ADVERTISEMENT

പറവൂർ∙ പ്രൗഢമായ കോടതി മന്ദിരം പറവൂർ പട്ടണത്തിന്റെ അഭിമാനമാണ്. ജില്ലാ കോടതി ആരംഭിച്ചിട്ട് 210 വർഷം തികയുന്നു. 1811ൽ പറവൂരും ആലങ്ങാടും ആലുവയും ഉൾപ്പെടുന്ന ‘ആലങ്ങാട് മുഖം’ പ്രവിശ്യയ്ക്കു വേണ്ടി അന്നത്തെ തിരുവ‌ിതാംകൂർ മഹാറാണി വിളംബരം ചെയ്തു സ്ഥാപിച്ചതാണു കോടതി. 1811 മുതൽ 1873 വരെ ആലുവ യുസി കോളജിലെ കച്ചേരി മാളികയിലാണു പ്രവർത്തിച്ചത്. 1873ൽ പറവൂർ നഗരത്തിലേക്കു മാറ്റി സ്ഥാപിച്ചു. കേരളത്തിലെ പൈതൃക കോടതികളിൽ ഒന്നാണിത്.

ജില്ലാ ജഡ്ജിയുടെ ഡഫേദാറുടെ യൂണിഫോമിന്റെ ബെൽറ്റിൽ ഇപ്പോഴും ആലങ്ങാട് കോടതി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവ‌ിതാംകൂറിന്റെ പ്രധാനപ്പെട്ട ജില്ലാ കോടതിയായിരുന്ന കോടതി സമുച്ചയം പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ്. ഒരു കോൽ വണ്ണത്തിലും 16 കോൽ നീളത്തിലുമുള്ള ചെങ്കൽ തൂണുകളിലാണു മന്ദിരം നിൽക്കുന്നത്. 

സിമന്റ് ലഭ്യമല്ലാത്ത കാലത്തു മണലും കുമ്മായവും ചേർത്തു പതംവരുത്തി 10 ദിവസം പഴുപ്പിക്കാൻ കൂട്ടിയിട്ടു പത്താം ദിവസം കടുക്ക, ചെമ്പരത്തി, ഉഴിഞ്ഞാവള്ളി എന്നിവ ചതച്ചു ചേർത്തു തയാറാക്കിയ കുമ്മായക്കൂട്ടിൽ പണിത കെട്ടിടം കാലത്തെ വെല്ലുന്ന അത്ഭുതമാണ്.   വാസ്തുശിൽപ കലയുടെ മനോഹാരിത ഇതിൽ കാണാം. ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവന്ന ഇരുമ്പു തുലാൻ ഉപയോഗിച്ചാണു മച്ച് ഉറപ്പിച്ചത്. ഗോവണിപ്പടികൾ നിർമിച്ചതും മരത്തിലാണ്. ഈട്ടി, തേക്കു തടികളാണു ഉപയോഗിച്ചത്. കോടതികൾ, താലൂക്ക് ഓഫിസ്, റജിസ്ട്രാർ ഓഫിസ് എന്നിവ മന്ദിരത്തിൽ പ്രവർത്തിക്കുന്നു.

2 ജില്ലാ കോടതി, 2 സബ് കോടതി, ഒരു മുൻസിഫ് മജിസ്ട്രേട്ട് കോടതി, ഒരു മജിസ്ട്രേട്ട് കോടതി, ഒരു എംഎസിടി കോടതി എന്നിവ ഉൾപ്പെടെ 7 കോടതികളാണു കച്ചേരി മൈതാനിയിൽ നിലവിലുണ്ട്. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സുപ്രീം കോടതി ജ‍ഡ്ജിയായിരുന്ന കാലത്ത് 1984ൽ ഇന്ത്യയിൽ ആദ്യമായി നീതിമേള നടന്നതു പറവൂരിലാണ്. 1989ൽ ലോക് അദാലത്ത് ആദ്യമായി നടന്നതും ഇവിടെ തന്നെ. വിദ്യാർഥികളിലും പൊതുജനങ്ങളിലും നിയമബോധമുണ്ടാക്കാൻ മലയാളത്തിൽ നിയമപാഠം തയാറാക്കി പ്രകാശനം ചെയ്തതും പറവൂരിലാണ്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com