ADVERTISEMENT

ആലുവ∙ മണപ്പുറം കേന്ദ്രീകരിച്ചു പെരിയാർ ഇക്കോ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്ന് കലക്ടർ ജാഫർ മാലിക്. പ്രാഥമിക രൂപരേഖ ഉടൻ തയാറാക്കും. അഡ്വഞ്ചർ ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ആലുവയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാരവൻ പാർക്ക്, സൈക്കിൾ ജോഗിങ് ട്രാക്ക്, വ്യായാമ സൗകര്യങ്ങൾ, ടെന്റിങ്, ഫിഷിങ്, ജലകായിക വിനോദങ്ങൾ, തീർഥാടക ടൂറിസം, എക്സിബിഷൻ ഗ്രൗണ്ട് എന്നിവയ്ക്കും ആലുവ അനുയോജ്യമാണെന്നു കലക്ടർ വിലയിരുത്തി. 

ernakulam-anwar-sadath
ആലുവയുടെ ടൂറിസം വികസന സാധ്യതകൾ പരിശോധിക്കാൻ അൻവർ സാദത്ത് എംഎൽഎക്കൊപ്പം പെരിയാറിലൂടെ സ്പീഡ് ബോട്ടിൽ സഞ്ചരിക്കുന്ന കലക്ടർ ജാഫർ മാലിക്.

ടൂറിസം വകുപ്പു പെരിയാറിൽ സംഘടിപ്പിച്ച കയാക്കിങ് സംഗമത്തിന് എത്തിയതായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എംഎൽഎയാണ് ആലുവയുടെ ടൂറിസം വികസന സാധ്യതകൾ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് എംഎൽഎക്കൊപ്പം സ്പീഡ് ബോട്ടിൽ അദ്ദേഹം പരുന്തുറാഞ്ചി മണപ്പുറവും കുട്ടിവനവും ബോട്ട് ജെട്ടിയും സന്ദർശിച്ചു.  അസി. കല‌ക്ടർ സച്ചിൻകുമാർ യാദവ്, ടൂറിസം ജോയിന്റ് ഡയറക്ടർ കെ. രാധാകൃഷ്ണൻ, ഡിടിപിസി സെക്രട്ടറി എസ്. വിജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കയാക്കിങ് സംഗമം, പുഴ ശുചീകരണം 

ആലുവ∙ ലോക വിനോദസഞ്ചാര ദിനാഘോഷത്തിനു മുന്നോടിയായി മണപ്പുറത്തിനു സമീപം പെരിയാറിൽ കയാക്കിങ് സംഗമവും പുഴ ശുചീകരണവും സംഘടിപ്പിച്ചു. പെരിയാറിൽ  ഒഴുകിനടന്ന 16 ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു സന്നദ്ധ സംഘടനയായ പ്ലാൻ @ എർത്തിനു നൽകി. അവർ ഇതു പുനർ ചംക്രമണം നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 39 കയാക്കുകളും 7 സ്റ്റാൻഡ് അപ് പാഡിലുകളും വള്ളങ്ങളും പങ്കെടുത്തു. അൻവർ സാദത്ത് എംഎൽഎ  ഉദ്ഘാടനം ചെയ്തു.

ലോഗോ പ്രകാശനവും കയാക്കിങ് ഫ്ലാഗ് ഓഫും കല‌ക്ടർ ജാഫർ മാലിക് നിർവഹിച്ചു.  അസി. കലക്ടർ സച്ചിൻകുമാർ യാദവ്, ടൂറിസം ജോയിന്റ് ഡയറക്ടർ കെ. രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ ഡീന ഷിബു, ഡിടിപിസി സെക്രട്ടറി എസ്.വിജയകുമാർ, കെ. അനിൽ എന്നിവർ പ്രസംഗിച്ചു.  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പെരിയാർ അഡ്വഞ്ചേഴ്സും സാഹസിക ടൂർ ഓപ്പറേറ്റർമാരായ സാന്റോസ് കിങ്ങും ചേർന്നാണു പരിപാടി സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com