ജനാഭിമുഖ കുർബാന വേണമെന്ന് വൈദികർ
Mail This Article
കൊച്ചി ∙ ജനാഭിമുഖ കുർബാനയ്ക്ക് എതിരായ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിറിയൻ കാത്തലിക് ലിറ്റർജിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ സിറോ മലബാർ സഭയിലെ വൈദികരുടെ പ്രകടനവും പ്രാർഥനായജ്‍ഞവും. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് എത്തിയ വൈദികർ സിനഡിനു നിവേദനം നൽകി. 20നകം ജനാഭിമുഖ്യ കുർബാനയ്ക്ക് അനുകൂലമായ നടപടിയുണ്ടാകണമെന്നു വൈദികർ ആവശ്യപ്പെട്ടു.
നിവേദനത്തിൽ പറയുന്നത്: ജനാഭിമുഖ കുർബാന അട്ടിമറിക്കുന്ന തീരുമാനങ്ങൾ സ്വീകാര്യമല്ല. ജനാഭിമുഖ കുർബാന അർപ്പിക്കുന്ന രൂപതകൾക്ക് അതു തുടരാൻ അനുമതി നൽകണം.കുർബാന അർപ്പണ രീതിയിൽ ഓരോ രൂപതയിലെയും അഭിപ്രായം രേഖാമൂലം അറിയിക്കാൻ പൗരസ്ത്യ കാര്യാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഷപ്പുമാർ ഇക്കാര്യത്തിൽ നടപടി എടുത്തതായി തെളിവില്ല.മാർപാപ്പയുടെ കത്തിനെ കൽപനയായും തിരുവെഴുത്തായും ചിത്രീകരിച്ചു തെറ്റിദ്ധരിപ്പിച്ച ബിഷപ്പുമാർ അക്കാര്യം പരസ്യമായി ഏറ്റുപറയണം.
കുർബാന അർപ്പണത്തെക്കുറിച്ചു സന്യസ്തരുടെ അഭിപ്രായം കേൾക്കണം. ഇടവകകളിൽ പുതിയ രീതിയിൽ കുർബാന അർപ്പണം 28നു തുടങ്ങണമെന്നതു ദുരുദ്ദേശ്യപരമാണ്. ഫാ. ജോൺ അയ്യങ്കാനയിൽ, ഫാ. രാജൻ പുന്നയ്ക്കൽ, ഫാ. ജോസ് ഇടശേരി, ഫാ. ജോൺ കവലക്കാട്ട്, ഫാ. ഡേവീസ് ചക്കാലയ്ക്കൽ, ഫാ. ജോസ് വടക്കേടം, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ എന്നിവരാണ് നിവേദനത്തിൽ ഒപ്പുവച്ചിട്ടുള്ളത്. എറണാകുളം–അങ്കമാലി, തൃശൂർ അതിരൂപതകളിലെയും ഇരിങ്ങാലക്കുട, പാലക്കാട് രൂപതകളിലെയും വൈദികരാണു പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തത്.
സിനഡിനെ പിന്തുണച്ചും പ്രകടനം
വൈദികരുടെ പ്രാർഥനാ യജ്ഞത്തിനും പ്രതിഷേധത്തിനും വേദിയായ മൗണ്ട് സെന്റ് തോമസിലേക്ക് എറണാകുളം–അങ്കമാലി സഭാ സംരക്ഷണ സമിതി പ്രവർത്തകരും എത്തി. സിനഡ് അംഗീകരിച്ച കുർബാനക്രമം നടപ്പിലാക്കേണ്ടതു വിശ്വാസികളുടെ അവകാശം എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. പരിഷ്കരിച്ച കുർബാനക്രമം ഉടൻ നടപ്പാക്കണമെന്ന് ആർച്ച്ബിഷപ് മാർ ആന്റണി കരിയിലിനോട് ആവശ്യപ്പെട്ട് എറണാകുളം–അങ്കമാലി അതിരൂപതയിലെ ഒരുകൂട്ടം വിശ്വാസികളും അവർക്കൊപ്പം ചേർന്നു.
തെങ്ങോട് നവോദയ ജംക‍്ഷനിൽ കേന്ദ്രീകരിച്ച വൈദികർ പ്രകടനമായി മൗണ്ട് സെന്റ് തോമസ് കവാടത്തിൽ എത്തുന്നതിനു മുൻപേ സഭാ സംരക്ഷണ സമിതി പ്രവർത്തകർ അവിടെ ധർണ ആരംഭിച്ചിരുന്നു. വൈദികരുടെ പ്രകടനം കവാടത്തിലെത്തിയപ്പോൾ സഭാ സംരക്ഷണ സമിതി പ്രവർത്തകർക്കും വൈദികർക്കുമിടയിൽ പൊലീസ് നിലയുറപ്പിച്ചു. ഇരുകൂട്ടരും ഇടയ്ക്കു വാഗ്വാദത്തിലേർപ്പെട്ടപ്പോൾ പൊലീസ് തടഞ്ഞു.
മേജർ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു നിവേദനം നൽകിയിട്ടേ മടങ്ങൂ എന്ന നിലപാടിലായിരുന്നു വൈദികർ. പൊലീസ് ഇടപെട്ടതിനെ തുടർന്നു മേജർ ആർച്ച് ബിഷപ്പിന്റെ പ്രതിനിധികൾ കവാടത്തിലെത്തി ഗേറ്റ് തുറക്കാതെ തന്നെ നിവേദനം കൈപ്പറ്റി. പ്രതിഷേധ യോഗവും ജപമാല പ്രാർഥനയും നടത്തി ഉച്ചയ്ക്കു വൈദികർ പിരിഞ്ഞു. അതോടെ സഭാ സംരക്ഷണ സമിതിയുടെ പ്രതിഷേധവും അവസാനിച്ചു.