കൈമാറ്റം മുടങ്ങി; പട്ടിക വിഭാഗങ്ങൾക്ക് നിർമിച്ച വീടുകൾ നശിക്കുന്നു
Mail This Article
പെരുമ്പാവൂർ ∙ കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയാലിൽ പട്ടികജാതി–വർഗ കുടുംബങ്ങൾക്കായി സ്ഥലം വാങ്ങി നിർമിച്ച വീടുകളുടെ കൈമാറ്റം മുടങ്ങിയതോടെ വീടുകളും സ്ഥലവും കാടുകയറി നശിക്കുന്നു. 2005–10 കാലത്ത് വാങ്ങിയ 1.37 ഏക്കർ സ്ഥലവും 2 ഇരുനില വീടുകളുമാണ് നശിക്കുന്നത്. ഗുണഭോക്തൃ സമിതി രൂപീകരിച്ച് കൺവീനറുടെ നേതൃത്വത്തിലാണ് നിർമാണം തുടങ്ങിയത്. 25.50 ലക്ഷം രൂപ കരാറുകാരന് ആദ്യഘട്ടത്തിൽ നൽകി.
2 ഇരുനില വീടുകളും പൂർത്തിയാക്കി. എസ്റ്റിമേറ്റ് തുകയെക്കാൾ കൂടുതൽ തുക ചെലവാക്കിയെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെ 2014–15 കാലത്ത് നിർമാണം നിലച്ചു. തുടർനിർമാണം നിർത്തിവയ്ക്കുകയും ബാക്കി പണം അനുവദിക്കണമെന്നാവശ്യപ്പെട്ടും കരാറുകാരൻ കോടതിയെ സമീപിച്ചതോടെ പദ്ധതി അനിശ്ചിതമായി നിലച്ചു. 40 വീടുകളും പൊതു കളിസ്ഥലവും അങ്കണവാടിയുമായിരുന്നു ലക്ഷ്യം. 2 മുറികളും അടുക്കളയും ശുചിമുറികളുമുള്ള വീടുകളാണ് നിർമിച്ചത്. 4 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണം പൂർത്തിയായിട്ട് 7 വർഷത്തോളമായി. ഗുണഭോക്താക്കൾക്കു നൽകാത്തതിനാൽ ഇവ നശിച്ചു കൊണ്ടിരിക്കുകയാണ്.
നിർമാണം നിലച്ചിട്ടും തുടർഭരണ സമിതികൾ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചില്ലെന്ന് പദ്ധതിക്കു തുടക്കമിട്ട 2005–10 കാലത്തെ പ്രസിഡന്റ് പി.വൈ.പൗലോസ് പറഞ്ഞു. പദ്ധതിയിൽ ഉചിതമായ തീരുമാനമെടുക്കാൻ കോടതി സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ നിർദേശം ലഭിക്കാത്തതിനാൽ പുതിയ പദ്ധതി തയാറാക്കി തുക വകയിരുത്തി ആസൂത്രണ സമിതിയുടെ അംഗീകാരം നേടാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രസിഡന്റ് മിനി ബാബു പറഞ്ഞു.
ബാക്കിയുള്ള സ്ഥലത്ത് ലൈഫ് മിഷന്റെ സഹകരണത്തോടെ വീട് നിർമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് സമർപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. സർക്കാർ നിർദേശ പ്രകാരം സർവേ നടത്തി പദ്ധതി തയാറാക്കി വരികയാണ്. വീടും സ്ഥലവുമില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ അപേക്ഷ പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു വീട് നിർമിക്കാനാണ് ആലോചന. ലൈബ്രറി, അങ്കണവാടി, ഓപ്പൺ എയർ ഓഡിറ്റോറിയവും കളിസ്ഥലവും എന്നിവയും ലക്ഷ്യമാണ്.
കെടുകാര്യസ്ഥതയെന്ന് എൽഡിഎഫ്
യുഡിഎഫ് മുൻ ഭരണ സമിതികളുടെ കെടുകാര്യസ്ഥതയും അഴിമതിക്കു കൂട്ടുനിന്നതുമാണു പട്ടികജാതി കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകാത്തതിനു കാരണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എം.വി.സാജു പറഞ്ഞു. പ്രശ്നങ്ങൾ എത്രയും വേഗത്തിൽ പരിഹരിച്ച് വീടുകൾ പൂർത്തിയാക്കി കൈമാറാൻ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.