ആരെയും ഒഴിവാക്കുന്നതല്ല, ഉത്തരവാദിത്തങ്ങൾ നേതാക്കളിലേയ്ക്കു വികേന്ദ്രീകരിക്കുക ലക്ഷ്യം: സുധാകരൻ
Mail This Article
കൊച്ചി ∙ ആരെയും ഒഴിവാക്കുന്നതിനല്ല, ഉത്തരവാദിത്തങ്ങൾ കൂടുതൽ നേതാക്കളിലേയ്ക്കു വികേന്ദ്രീകരിക്കാനാണു നേതൃസ്ഥാനങ്ങളിൽ അഴിച്ചുപണി നടത്തുന്നതെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടിയോടുള്ള സമർപ്പണമാണ് അച്ചടക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അച്ചടക്കമുള്ള പാർട്ടി സംവിധാനം നടപ്പാക്കി പരിചയമുള്ളയാളാണു താൻ. ജനങ്ങളുടെയും പാർട്ടി അനുഭാവികളുടെയും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനായി നടത്തുന്ന പ്രയത്നങ്ങൾക്ക് 6 മാസത്തിനുള്ളിൽ ഫലം കണ്ടു തുടങ്ങുമെന്നും കോൺഗ്രസ് ജില്ലാ യോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
മുൻപ് എല്ലാവരെയും തൃപ്തിപ്പെടുത്തി കെപിസിസി വിശാല എക്സിക്യൂട്ടീവ് രൂപീകരിച്ചെങ്കിലും ആ കമ്മിറ്റിക്കു യോഗം ചേരാൻ പോലും കഴിഞ്ഞില്ല. കാര്യക്ഷമമായ ചർച്ചകൾ നടക്കേണ്ട ഇടമാണ് ഇല്ലാതായത്. പാർട്ടി ഭരണഘടനയെപ്പോലും അവഗണിച്ചു നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയുണ്ടാവില്ല. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ ഉൾപ്പെടെയുള്ള ഉത്തരവാദിത്തം നിർവഹിക്കാനുള്ള കമ്മിറ്റികൾ നിലവിൽ വരും, അദ്ദേഹം പറഞ്ഞു.
പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാത്തവർക്കും ഒരേ നീതി എന്ന രീതി ഇനി കോൺഗ്രസിൽ നടക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി.തോമസ്, നേതാക്കളായ കെ.വി.തോമസ്, കെ.ബാബു, കെ.പി.ധനപാലൻ, ജോസഫ് വാഴയ്ക്കൻ, വി.ജെ.പൗലോസ്, ഡൊമിനിക് പ്രസന്റേഷൻ, അജയ് തറയിൽ, ജയ്സൺ ജോസഫ്, സക്കീർ ഹുസൈൻ, ഐ.കെ.രാജു, ദീപ്തി മേരി വർഗീസ്, എം.ആർ.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: The aim is to decentralize responsibilities to leaders, not exclude anyone: Sudhakaran