സ്റ്റോർ റൂം റെഡി; വൈദ്യുതി എവിടെ?നിർമാണം പൂർത്തിയായി ഒരു വർഷമായിട്ടും വൈദ്യുതി എത്തിയില്ല
Mail This Article
ആലങ്ങാട് ∙ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിലെ സ്റ്റോർ റൂമിന്റെ നിർമാണം പൂർത്തിയായി ഒരു വർഷമായിട്ടും വൈദ്യുതി എത്തിയില്ല. ഷട്ടർ സംവിധാനം ഇപ്പോഴും പ്രവർത്തിക്കുന്നതു പഴയ ജനറേറ്റർ സംവിധാനം ഉപയോഗിച്ച്. വാടകയിനത്തിൽ പാഴായി പോകുന്നതു ലക്ഷങ്ങൾ. നാലര വർഷം മുൻപാണു പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിന്റെ നിർമാണം പൂർത്തിയാകുന്നത്. അന്ന് അശാസ്ത്രീയമായ രീതിയിൽ പെരിയാറിനോടു ചേർന്നു വളരെ താഴ്ത്തിയാണു യന്ത്രങ്ങൾ സ്ഥാപിക്കാൻ സ്റ്റോർ റൂം നിർമിച്ചത്.
രണ്ടു തവണ വെള്ളപ്പൊക്കമുണ്ടായപ്പോൾ സ്റ്റോർ റൂം മുങ്ങി യന്ത്രങ്ങൾ തകരാറിലായി. തുടർന്ന് ഉയർത്തി നിർമിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യപ്രകാരം പാലത്തിനു സമാന്തരമായി പുതിയ നിർമാണം ആരംഭിച്ചു. മാസങ്ങൾക്കു മുൻപു കെട്ടിടം നിർമാണം പൂർത്തിയായി. വേലിയേറ്റ– വേലിയിറക്ക സമയത്തു കൃത്യമായി റഗുലേറ്റർ കം ബ്രിജിലെ ഷട്ടറുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെങ്കിൽ വൈദ്യുതി ആവശ്യമാണ്.
15 ടൺ ഭാരവും 30 അടി വീതിയുമുള്ള 24 ഷട്ടറുകളാണു പുറപ്പിള്ളിക്കാവിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതു മുഴുവനായും ഉയർത്താൻ ജനറേറ്റർ ഉപയോഗിച്ചു സാധിക്കില്ല. അതിനാൽ വൈദ്യുതി ഏർപ്പെടുത്തിയാൽ മാത്രമേ പ്രശ്ന പരിഹാരമാകൂ. സാങ്കേതിക തടസ്സമാണു വൈദ്യുതി എത്തുന്നതു വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.