ഓർമകളുണർത്താൻ വാവച്ചന്റെ കർക്കടക മരുന്ന്
Mail This Article
കാലടി∙ ഒരു കാലഘട്ടത്തിന്റെ ഓർമ പുതുതലമുറയിൽ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുപ്രവർത്തകനായ വാവച്ചൻ താടിക്കാരൻ– പുതുതലമുറ മറന്ന ഇൻലന്റിലൂടെ. വാവച്ചൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘നന്മകൾക്കെന്തു സുഗന്ധം’ പദ്ധതിയുടെ ഭാഗമായി കർക്കടകപ്പിറവി ദിനമായ 17നു വൈകിട്ട് 5നു പിരാരൂർ കവലയിൽ ഔഷധക്കഞ്ഞി വിതരണം നടത്തുന്നുണ്ട്. 500 പേർക്കാണ് ഔഷധക്കഞ്ഞി നൽകുന്നത്. ഇവർക്കുള്ള ക്ഷണക്കത്ത് വാവച്ചൻ ഇൻലൻഡിൽ എഴുതി പോസ്റ്റ് ചെയ്യുകയാണ്. പിരാരൂർ കവലയിലെ തന്റെ പലചരക്ക് കടയിൽ ഇരുന്ന് വാവച്ചൻ ഏതാനും ദിവസമായി ഇൻലൻഡിൽ എഴുതിക്കൊണ്ടിരിക്കുന്നു.
ഇന്നു മറവിയിലേക്ക് ഒതുക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒന്നാണ് ഇൻലൻഡ് എന്ന് വാവച്ചൻ താടിക്കാരൻ പറഞ്ഞു. ഇപ്പോഴത്തെ പല കുട്ടികൾക്കും ഇൻലന്റ് എന്നു പറഞ്ഞാൽ എന്താണെന്ന് അറിയില്ല. സാധാരണക്കാരന്റെ ആശയവിനിമയ മാർഗമായിരുന്നു ഇൻലൻഡ്. പോസ്റ്റ് ഓഫിസിൽ ചെന്നപ്പോൾ ആർക്കും വേണ്ടാതെ അവിടെ കെട്ടിക്കിടക്കുന്ന ഇൻലൻഡുകൾ എന്തിനാണെന്നു ജീവനക്കാർ പോലും അത്ഭുതപ്പെട്ടുവെന്നു വാവച്ചൻ പറഞ്ഞു. ഔഷധക്കഞ്ഞി വിതരണം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യാതിഥിയാകും.