ADVERTISEMENT

മലയാറ്റൂർ ∙ കുരിശുമുടിയിൽ പുതുഞായർ ആഘോഷിച്ചു. ആയിരക്കണക്കിനു തീർഥാടകർ പുതുഞായർ‍ ദിനത്തിൽ കുരിശുമുടി കയറി. പുതു ഞായർ ആഘോഷത്തിനു സമാപനമായി ഇന്നലെ പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. ഈ തീർഥാടനക്കാലത്ത് കുരിശുമുടിയിൽ ലഭിച്ച നേർച്ച പണം വിശ്വാസികൾ തലച്ചുമടായി താഴത്തെ പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്. 1500 ചാക്കുകളിലാക്കിയ നേർച്ചപ്പണം തീർഥാടകരുടെ തലയിലേറ്റി. വൈകിട്ട് 3 നു കുരിശുമുടിയിൽ നിന്നു പൊൻപണം ഇറക്കൽ ആരംഭിച്ചു.

പൊൻപണം തലയിലേറ്റൽ വിശ്വാസികൾക്കു നേർച്ചയാണ്. ഇതിനായി ഇന്നലെ രാവിലെ തന്നെ കുരിശുമുടിയിൽ എത്തി ടോക്കൺ എടുത്തവർ കാത്തിരുന്നു. കൂടുതലും സ്ത്രീകളായിരുന്നു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ കനത്ത മഴയും കാറ്റും മിന്നലും ഇന്നലെ ഇല്ലായിരുന്നു എന്നത് വിശ്വാസികൾക്ക് അനുഗ്രഹമായി. അടിവാരത്തു നിന്നു കാൽനടയായി പൊൻപണം താഴത്തെ പള്ളിയിൽ എത്തിച്ചു.ചാക്കേന്തിയ 2 ആടുകളും അടിവാരത്തു നിന്നു കാൽനട യാത്രയ്ക്കൊപ്പം ഉണ്ടായിരുന്നു.

ആദ്യ കാലങ്ങളിൽ കുരിശുമുടിയിൽ പൊൻകുരിശിനു മുന്നിൽ കെടാതെ നിന്നിരുന്ന വിളക്ക് ഇടയ്ക്കു കാറ്റത്തു കെട്ടുപോയാൽ വരയാടുകൾ അടിവാരത്തേക്കു വന്നു കരയുമായിരുന്നുവത്രേ. തുടർന്ന് ഇടവകക്കാർ മലമുകളിലെത്തി വിളക്ക് വീണ്ടും കത്തിക്കും. ഈ സ്മരണയിലാണ്  യാത്രയിൽ ആടുകളെയും കൂട്ടുന്നത്. താഴത്തെ പള്ളിയിൽ വികാരി ഫാ. വർഗീസ് മണവാളന്റെ നേതൃത്വത്തിൽ പൊൻപണം സ്വീകരിച്ചു. തുടർന്നു കുർബാന നടന്നു. പുതുഞായർ ചടങ്ങുകൾ സമാപിച്ചുവെങ്കിലും കുരിശുമുടി തീർഥാടനം തുടരും. 30, മേയ് ഒന്ന് തീയതികളിലാണ് എട്ടാമിടം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com