കുസാറ്റ് റോഡ് വികസനം: വ്യാപാരികളുടെ പരാതി പരിഹരിക്കാൻ പരിശോധന
Mail This Article
കളമശേരി ∙ കുസാറ്റ് റോഡിൽ ഫുട്പാത്തും സൈക്കിൾ ട്രാക്കും നിർമിക്കുന്നതിനു മുൻപായി ഇരുവശത്തുമുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനു സംയുക്ത പരിശോധന നടത്താൻ തീരുമാനം. നിർമാണവുമായി ബന്ധപ്പെട്ടു വ്യാപാരികൾ ഉയർത്തിയ പരാതികൾക്കു പരിഹാരം കാണുന്നതിനു നഗരസഭാധ്യക്ഷ സീമ കണ്ണന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും മെട്രോ ഉദ്യോഗസ്ഥരുടെയും വ്യാപാരി–വ്യവസായി ഏകോപനസമിതി ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം.
കൊച്ചി മെട്രോയുടെ എൻഎംടി (നോൺ മോട്ടറൈസ്ഡ് ട്രാൻസ്പോർട്ട് ) പദ്ധതിയിൽ പെടുത്തി കുസാറ്റ് റോഡിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വ്യാപാരികൾ പങ്കുവച്ചു. കുസാറ്റ് റോഡിലെ വെള്ളക്കെട്ടിനും പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു. ഫുട്പാത്ത് ഇനിയും ഉയരുന്നത് വ്യാപാരത്തെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കുസാറ്റ് റോഡിൽ 5 മീറ്ററിനുള്ളിൽ ഫുട്പാത്ത്, സൈക്കിൾ ട്രാക്ക്, കേബിൾ ഡക്ട്, വഴിവിളക്കുകൾ എന്നിവ സ്ഥാപിക്കുമെന്നാണ് മെട്രോ അറിയിച്ചിട്ടുള്ളത്. 3 വർഷത്തെ മെയ്ന്റനൻസ് മെട്രോ വഹിക്കും. ഇതിനു ശേഷം അറ്റകുറ്റപ്പണികൾ കുസാറ്റ് നടത്തണം. ഒരുമാസം മുൻപ് നടത്തിയ സംയുക്ത പരിശോധനയിൽ 4 വർഷത്തെ അറ്റകുറ്റപ്പണി മെട്രോ വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്.
കുസാറ്റ് റോഡിനു പുറമേ എച്ച്എംടി , സൗത്ത്കളമശേരി റോഡുകളുടെയും ജംക്‌ഷനുകളുടെയും എൻഎഡി റോഡിൽ വനിതാ പോളിടെക്നിക് വരെയുള്ള വികസനത്തിനും കൊച്ചി മെട്രോ 12 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. എൻഎംടി പ്രോജക്ട് കോ–ഓർഡിനേറ്റർ റിസ്‌വാൻ, സീനിയർ ഡപ്യൂട്ടി ജനറൽ മാനേജർ സുബിൻ, കുസാറ്റ് എൻജിനീയർ കെ.എം.ജോയി, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, കൗൺസിലർമാർ, വ്യാപാരികളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.