ADVERTISEMENT

ആലുവ∙ മണപ്പുറത്തു ചലച്ചിത്രകാരൻ ലോഹിതദാസിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സ്മൃതി മണ്ഡപത്തിന്റെ പേരു വയലാർ രാമവർമ സ്മൃതി മണ്ഡപം എന്നാക്കി മാറ്റാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. നഗരസഭാ ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം അടുത്ത മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മണ്ഡപത്തിനു കവി വയലാറിന്റെ പേരിടാനുള്ള തീരുമാനം മുൻ ഉപാധ്യക്ഷ ജെബി മേത്തർ എംപി അവതരിപ്പിച്ച ഇക്കൊല്ലത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് അംഗങ്ങൾ അന്നു വിയോജിപ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീടു പ്രതിഷേധമൊന്നും ഉണ്ടായില്ല. 

2010ൽ സിപിഎമ്മിലെ സ്മിത ഗോപി നഗരസഭാധ്യക്ഷ ആയിരുന്ന കാലത്താണു ശിവരാത്രി ദൃശ്യോത്സവത്തിന്റെ സ്ഥിരം വേദി എന്ന നിലയിൽ മണപ്പുറത്തു മണ്ഡപം നിർമിച്ചതും ലോഹിതദാസിന്റെ പേരിടാൻ തീരുമാനിച്ചതും.അക്കൊല്ലം ഡിസംബറിൽ കേരള ഫോക്‌ലോർ അക്കാദമി മണപ്പുറത്ത് അന്യംനിന്നു പോകുന്ന നാടൻ കലാരൂപങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. അന്നു മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അവിടെ വച്ചു മണ്ഡപത്തിന്റെ നാമകരണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്നു നടന്നില്ല. 

12 വർഷമായിട്ടും മണ്ഡപത്തിനു പേരിടാനോ മന്ദിരം ഉദ്ഘാടനം ചെയ്യാനോ കഴിഞ്ഞിട്ടില്ല. എന്നാൽ, നഗരസഭയുടെ ശിവരാത്രി ദൃശ്യോത്സവ നോട്ടിസുകളിൽ ലോഹിതദാസ് സ്മൃതി മണ്ഡപം എന്നാണ് സ്ഥിരമായി രേഖപ്പെടുത്തിയിരുന്നത്. മണ്ഡപത്തിന് ഔദ്യോഗികമായി ലോഹിതദാസിന്റെ പേര് ഇട്ടിട്ടില്ലാത്തതിനാൽ കവി വയലാറിന്റെ പേരിടുന്നതിനു തടസ്സങ്ങളൊന്നും ഇല്ലെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു. നഗരസഭാ പ്രതിപക്ഷ നേതാവ് ഗയിൽസ് ദേവസ്സി പയ്യപ്പിള്ളിയുടെ സാന്നിധ്യത്തിലാണു പേരുമാറ്റത്തിന്റെ കാര്യം നഗരസഭാധ്യക്ഷൻ മാധ്യമങ്ങളെ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com