കായലുകളിലേക്ക് കടൽച്ചൊറി; നശിക്കാൻ വെള്ളത്തിന്റെ ഉപ്പുരസം മാറണം, മഴക്കാലംവരെ കാത്തിരിക്കേണ്ടി വരും
Mail This Article
പള്ളുരുത്തി∙ കൊച്ചിയിലെ കായലുകളിലേക്ക് കടൽച്ചൊറി (ജെല്ലി ഫിഷ്) എത്തി തുടങ്ങി. പോളപ്പായൽ സൃഷ്ടിച്ച ദുരിതത്തിൽ നിന്നു കരകയറുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കു കടൽച്ചൊറിയുടെ വരവു കൂനിന്മേൽ കുരുവായിരിക്കുകയാണ്. തോപ്പുംപടി, അരൂർ, ഇടക്കൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, കല്ലഞ്ചേരി, കുതിരക്കൂർകരി തുടങ്ങിയ പ്രദേശങ്ങളിലെ കായലുകളിൽ കടൽച്ചൊറി നിറയുന്നു.
കടലിൽ നിന്നു കൂട്ടത്തോടെ എത്തുന്ന കടൽച്ചൊറി മൂലം ഊന്നി വലകളും ചീനവലകളും പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽച്ചൊറി നീട്ടുവലകളും നശിപ്പിക്കുന്നു. ഒരു കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ ഒരു കടൽച്ചൊറിക്കു ഭാരമുണ്ടാകും. കടൽച്ചൊറിയുടെ കട്ടിയുള്ള ദ്രാവകം ദേഹത്തു വീണാൽ ചൊറിച്ചിൽ അനുഭവപ്പെടും. കായൽ വെള്ളത്തിന്റെ ഉപ്പുരസം മാറിയെങ്കിൽ മാത്രമേ ചൊറികൾ നശിച്ചുപോവുകയുള്ളു. ഇതിനായി മഴക്കാലമാവുന്നതു വരെ കാത്തിരിക്കേണ്ടി വരും.