230 ബസുകൾ സർവീസ് നടത്തുന്ന ആലുവ സ്റ്റാൻഡിൽ ഒന്നു പോലും നിരത്തിലിറങ്ങിയില്ല; വലഞ്ഞു നാട്
Mail This Article
ആലുവ∙ സ്വകാര്യ ബസ് സമരം വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരെ വലച്ചു. 230 ബസുകൾ സർവീസ് നടത്തുന്ന ആലുവ സ്റ്റാൻഡിൽ ഒന്നു പോലും നിരത്തിലിറങ്ങിയില്ല. ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടക്കുകയാണ്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ഗ്രാമീണ മേഖലയിലെ കുട്ടികളാണു സമരം മൂലം ഏറ്റവും വിഷമിച്ചത്. രക്ഷിതാക്കൾക്കൊപ്പം ഓട്ടോയിലും ഇരുചക്ര വാഹനങ്ങളിലും ആണു ഭൂരിഭാഗം പേരും സ്കൂളുകളിൽ എത്തിയത്. കെഎസ്ആർടിസി ബസുകൾ യാത്രക്കാർ തിങ്ങിനിറഞ്ഞ് ഓടി. സ്വകാര്യ ബസ് സമരം കണക്കിലെടുത്ത് ആലുവ ഡിപ്പോയിൽ നിന്നു കൂടുതൽ ബസുകൾ സർവീസ് നടത്തി.
നിലവിൽ 45 ബസുകളാണ് ഉള്ളത്. ഇന്നലെ 14 ട്രിപ്പുകൾ കൂടുതൽ ഓടിച്ചു. കാക്കനാട്, ഫോർട്ട് കൊച്ചി, പറവൂർ, വൈക്കം ചേർത്തല, കൊല്ലം എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തിയത്. സ്വകാര്യ ബസുകൾ മാത്രമുള്ള കീഴ്മാട്, വാഴക്കുളം, കുട്ടമശേരി പ്രദേശങ്ങളിലേക്കും പുതിയ സർവീസുകൾ ക്രമീകരിച്ചു. സ്വകാര്യ ബസുകളെല്ലാം സ്റ്റാൻഡിൽ തന്നെ ഉണ്ട്. സമര ദിനങ്ങളിൽ ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഉടമകൾ.