കെഎസ്ആർടിസിക്കൊപ്പം സ്റ്റാൻഡും കുഴിയിൽ
Mail This Article
അങ്കമാലി ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ നിറയെ കുഴികൾ. യാത്രക്കാരുടെ ദേഹത്തേക്കു ചെളി വെള്ളം തെറിക്കുന്നു. സ്റ്റാൻഡിൽ വിവിധയിടങ്ങളിൽ പെയ്ത്തുവെള്ളം കെട്ടിക്കിടക്കുകയാണ്. താഴെ പാകിയിട്ടുള്ള ടൈൽ താഴേയ്ക്ക് ഇരുന്നാണു കുഴികൾ വീണിട്ടുള്ളത്. മഴ പെയ്യുമ്പോൾ ഈ കുഴികളിൽ വെള്ളം കെട്ടും. ദീർഘദൂര ബസുകൾ ഏറെ നേരം സ്റ്റാൻഡിൽ തങ്ങാത്തതിനാൽ ബസിൽ കയറാനായി യാത്രക്കാർ ഓടും. കുഴിയിലൂടെ ചാടി ഓടുന്ന യാത്രക്കാർ മറ്റു യാത്രക്കാരുടെ ദേഹത്തേക്കു ചെളിവെള്ളം തെറിപ്പിക്കുകയും ചെയ്യും. യാത്രക്കാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ക്യാംപ് ഷെഡ് റോഡിൽ നിന്നു സ്റ്റാൻഡിലേക്കു കയറുന്ന വഴിയിലെ ടൈലുകളും തകരാറിലായി.
കവാടത്തിൽ നിന്നു സ്റ്റാൻഡ് വരെയുള്ള വഴി നിറയെ കുഴികളാണ്. സ്റ്റാൻഡിൽ നിന്നു ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴിയിലും കുഴികളുണ്ട്. കഴിഞ്ഞ ദിവസം കുഴിയിൽ ചാടിയ സ്കാനിയ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തേണ്ടി വന്നു. സ്റ്റാൻഡിനകത്ത് ബസ് വന്നു നിൽക്കുന്ന സ്ഥലത്ത് ടൈൽ പാകുന്നതു തുടങ്ങിയപ്പോൾ തന്നെ അഴിമതി ആരോപണം ഉയർന്നിരുന്നു. വിവിധ സംഘടനകൾ സമരം നടത്തി. എന്നാൽ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനകൾ നടത്താതെ നിർമാണം തുടരാൻ അനുവദിക്കുകയായിരുന്നു. ആദ്യനിർമാണത്തിനു ശേഷം കുഴികൾ വീണപ്പോൾ അറ്റകുറ്റപ്പണി നടത്തിയതുമാണ്. സ്റ്റാൻഡിലെ കുഴികൾ മൂടുന്നതിനു നടപടിയെടുക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.