ADVERTISEMENT

കൊച്ചി ∙ ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി.ലഭ്യമായ ഒറ്റവരി പാതയിലൂടെ മണിക്കൂറുകൾ എടുത്താണു  ഓരോ ദിശയിലേക്കും ട്രെയിനുകൾ കടത്തി വിട്ടത്. ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുകയും ചെയ്തു. എറണാകുളത്തു നിന്നും കൊച്ചുവേളിയിൽ നിന്നും സർവീസ് ആരംഭിക്കേണ്ട ചില ട്രെയിനുകൾ 3 മണിക്കൂറോളം വൈകിയാണു പുറപ്പെട്ടത്. ഇന്നത്തെ കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി, തിരുച്ചിറപ്പള്ളി– തിരുവനന്തപുരം ഇന്റർസിറ്റി എന്നിവ റദ്ദാക്കി.

ഇന്നലെ തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി, എറണാകുളം ഷൊർണൂർ മെമു, ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, കോട്ടയം–നിലമ്പൂർ എക്സ്പ്രസ്, നിലമ്പൂർ–കോട്ടയം എക്സ്പ്രസ്, എറണാകുളം–ആലപ്പുഴ, പാലക്കാട്–എറണാകുളം മെമു, ഷൊർണൂർ–എറണാകുളം മെമു ഉൾപ്പെടെ 13 ട്രെയിനുകൾ പൂർണമായും റദ്ദാക്കുകയും 13 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

ആലുവയിൽ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ വാഗണുകൾ മുറിച്ചു നീക്കിയ ശേഷം ജീവനക്കാർ ചക്രങ്ങൾ ഉരുട്ടിക്കൊണ്ടു പോകുന്നു.

തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ്, തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, ചെന്നൈ–ഗുരുവായൂർ എന്നിവ എറണാകുളത്തും നാഗർകോവിൽ–മംഗളൂരു ഏറനാട് എക്സ്പ്രസ് കുമ്പളത്തും പുനലൂർ–ഗുരുവായൂർ, തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവ തൃപ്പൂണിത്തുറയിലും മംഗളൂരുവിലേക്കുള്ള പരശുറാം എക്സ്പ്രസ് വൈക്കം റോഡിലും എറണാകുളത്തേക്കുളള മംഗള എക്സ്പ്രസ് തൃശൂരിലും കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ് ചാലക്കുടിയിലും കണ്ണൂർ–ആലപ്പി എക്സ്പ്രസ് ഷൊർണൂരിലും ഇന്നലെ യാത്ര അവസാനിപ്പിച്ചു. ഇവയിൽ പലതും പിന്നീട് സ്പെഷൽ പാസഞ്ചറായി മടക്കയാത്ര നടത്തി.

ക്രെയിൻ ഉപയോഗിക്കാനായില്ല

ആലുവ∙ അപകടത്തിൽപെട്ട ഗുഡ്സ് ട്രെയിനിന്റെ 4 വാഗണുകൾ ട്രാക്കിൽ നിന്നു നീക്കാൻ വേണ്ടി വന്നതു മണിക്കൂറുകൾ. വാഗണുകൾ മാറ്റാൻ വിചാരിച്ചതിലും അധികം സമയം വേണ്ടി വന്നതാണു കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ ഇടയാക്കിയത്. വാഗണുകളിൽ ഉണ്ടായിരുന്ന ആയിരത്തിലേറെ സിമന്റ് ചാക്കുകൾ തൊട്ടടുത്ത പുരയിടത്തിലേക്കു മാറ്റിയെങ്കിലും സ്ഥലപരിമിതി മൂലം രക്ഷാപ്രവർത്തനത്തിന് എത്തിച്ച ക്രെയിൻ ഉപയോഗിക്കാൻ സാധിച്ചില്ല. ഗ്യാസ് കട്ടർ ഉപയോഗിച്ചാണു വാഗണുകൾ മുറിച്ചത്. മറിഞ്ഞ ആദ്യ വാഗണിന്റെ മുകൾ ഭാഗം രാവിലെ 7നും രണ്ടാമത്തേതിന്റെ ഉച്ചയ്ക്കു പതിനൊന്നരയോടെയും മുറിച്ചു മാറ്റി. ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതു സംബന്ധിച്ചു റെയിൽവേ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com