ADVERTISEMENT

കൊച്ചി∙മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി ആരാധകർ. ഇന്നലെ പുലർച്ചെ മുതൽ ആരാധകർ എളംകുളത്തെ മമ്മൂട്ടിയുടെ വീടിനു മുന്നിൽ ആശംസകളുമായി എത്തി. മമ്മൂട്ടി സ്ഥലത്തില്ല എന്ന് അറിഞ്ഞിട്ടും ആവേശത്തിനു കുറവ് ഒന്നുമുണ്ടായില്ല. മമ്മൂട്ടിക്കു ജയ് വിളിച്ചും മധുരം പങ്കിട്ടും വീടിനു മുന്നിൽ നിന്നു സെൽഫി എടുത്തും അവർ മടങ്ങി. സാധാരണ ജന്മദിനങ്ങളിൽ മമ്മൂട്ടി വീടിനു പുറത്തിറങ്ങി ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ടെങ്കിലും ഇത്തവണ അതുണ്ടാകാത്തതിന്റെ നിരാശയിലായിരുന്നു പലരും.

ജോലിക്കാർക്കു വേണ്ടി വീടിന്റെ ഗേറ്റ് തുറന്നപ്പോൾ പലരും ഇടിച്ചു കയറി വീടിന്റെ ചിത്രമെങ്കിലും പകർത്താനുള്ള ശ്രമവും നടത്തി. വീടിന്റെ ഗേറ്റിനു സമീപമുള്ള 369 എ നമ്പരിനൊപ്പമായി പിന്നീട് സെൽഫിത്തിരക്ക്. മമ്മൂട്ടിയുടെ എല്ലാ വാഹനങ്ങളുടെയും നമ്പരാണു ഗേറ്റിലുമുള്ളതെന്ന കാരണത്താലായിരുന്നു ഇത്. വൈകിട്ട് സ്പോട്ട് ലൈറ്റുകളുടെ വെട്ടത്തിൽ ഗേറ്റിലെ എം എന്ന അക്ഷരം തിളങ്ങിയതോടെ സെൽഫിയുടെ അച്ചുതണ്ട് സ്വർണ നിറത്തിലുള്ള അക്ഷരത്തിലായി.

മലയാളത്തിലെ ബിഗ് എമ്മിന്റെ വീട്ടിനു മുന്നിൽ നിന്ന് എന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളിലേക്ക്. ജില്ലകൾ കടന്നും ആരാധകർ താരത്തെ കാണാനായി എത്തിയിരുന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടിനു മുന്നിൽ കേക്ക് മുറിച്ചു വിതരണം ചെയ്തു. ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒട്ടേറെ  ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി.  തോപ്പുംപടിയിൽ തെരുവിൽ കഴിയുന്നവർക്കു പുത്തൻ വസ്ത്രങ്ങൾ നൽകി.

എറണാകുളം ഐഎംഎ ബ്ലഡ് ബാങ്കിൽ ആരാധകരുടെ നേതൃത്വത്തിൽ രക്ത ദാന ക്യാംപും നടത്തി. ഫാൻസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂനമ്മാവ് സ്പെഷൽ സ്കൂളിൽ‌ കേക്കും വസ്ത്രങ്ങളും  വിതരണം ചെയ്തു. ഉച്ചയ്ക്കു ശേഷം എറണാകുളത്തു പരിസര പ്രദേശങ്ങളിലും തെരുവു കഴിയുന്നവർക്കു ഭക്ഷണവും വസ്ത്രവും നൽകി. സംസ്ഥാന സെക്രട്ടറി ഷാനവാസ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഇംതിയാസ് അഹമ്മദ്, നിഷ മധു, പ്രവീണ, എൻ.എം.അഫ്സൽ, ജോൺ, സൽമാൻ, അനീഷ്, എ.എസ്.ആർ.അബ്ദുല്ല, സൈന അനീഷ്, ബിസ്സി ജോസഫ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com