജ് ഹോം മാനേജിങ് ട്രസ്റ്റി കെ.സി. തോമസ് 8000 രൂപയും വൃക്കദാനത്തിലൂടെ ശ്രദ്ധേയയായ തായിക്കാട്ടുകര സ്വദേശി ഡീന 2500 രൂപയും നൽകി.
ആലുവയിലെ ഇന്റർനാഷനൽ സ്കൂൾ ഓഫ് വെൽഡിങ് എംഡി എസ്എൻ പുരം സ്വദേശി ജോജി ജോസഫ് ഒരാഴ്ചയ്ക്കുള്ളിൽ ഇവർക്കു പുതിയ തട്ടുകട നിർമിച്ചു നൽകാമെന്നേറ്റു. ദേശീയപാതയോരത്താണു കട എന്നതിനാൽ അഴിച്ചുമാറ്റാനും കൊണ്ടുനടക്കാനും പറ്റുന്ന തരത്തിലാണു പണിതു നൽകുക. ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, അംഗങ്ങളായ റംല അലിയാർ, ലീന ജയൻ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.പി. നാസർ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം രാജു കുംബ്ലാൻ എന്നിവരും യുവ സംരംഭകരെ സഹായിക്കാൻ രംഗത്തെത്തി.