വയസ്സ് 12; കോഡുകളുമായി കൂട്ടുകൂടി മുഹമ്മദ് അമീൻ
Mail This Article
പെരുമ്പാവൂർ ∙ മുഹമ്മദ് അമീൻ, വയസ്സ് 12. ബദൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആറാം ക്ലാസ് വിദ്യാർഥി. ഇതൊന്നുമല്ല ഈ മിടുക്കന്റെ പ്രത്യേകത. കംപ്യൂട്ടർ കോഡിങ് (പ്രോഗ്രാമിങ്) പരിശീലന സ്ഥാപന ഉടമയും പരിശീലകനുമാണ്. പെരുമ്പാവൂർ കണ്ടന്തറ പത്തനായത്ത് പി.കെ. ഷിഹാബുദീന്റെയും റബീനയുടെയും മൂത്ത മകനാണു മുഹമ്മദ് അമീൻ. സോഫ്‌റ്റ്‌വെയർ എൻജിനീയറും ബദൽ വിദ്യാഭ്യാസ സ്ഥാപനമായ ‘ഹാഷ് ഫ്യൂച്ചർ സ്കൂൾ’ ഉടമയുമാണ് ഷിഹാബുദീൻ. ഈ സ്കൂളിലാണു മുഹമ്മദ് അമീൻ പഠിക്കുന്നത്.
2–ാം ക്ലാസ് വരെയാണു സാധാരണ സ്കൂളിൽ പഠിച്ചത്. പിന്നീടു ബദൽ സ്കൂൾ സംവിധാനത്തിലേക്കു മാറി. എട്ടാം വയസ്സിലാണു കോഡിങ് പരിശീലനം ആരംഭിച്ചത്. ഒരു വർഷത്തിനകം പൈതൺ അടക്കം പല പ്രോഗ്രാമിങ് ഭാഷകളും പഠിച്ചെടുത്തു. 9 വയസ്സായപ്പോഴേക്കും കൂട്ടുകാർക്കു പരിശീലനം നൽകുന്ന നിലയിലേക്ക് അമീൻ വളർന്നു.തുടർന്ന് ഓൺലൈനിൽ പരിശീലന ക്ലാസുകൾ തുടങ്ങി. പഠിതാക്കൾ ഏറിയതോടെ എബിസി കോഡേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു.
പിതാവു തുടങ്ങിയ വിൻവിയസ് ടെക്നോ സൊല്യൂഷൻസ് എന്ന കമ്പനിയുടെ കീഴിലാണു സ്ഥാപനം. എൻജിനീയറിങ് ബിരുദധാരികളായ അധ്യാപകർ എബിസി കോഡേഴ്സിലൂടെ വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കുന്നുണ്ട്. ഈ അധ്യാപകർക്കു പരിശീലനം നൽകുന്നത് അമീൻ ആണ്. ഒട്ടേറെപ്പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനമായി എബിസി കോഡേഴ്സിനെ വളർത്തുകയുമാണു ലക്ഷ്യമെന്ന് അമീൻ പറഞ്ഞു.