പ്രധാനമന്ത്രിയെ വരവേൽക്കാൻ കാലടിയിൽ തിരക്കിട്ട ഒരുക്കം; വിമാനത്താവള പരിസരത്തും ഗതാഗത നിയന്ത്രണം
Mail This Article
കാലടി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ചു കാലടിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ. നാളെ വൈകിട്ട് ആറിനാണു പ്രധാനമന്ത്രി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര കവാടത്തിൽ ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്റർ വി.ആർ.ഗൗരിശങ്കർ പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിക്കും. ആദിശങ്കര വേദ പാഠശാലയിലെ 10 വേദ വിദ്യാർഥികൾ വേദ മന്ത്രാലാപനം നടത്തും. പ്രധാനമന്ത്രി ആദ്യം ശ്രീശാരദ സന്നിധിയിൽ ദർശനം നടത്തും. ശ്രീകോവിലിൽ മംഗളാരതിയും ദീപാർച്ചനയും നടത്തി പ്രധാനമന്ത്രിക്കു പ്രസാദം നൽകും. തുടർന്നു ശ്രീശങ്കരന്റെ മാതാവ് ആര്യാംബയുടെ സമാധി സ്ഥലത്ത് അദ്ദേഹം പുഷ്പങ്ങൾ അർപ്പിക്കും.
അതിനു ശേഷം ശ്രീശക്തി ഗണപതി സന്നിധിയിൽ തൊഴുത് ശ്രീശങ്കര സന്നിധിയിൽ ദർശനം നടത്തും. രണ്ടിടത്തും മംഗളാരതിയും ദീപാർച്ചനയും നടത്തി പ്രധാനമന്ത്രിക്കു പ്രസാദം നൽകും. ശ്രീശങ്കര സന്നിധിയിൽ ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്റർ പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആദരിക്കും. തുടർന്നു അദ്ദേഹത്തിനു ഫലതാംബൂലവും പുസ്തകങ്ങളും നൽകും. ഇതിനു ശേഷം പ്രധാനമന്ത്രി മടങ്ങും.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പ്രധാനമന്ത്രി കാലടി പട്ടണം ചുറ്റാതെ മറ്റൂർ, ചെമ്പിശേരി, കൈപ്പട്ടൂർ വഴിയായിരിക്കും ക്ഷേത്രത്തിൽ എത്തുന്നത്. ഈ വഴിയിൽ ഉണ്ടായിരുന്ന ചെറിയ കുഴികൾ പിഡബ്ല്യുഡി ഇന്നലെ അടച്ചു ടാറിട്ടു. വഴിയരികിലെ പുല്ലുകൾ നീക്കം ചെയ്തു. ക്ഷേത്രത്തിലേക്കുള്ള വഴിയിലും ക്ഷേത്രത്തിന്റെ മുന്നിലുമുള്ള തെരുവുവിളക്കുകളിൽ കേടായതും പ്രകാശം കുറഞ്ഞതും പഞ്ചായത്ത് മാറ്റി സ്ഥാപിച്ചു.
ക്ഷേത്രത്തിനു മുന്നിലുള്ള ചെറിയ പാർക്കിങ് സ്ഥലത്ത് കോൺക്രീറ്റ് ടൈൽ വിരിക്കൽ ശൃംഗേരി മഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇടയ്ക്കു സ്ഥലത്തെത്തി സുരക്ഷ സംബന്ധിച്ച പരിശോധനകൾ നടത്തുന്നു. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനു കലക്ടർ രേണുരാജിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. ക്ഷേത്രത്തെ പ്രതിനിധീകരിച്ചു മാനേജർ പ്രഫ. എ.സുബ്രഹ്മണ്യ അയ്യരും അസിസ്റ്റന്റ് മാനേജർ സൂര്യ നാരായണ ഭട്ടും പങ്കെടുത്തു. ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നേരത്തെ മൊറാർജി ദേശായി ക്ഷേത്ര സന്ദർശനം നടത്തിയിട്ടുണ്ട്. രാഷ്ട്രപതിമാരായ വി.വി.ഗിരിയും എ.പി.ജെ.അബ്ദുൽ കലാമും ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനം: നാളെ ഗതാഗത നിയന്ത്രണം
ആലുവ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു നാളെ വൈകിട്ട് 5 മുതൽ 8 വരെ കാലടിയിലും കൊച്ചി വിമാനത്താവള പരിസരത്തും വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ വിമാനത്താവള പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഇതനുസരിച്ചു നേരത്തെ എത്തണം.