കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം; എൽദോസ് പോളിന് ഉജ്വല സ്വീകരണം
Mail This Article
കോലഞ്ചേരി ∙ കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിനു ജന്മനാട്ടിൽ ഉജ്വല സ്വീകരണം. തിങ്കൾ ഉച്ചയോടെ നെടുമ്പാശേരിയിൽ നിന്നു കോലഞ്ചേരിയിൽ എത്തിയ അദ്ദേഹത്തെ തുറന്ന വാഹനത്തിൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ആനയിച്ചു. പള്ളി അങ്കണത്തിൽ നടന്ന അനുമോദന യോഗത്തിൽ ഡോ. ഏബ്രഹാം മാർ സേവേറിയോസ്, ബെന്നി ബഹനാൻ എംപി, പി.വി. ശ്രീനിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സഭാ വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, വികാരി ഫാ. ഷിബിൻ പോൾ, സഹ വികാരി ഫാ. ബിജു ഏബ്രഹാം, നിബു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
പള്ളിയുടെ ഉപഹാരമായി സ്വർണമാല ഭാരവാഹികളായ കെ.പി. പൗലോസ്, സി.പി. ഏലിയാസ്, ബാബു പോൾ, കെ.വി. കുര്യാച്ചൻ തുടങ്ങിയവർ ചേർന്നു സമ്മാനിച്ചു. അമ്മൂമ്മ മറിയാമ്മ, പിതാവ് പൗലോസ്, സഹോദരൻ എബിൻ എന്നിവരും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. തുടർന്നു ഘോഷയാത്രയായി പൂതൃക്കയിലെ പൗരസ്വീകരണ വേദിയിലെത്തി. പി.വി. ശ്രീനിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി അലക്സ്, ഉമ മഹേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, സ്വീകരണ കമ്മിറ്റി ചെയർമാൻ ടി.പി. വർഗീസ്, കൺവീനർ ബിജു കെ. ജോർജ്, രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു എം.എൻ. അജിത്, ശ്രീകാന്ത് എസ്. കൃഷ്ണൻ, രാജൻ ചിറ്റേത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കടയിരുപ്പ് സ്കൂളിൽ 3.5 കോടി രൂപ മുടക്കി നിർമിക്കുന്ന സിന്തറ്റിക് ഗ്രൗണ്ടിന് എൽദോസ് പോളിന്റെ പേരു നൽകുമെന്ന് എംഎൽഎ പറഞ്ഞു. പഠനത്തോടൊപ്പം കുട്ടികൾക്കു കായിക പരിശീലനം നൽകാൻ രക്ഷിതാക്കൾ തയാറാകണമെന്ന് എൽദോസ് പോൾ പറഞ്ഞു.