ADVERTISEMENT

കൊച്ചി ∙ വിശേഷണങ്ങൾ പലതുണ്ട്, കൊച്ചിക്ക്. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം, മെട്രോ ആകാൻ വെമ്പുന്ന നഗരം, വ്യവസായ തലസ്ഥാനം, സ്റ്റാർട്ടപ് – ഐടി ഹബ്... ഇന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ കൊച്ചിക്ക് എന്തു കിട്ടുമെന്നറിയില്ല, പക്ഷേ, പ്രതീക്ഷകളേറെ. മെട്രോ കാക്കനാട്ടേക്കു നീട്ടാൻ പണം വേണം, കോയമ്പത്തൂർ–കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായി അങ്കമാലി അയ്യമ്പുഴയിൽ വരുന്ന ഗിഫ്റ്റ് സിറ്റിക്കു ഭൂമി ഏറ്റെടുക്കാൻ വിഹിതം വേണം. ഇക്കൊല്ലം ലക്ഷ്യമിടുന്ന ഒരു ലക്ഷം ചെറുകിട സംരംഭങ്ങളിൽ ഭൂരിഭാഗവും എറണാകുളം ജില്ലയിലായതിനാൽ അവയുടെ പ്രോത്സാഹന പദ്ധതികൾക്കു വേണ്ട പണവും ജില്ലാ വ്യവസായ കേന്ദ്രത്തിനാണു ലഭിക്കേണ്ടത്. 

മെട്രോ കുതിക്കണം 

കാക്കനാട്ടേക്കു കൊച്ചി മെട്രോ നീട്ടാൻ കേന്ദ്ര  ബജറ്റിൽ വിഹിതം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു. മാത്രമല്ല കേന്ദ്രത്തിൽ നിന്ന് ഭരണാനുമതിയും ലഭിച്ചില്ല. കേന്ദ്ര പൊതു നിക്ഷേപ ബോർഡ് പദ്ധതി അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര അനുമതി ലഭ്യമായാൽ അടുത്തതായി വേണ്ടതു സ്റ്റേഷനുകൾ പണിയാനുള്ള ഭൂമി ഏറ്റെടുക്കലാണ്. റോഡ് വീതി കൂട്ടാനുള്ള സ്ഥലം ഏറ്റെടുപ്പു പൂർത്തിയായിട്ടുണ്ട്. സ്റ്റേഷനുകൾക്കു ഭൂമി ഏറ്റെടുക്കാൻ ബജറ്റിൽ വിഹിതം പ്രതീക്ഷിക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഗിഫ്റ്റ് സിറ്റി പോലെ ഇന്ത്യയിലാകെ രാജ്യാന്തര സാമ്പത്തിക ക്രയവിക്രയങ്ങൾക്കു പ്രത്യേക മേഖലകൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റിയും. അവിടെ സ്ഥലം സർവേ കഴിഞ്ഞു. ഏറ്റെടുക്കാനാണു പണം വേണം. 

ചെറുകിട വ്യവസായം

ഇക്കൊല്ലം പ്രഖ്യാപിച്ച ഒരു ലക്ഷം ചെറുകിട വ്യവസായ പദ്ധതികൾക്കു നൽകാൻ ഉദ്ദേശിക്കുന്ന ഫണ്ടിന്റെ സിംഹഭാഗവും എറണാകുളം ജില്ലയിലായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എറണാകുളം ജില്ലയ്ക്ക് എന്നു ബജറ്റിൽ പറയേണ്ടതില്ലെങ്കിലും ഈ ഫണ്ട് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം വഴി തന്നെയാണു ഭൂരിഭാഗവും വരാൻ പോകുന്നത്. കോയമ്പത്തൂർ–കൊച്ചി വ്യവസായ ഇടനാഴിയെക്കുറിച്ചു വ്യവസായ മന്ത്രി തന്നെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായ സ്ഥലം ഏറ്റെടുപ്പിനും ബജറ്റ് വിഹിതം ഉണ്ടായേ തീരൂ. 

‘ബ്രേക്ക് ത്രൂ’ 

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിനു കൂടുതൽ തുക, വൈറ്റില ജംക്‌ഷനിലെ കുരുക്ക് അഴിക്കാൻ രണ്ടാംഘട്ട വികസനത്തിനു പണം, ശോചനീയാവസ്ഥയിലുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം എന്നീ ആവശ്യങ്ങളാണു മേയർ എം.അനിൽ കുമാർ മന്ത്രി ബാലഗോപാലിനെ പങ്കെടുപ്പിച്ചു ബജറ്റിനു മുന്നോടിയായി നടത്തിയ യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യങ്ങൾ. തമ്മനം – പുല്ലേപ്പടി റോഡ് വികസനത്തിനു ഭൂമിയേറ്റെടുക്കാൻ കൂടുതൽ തുക, ജിസിഡിഎ പ്രവർത്തനത്തിനു കൂടുതൽ വിഹിതം, വൈറ്റില മൊബിലിറ്റി ഹബ് രണ്ടാം ഘട്ട വികസനത്തിന് അനുമതി എന്നിവയാണു നഗരം പ്രതീക്ഷിക്കുന്ന ബജറ്റ് നടപടികൾ. പള്ളുരുത്തി സമാന്തര പാത വികസനം, ഫോർട്ട്കൊച്ചി ബീച്ച് നവീകരണം തുടങ്ങിയ പദ്ധതികൾക്കും ബജറ്റ് പിന്തുണ പ്രതീക്ഷിക്കുന്നു. 

കെഎസ്ആർടിസി സ്റ്റാൻഡ് 

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സ്ഥിതി ശോചനീയമാണ്. ഇത്തവണയെങ്കിലും ബസ് സ്റ്റാൻഡിനു ശാപമോക്ഷം ലഭിക്കാൻ വഴി തെളിയുമോ എന്നാണ് അറിയേണ്ടത്. നവീകരണം കിഫ്ബി വഴി നടപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നു ടി.ജെ.വിനോദ് എംഎൽഎ  ആവശ്യപ്പെട്ടിരുന്നു. വാത്തുരുത്തി മേൽപാലം നിർമാണത്തിനുള്ള തടസ്സം നീക്കുക, ഗോശ്രീ–മാമംഗലം റോഡ്, തേവര എലിവേറ്റഡ് പാത എന്നിവയ്ക്കായി തുക വകയിരുത്തുക എന്നിവയാണ് എംഎൽഎ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ. 

വ്യാപാര മേഖല 

യുക്തിയില്ലാതെ കുടിശിക ഈടാക്കുന്ന രീതി പിൻവലിക്കാനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുകയാണു സ്വർണ വ്യാപാര മേഖല. ജിഎസ്ടി നിലവിൽ വരുന്നതിനു തൊട്ടു മുൻപുള്ള എല്ലാ നികുതി നിയമങ്ങളും നിർത്തലാക്കിയിരുന്നു. എന്നാൽ, കേരളത്തിൽ മാത്രം ഇപ്പോഴും വാറ്റ് കുടിശിക സംബന്ധിച്ച കേസുകൾ തുടരുന്നുണ്ട്. സർക്കാരിനു കിട്ടാനുള്ള വാറ്റ് കുടിശിക 13,000 കോടി രൂപയാണ്. ഇതിൽ 5,000 കോടി രൂപ സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ളതാണ്. ഇത് എഴുതി തള്ളണമെന്നാണു സ്വർണവ്യാപാര മേഖലയുടെ ആവശ്യം. 

ഇലക്ട്രിക് കൊച്ചി

വലിയ പ്രതീക്ഷയോടെയാണ് ഇലക്ട്രിക് വാഹന വിപണി സംസ്ഥാന ബജറ്റ് കാത്തിരിക്കുന്നത്. കേന്ദ്രസർക്കാർ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഒറ്റ രൂപ പോലും ഇളവ് നൽകുന്നില്ല. റോഡ് നികുതിക്ക് 50% ഇളവു നൽകുന്നുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ പോലെ റോഡ് നികുതി ഇവിടെ പൂർണമായും ഒഴിവാക്കണമെന്നാണ് ഇലക്ട്രിക് വാഹന മേഖലയുടെ ആവശ്യം.    ബാറ്ററി കിലോ വാട്ടിന് അനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്കു കുറഞ്ഞത് 5,000 രൂപയെങ്കിലും സബ്സിഡി അനുവദിക്കുമെന്ന പ്രതീക്ഷയിലാണു നിർമാതാക്കളും ഡീലർമാരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com