നടപ്പുവശം; ഇതാ എറണാകുളം ജില്ലയിലെ 6 നല്ല നടപ്പുവഴി
Mail This Article
കൊച്ചി നഗരത്തിനു നടക്കാൻ രാജ്യാന്തര സ്റ്റേഡിയമുണ്ട്, മറൈൻഡ്രൈവ് ഉണ്ട്, ക്വീൻസ് വോക് വേയുണ്ട്. എന്നാൽ ജില്ലയിലെ മറ്റു സ്ഥലങ്ങളിലോ.. ഇതാ ജില്ലയിലെ 6 നല്ല നടപ്പുവഴി...
മൂവാറ്റുപുഴ : ത്രിവേണീ സംഗമ വഴി
ത്രിവേണീ സംഗമത്തിന്റെ കൺകുളിർക്കുന്ന കാഴ്ച. പുഴയുടെ കളകളാരവം. മനസ്സിലും ശരീരത്തിലും നിറയ്ക്കുന്ന ഉണർവ്. പുഴയോര നടപ്പാതയിലൂടെ തുടങ്ങുന്നു മൂവാറ്റുപുഴ നഗരവാസികളുടെ സുപ്രഭാതം. ദിവസം മുഴുവൻ നീളുന്ന ഊർജം നിറയ്ക്കുന്ന നടപ്പ്. പുഴയോര ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായി നിർമിച്ച പുഴയോര നടപ്പാതയ്ക്കു നീളം 800 മീറ്റർ. പുഴക്കരക്കാവ് മുതൽ 400 മീറ്റർ നടപ്പാത ആദ്യം പൂർത്തിയായി. ലത പാലം വരെ നീളുന്ന 400 മീറ്റർ നടപ്പാത പൂർത്തിയായതു രണ്ടാം ഘട്ടത്തിൽ.
കുളിക്കടവുകൾ സംരക്ഷിച്ചും പുഴയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുമാണു നടപ്പാതയുടെ നിർമാണം. ചെലവിട്ടതു മൂന്നു കോടിയോളം രൂപ. മൂന്നാം ഘട്ടത്തിൽ നടപ്പാത നഗരത്തിലെ കച്ചേരിത്താഴം വരെ ദീർഘിപ്പിക്കാനും ത്രിവേണി സംഗമത്തിൽ റിവോൾവിങ് റസ്റ്ററന്റും ജല കായിക വിനോദങ്ങൾക്കുള്ള സംവിധാനങ്ങളും ബോട്ടിങ്ങും ഒരുക്കാനും തീരുമാനമുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായിട്ടില്ല.
തൊടുപുഴയാറും മൂവാറ്റുപുഴയാറും ചേർന്നു മൂവാറ്റുപുഴയാർ രൂപപ്പെടുന്ന ത്രിവേണി സംഗമത്തിൽ നിന്നാണു പുഴയോര നടപ്പാത ആരംഭിക്കുന്നത്. കൈവരികളും വഴിവിളക്കുകളുമുണ്ട്. വിളക്കുകളിൽ പലതും ഇപ്പോൾ തെളിയുന്നില്ലെന്ന പരാതിയുണ്ട്. പുഴയോര നടപ്പാതയിൽ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരുടെ ശല്യവും കല്ലുകടിതന്നെ. എങ്കിലും നടപ്പാതയേകുന്നതു മികച്ച പോസിറ്റീവ് എനർജി. ഇടയ്ക്ക് ഒന്നു മുഖം കഴുകാനും കയ്യും കാലും കഴുകാനും പുഴയിലേക്ക് ഇറങ്ങാൻ പ്രത്യേകം കടവുകളുമുണ്ട്. മൂന്നാം ഘട്ട പൂർത്തീകരണത്തിന്റെ കാത്തിരിപ്പിലാണു നഗരം. ഇതോടെ പാതയുടെ ദൂരം ഒന്നര കിലോമീറ്ററോളമാകും.
കോലഞ്ചേരി : ഇന്ത്രാൻചിറയുടെ ഇഷ്ടവഴി
ഗ്രാമീണഭംഗി ആസ്വദിച്ചു പ്രഭാത സവാരിക്കെത്തുന്നവർ ഇന്ത്രാൻ ചിറയെ ഉണർത്താൻ തുടങ്ങിയിട്ടു വർഷങ്ങളായി. വിസ്തൃതി ഏഴേക്കർ. ചുറ്റുമുള്ള റോഡിലും നടപ്പാതയിലും രാവിലെ അഞ്ചോടെ കാലടികൾ പതിഞ്ഞു തുടങ്ങും. ഡോക്ടർമാരും രോഗികളും വയോധികരും ചെറുപ്പക്കാരും കുട്ടികളുമെല്ലാമുണ്ടു നടപ്പുകാരിൽ. പലരും എത്തുന്നതു കുടുംബത്തോടെ. ചിലർക്കു കൂട്ടു വളർത്തു നായ്ക്കൾ. ഒരു കിലോമീറ്റർ വരുന്ന നടപ്പാത 5തവണ വലംവയ്ക്കുന്നവരാണു പലരും. വാഹനങ്ങളുടെ ശല്യമില്ലാത്തതും നിരപ്പുള്ള വഴിയുമാണ് ഇന്ത്രാൻചിറയുടെ പരിസരത്തു നടക്കാൻ ആളുകളെ ആകർഷിക്കുന്നത്. നടപ്പാതയിലുടനീളം വെളിച്ചമുണ്ട്.
കടുത്ത വേനലിൽ പോലും നിറഞ്ഞുകിടക്കുന്ന ചിറയിലെ തണുത്ത കാറ്റും മരങ്ങളിലെ കിളികളുടെ ശബ്ദവുമെല്ലാം ആസ്വദിച്ചാണ് ആളുകളുടെ നടത്തം. ഇയർ ഫോണിലൂടെ പാട്ടു കേട്ടു നടക്കുന്നവരുമുണ്ട്. വൈകിട്ടു നടക്കാനിറങ്ങുന്നവരിൽ കൂടുതലും സ്ത്രീകളാണ്. ചിറയോടു ചേർന്നുള്ള പാർക്കിലും വിശ്രമ സങ്കേതത്തിലും അൽപസമയം ചെലവഴിച്ചാണു നടത്തക്കാരുടെ മടക്കം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 6വർഷം മുൻപ് ഒരു കോടി രൂപ വിനിയോഗിച്ചു വിനോദ സഞ്ചാരികൾക്കു നടപ്പാതയും പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അതുകൂടി പ്രയോജനപ്പെടുത്തിയാണു ജനങ്ങളുടെ നല്ലനടത്തം.
എടയ്ക്കാട്ടുവയൽ : പ്രകൃതിയുടെ വഴി
മഞ്ഞും തണുപ്പും ഇളം ചൂടും ആസ്വദിച്ചു നടക്കാൻ ഇറങ്ങുന്നവരുടെ പ്രിയപ്പെട്ട ഇടമാണു കൊച്ചിയുടെ നെല്ലറയായ തോട്ടറ പുഞ്ചയോടു ചേർന്നുള്ള ഓരോ റോഡും. പ്രകൃതി ഭംഗി ആസ്വദിച്ചു വ്യായാമത്തിനു രാവിലെയും വൈകിട്ടും ഒട്ടേറെ പേർ ഇവിടെയെത്തുന്നു. ആമ്പല്ലൂർ, എടയ്ക്കാക്കാട്ടുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒലിപ്പുറം റെയിൽവേ ഗേറ്റ് മുതൽ ചക്കുംകരി വരെ 4 വർഷം മുൻപു നിർമിച്ച റോഡാണു നടത്തക്കാർ ഏറെ ഇഷ്ടപ്പെടുന്നത്. ഇരുവശവും നെൽപാടം, പാടത്തിനോടു ചേർന്നു നീണ്ടു കിടക്കുന്ന റെയിൽപാളത്തിലൂടെ കൂകിപ്പായുന്ന ട്രെയിൻ, ഉദിച്ചുയരുന്ന സൂര്യൻ, തോട്ടിൽ ഇതൾ വിടർത്തി നിൽക്കുന്ന ആമ്പൽ, പാടത്ത് ഇര തേടുന്ന ദേശാടന പക്ഷികൾ..മനംകവരുന്ന കാഴ്ചകളേറെ.
കാഴ്ചകൾ കണ്ടു റോഡിലൂടെയുള്ള നടത്തം ഉന്മേഷവും സന്തോഷവും നൽകുന്നതാണെന്നു റോഡിൽ പതിവായി നടക്കാനെത്തുന്ന വിവേക് പറയുന്നു. ഒന്നര കിലോമീറ്റർ ദൂരമുള്ള ഇതേ റോഡിലൂടെ ഒന്നിലേറെ തവണയും പാടത്തോടു ചേർന്നുള്ള ഒലിപ്പുറം- അരയൻകാവ് റോഡിലൂടെ കറങ്ങിയുമാണ് ഓരോരുത്തരും നടത്തം പൂർത്തിയാക്കുന്നത്. വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കാനും ഒട്ടേറെ പേർ ഇവിടെ എത്താറുണ്ട്. വാഹനത്തിരക്കില്ലാത്തതിനാൽ സുരക്ഷിതമായി നടക്കാമെന്നതു കൂടുതൽ പേർ ഇവിടെയെത്താൻ ഇടയാക്കുന്നു.
എളങ്കുന്നപ്പുഴ : കടൽക്കാറ്റിന്റെ വഴി
കൊച്ചി അഴിമുഖത്തു കടൽക്കാറ്റേറ്റു നടക്കാൻ ഒരിടം. ചീനവലകൾ അതിരിടുന്ന ഫോർട്ട് വൈപ്പിനിൽ ചുവപ്പു പരവതാനി വിരിച്ചപോലെ ചുവന്ന ടൈൽ വിരിച്ച നടപ്പാത. അതിലൂടെയുള്ള പ്രഭാത,സായാഹ്‌ന സവാരി പകരുന്നതു മറക്കാനാവാത്ത അനുഭൂതി. അഴിമുഖത്തേക്കു തള്ളിനിൽക്കുന്ന മുഖപ്പുകൾക്കുള്ളിൽ നിന്നു കടൽക്കാഴ്ചകൾ കാണാം. കപ്പലും ഫിഷിങ് ബോട്ടും മീൻപിടിത്ത വള്ളങ്ങളും ഒഴുകിയെത്തുന്ന അഴിമുഖത്തു ചൈനീസ് പാരമ്പര്യം പേറി നിൽക്കുന്ന ചീനവലകളും മനോഹര കാഴ്ച.
450 മീറ്റർ ദൂരമുള്ള നടപ്പാതയിലൂടെ നടപ്പിനിടയിൽ പാതയോരത്തെ മിനി പാർക്കിൽ ഇരുന്നു ക്ഷീണമകറ്റാം. കുട്ടികൾക്കു പാർക്കിലെ ഉപകരണങ്ങളിൽ കളിക്കാം. വൈകിട്ട് എത്തുന്നവർക്കു സൂര്യാസ്തമയവും കാണാം. പോർച്ചുഗീസ് ചരിത്രമുറങ്ങുന്ന വൈപ്പിൻ പ്രത്യാശമാതാ പളളി സന്ദർശിക്കാം. വേണമെങ്കിൽ റോ റോയിൽ കയറി 5 മിനിറ്റ് കൊണ്ടു ഫോർട്ട് കൊച്ചിയിലെത്തി മടങ്ങാം. വാട്ടർ മെട്രോ ജെട്ടി നിർമാണം പൂർത്തിയാവുകയാണ്. താമസിയാതെ വാട്ടർ മെട്രോയും ഫോർട്ട് വൈപ്പിനിലെത്തും.
ചീനവലകളിൽ നിന്നു പിടയ്ക്കുന്ന മീൻ നേരിട്ടു വാങ്ങാനും സൗകര്യമുണ്ട്. ഒരു കിലോ മീറ്റർ അകലെ ഗോശ്രീ ജംക്‌ഷനിൽ ഫിഷിങ് ബോട്ടുകളും വള്ളങ്ങളും അടുക്കുന്ന ഫിഷിങ് ഹാർബറുകളാണ്. കടൽ മീൻ ഇവിടെ നിന്നു വാങ്ങാം.വൈപ്പിൻ ബസ് സ്റ്റാൻഡിൽ നിന്നാണു ഫോർട്ട് വൈപ്പിൻ വോക്ക് വേ ആരംഭിക്കുന്നത്.വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തു നടപ്പാതയിലേക്കു കയറാം.ഹൈക്കോടതി ജംക്‌ഷനിൽ നിന്നു ഗോശ്രീ പാലങ്ങൾ മൂന്നും കയറി ഗോശ്രീ ജംക്‌ഷനിലെത്തി ഇടത്തേക്കു തിരിഞ്ഞാൽ ഫോർട്ട് വൈപ്പിനിലെത്താം.
വൈപ്പിൻ : ദ്വീപ് വഴി
പഴയ നെടുങ്ങാടല്ല ഇത്. പ്രഭാത–സായാഹ്ന സവാരിക്കാരുടെ ഇഷ്ട കേന്ദ്രമാണീ ചെറുദ്വീപ്. ജനം തിങ്ങിപ്പാർക്കുന്ന വൈപ്പിൻ ദ്വീപിനോടു ചേർന്നു കിഴക്കു ഭാഗത്തായാണു സ്ഥാനം. ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന നെടുങ്ങാട് ദ്വീപിൽ ഇന്നു പാതകളായി. അവ സവാരിക്കാരുടെ ആകർഷണ കേന്ദ്രവുമായി. ദ്വീപിന്റെ കിഴക്കൻതീരത്ത് അവസാനിക്കുന്ന ബോട്ട് ജെട്ടി റോഡിനോടാണു ജനത്തിനു കൂടുതൽ പ്രിയം. മുൻപു ചെളി വരമ്പായിരുന്ന ഈ റോഡ് കടന്നു പോകുന്നതു വിശാലമായ പൊക്കാളിപ്പാടങ്ങൾക്കു നടുവിലൂടെയാണ്. ഇരു വശങ്ങളിലും നിരനിരയായുള്ള തെങ്ങുകൾ പണ്ടേയുണ്ട്. ഇടക്കാലത്ത് ഇക്കൂട്ടത്തിൽ തണൽ മരങ്ങളും വച്ചുപിടിപ്പിച്ചു.
കിഴക്കു വശത്തു വിശാലമായ വീരൻ പുഴ. സദാസമയവും വീശുന്ന ഇളംകാറ്റ്. പരക്കെ ശുദ്ധവായു. ഇരുവശത്തും കാഴ്ചയൊരുക്കാൻ ചാടിക്കളിക്കുന്ന മീനുകൾ. വിവിധ തരം കൊക്കുകൾ ഉൾപ്പെടെയുള്ള ദേശാടന പക്ഷികളുടെ സാന്നിധ്യം വേറെ. രാവിലെ സൂര്യോദയവും വൈകിട്ട് അസ്തമയവും ആസ്വദിക്കാം . ഈ റോഡിനെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന അണിയിൽ നെടുങ്ങാട് റോഡും നടത്തക്കാരുടെ ഇഷ്ടപാതയാണ്. 5 കിലോമീറ്റർ ദൂരം നടത്തത്തിനായി ഉപയോഗിക്കാം. ഈ വഴി വടക്കോട്ടു പോയി എടവനക്കാട് താമരവട്ടം വഴി സംസ്ഥാനപാതയിലേക്കു കടക്കുന്ന സവാരിക്കാരുമുണ്ട്.
കുമ്പളങ്ങി : ആഞ്ഞിലിത്തറ വഴി
ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ ഇടംനേടിയ കായലോര ഗ്രാമമായ കുമ്പളങ്ങിയിലെ അധികമാർക്കും അറിയാത്ത കൊച്ചു പച്ചത്തുരുത്താണ് ആഞ്ഞിലിത്തറ. കുമ്പളങ്ങിയിൽ നിന്ന് ആഞ്ഞിലിത്തറയിലേക്കുള്ള ഒരു കിലോമീറ്റർ ബണ്ട് റോഡിന് ഇരുവശവുമുള്ള കാഴ്ചകൾ ആരുടെയും മനം കീഴടക്കും. പൊക്കാളിപ്പാടങ്ങളും ചീനവലകളും കായൽപരപ്പിലൂടെ ഓളം തല്ലി ഒഴുകിയെത്തുന്ന ചെറുവള്ളങ്ങളുമൊക്കെയാണു വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ആഞ്ഞിലിത്തറയുടെ പ്രധാന ആകർഷണം.
പരിസ്ഥിതി സന്തുലിതാവസ്ഥയും പ്രകൃതിയുടെ സാന്ത്വനവും ഇവിടെ എത്തുന്നവർക്ക് അനുഭവിച്ചറിയാം. പ്രഭാത, സായാഹ്ന നടത്തത്തിനിറങ്ങുന്ന കുമ്പളങ്ങിക്കാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ഇവിടം മാറി. ബണ്ട് റോഡിൽ വാഹനസഞ്ചാരം കുറവാണ്. നടക്കാനെത്തുന്നവരിൽ ചിലർ നല്ല കായൽ മത്സ്യങ്ങളും വാങ്ങിയാണു മടങ്ങുന്നത്. ചൂണ്ടയിടാൻ ഇവിടേയ്ക്കെത്തുന്നവരുമുണ്ട്.