ADVERTISEMENT

കൊച്ചി ∙ കൊച്ചി മെട്രോയ്ക്കു ഓണ സമ്മാനം. നാലു വർഷമായി കാത്തിരിക്കുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണത്തിന് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്നു. ഇതിനൊപ്പം പേട്ടയിൽ നിന്നു മെട്രോ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലേക്കു സർവീസ് ആരംഭിക്കുന്നു. വൈകിട്ട് 6നു സിയാൽ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം നടന്നാലുടൻ രാജനഗരിയിലേക്കു മെട്രോ സർവീസ് ആരംഭിക്കും. കൊച്ചി മെട്രോ ഓടുന്ന ദൂരം ഇതോടെ 27 കിലോമീറ്ററാകും.

ernakulam-metro-painting
ഇന്നു പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ടുള്ള പെയിന്റിങ് .

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു. 2021 കേന്ദ്ര ബജറ്റിൽ തുക വകയിരുത്തിയെങ്കിലും ഇതുവരെ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ നിർമാണാനുമതി നൽകിയിട്ടില്ല. ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല. എന്നാൽ 3 വർഷം മുൻപുതന്നെ മന്ത്രിസഭാ പരിഗണനയ്ക്കുള്ള കുറിപ്പുവരെ തയാറായ പദ്ധതിയാണിത്. അങ്ങനെ അനിശ്ചിതത്വത്തിലായ പദ്ധതിക്കാണു പെട്ടെന്നു ചിറകുമുളയ്ക്കുന്നത്. മെട്രോ രണ്ടാംഘട്ടത്തിന്റെ പ്രാരംഭ ഒരുക്കങ്ങൾ 75% പൂർത്തിയായി.

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം ആലുവയിൽ നിന്നു തൃപ്പൂണിത്തുറ പേട്ട വരെയാണെങ്കിലും അതിന് അനുബന്ധമായി പേട്ടയിൽ നിന്നു തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ നിർമിച്ച ലൈനാണ് ഇന്നു കമ്മിഷൻ ചെയ്യുന്നത്. വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ സ്റ്റേഷനുകൾ ഉൾപ്പെടുന്ന ലൈനാണിത്. ഇതോടെ തൃപ്പൂണിത്തുറ നഗര കേന്ദ്രത്തിൽ നിന്നു തന്നെ മെട്രോ യാത്ര ആരംഭിക്കാം. എസ്എൻ ജംക്‌ഷനിൽ നിന്നു തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്കുള്ള ലൈനിന്റെ നിർമാണം നടക്കുന്നു. ഡിസംബറിൽ പൂർത്തിയാവും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ എം. അനിൽകുമാർ, ഹൈബി ഇൗഡൻ എംപി, മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.

ernakulam-north-railway-station
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന്റെ നവീകരണ രൂപരേഖ.

ഉയരുന്നത് വികസനത്തിലേക്കുള്ള ചൂളംവിളി

കൊച്ചി ∙ എറണാകുളം ജംക്‌ഷൻ, ടൗൺ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സിയാൽ കൺവൻഷൻ ഹാളിൽ നിർ‌വഹിക്കുമ്പോൾ തുടക്കമിടുന്നതു നാടിന്റെ വികസന സ്വപ്നത്തിനു കൂടി.ജംക്‌ഷൻ (സൗത്ത്) സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ പദ്ധതിയാണു റെയിൽവേ നടപ്പാക്കുന്നത്. പ്രധാന കവാടത്തിൽ പഴയ സ്റ്റേഷൻ കെട്ടിടത്തിനു പകരം പുതിയ 4 നിലക്കെട്ടിടവും കിഴക്കേ കവാടത്തിൽ പുതിയ കെട്ടിടവും വരും. പ്ലാറ്റ്ഫോമുകൾക്കു പൊതുമേൽക്കൂര, 2 ഫുട് ഓവർ ബ്രിജുകൾക്കു മുകളിൽ കോൺകോഴ്സ് ഏരിയ, എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും എസ്കലേറ്റർ, ലിഫ്റ്റ്, സൗത്ത് മെട്രോ സ്റ്റേഷനിലേക്കു സ്കൈ വോക് എന്നിവയോടെയാണു നവീകരണം.

2024 ജൂലൈയോടെ രാജ്യാന്തര നിലവാരത്തിൽ സ്റ്റേഷൻ വികസനം പൂർത്തിയാക്കുകയാണു ലക്ഷ്യം. ടൗൺ റെയിൽവേ സ്റ്റേഷനിൽ 150 കോടിയുടെ നവീകരണമാണു നടക്കുക. ഇവിടെയും പുതിയ കെട്ടിടം നിർമിക്കും. നിലവിലെ കെട്ടിടം രണ്ടു ഘട്ടമായി പൊളിച്ചുനീക്കും.ജംക്‌ഷൻ, ടൗൺ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി ഇന്നു സിയാൽ കൺവൻഷൻ ഹാളിൽ നിർ‌വഹിക്കുന്ന വേളയിൽ ഇരു റെയിൽവേ സ്റ്റേഷൻ പരിസരത്തും ചടങ്ങുകളുണ്ടാകും. മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, മേയർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ പങ്കെടുക്കും.

ernakulam-south-railway-station
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ നവീകരണ രൂപരേഖ.

ആവശ്യങ്ങൾ ഒട്ടേറെ

കൊച്ചി ∙ റെയിൽ വികസന മേഖലയിൽ ജില്ലയ്ക്കു പറയാൻ ആവശ്യങ്ങളേറെയുണ്ട്. ഹൈക്കോടതിക്കു സമീപം 42 ഏക്കർ, ഹാർബർ ടെർമിനസിൽ 75 ഏക്കർ, മാർഷലിങ് യാഡിൽ 110 ഏക്കർ എന്നിങ്ങനെ റെയിൽവേയ്ക്കു ഭൂമിയുണ്ട്. ഇതിന്റെ ഉപകാരം നിലവിൽ ആർക്കുമില്ല. എറണാകുളം മാർഷലിങ് യാഡ് ടെർമിനൽ പദ്ധതി, ഓൾഡ് റെയിൽവേ സ്റ്റേഷൻ നവീകരണം, കൊച്ചിൻ ഹാർബർ ടെർമിനസ്,‌ അങ്കമാലി റെയിൽവേ സ്റ്റേഷൻ നവീകരണം, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിവയാണ് അടിയന്തരശ്രദ്ധ വേണ്ടുന്ന പദ്ധതികൾ.

കാത്തുകാത്തിരുന്ന് കാക്കനാട്ടേക്കും

കൊച്ചി ∙ കാത്തുകാത്തിരുന്നു കാക്കനാട്ടേക്കും മെട്രോ എത്തുന്നു. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്ന് പാലാരിവട്ടം, സിവിൽ ലൈൻ റോഡ്, സീപോർട്ട്–എയർപോർട്ട് റോഡ് വഴി ഇൻഫോപാർക്ക് രണ്ടാം ഘട്ടംവരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നിർവഹിക്കും. നിശ്ചിത സമയത്ത് അനുമതി ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ സർവീസ് ഉദ്ഘാടനം ചെയ്യാമായിരുന്നു.

മെട്രോ ഇൻഫോപാർക്ക് വരെ എത്തിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ 75% പൂർത്തിയായി. സ്ഥലമെടുപ്പു നടപടികൾ ഏറെക്കുറെ പൂർത്തിയാക്കി. 11.2 കിലോമീറ്റർ ദൂരമുള്ള പുതിയ പാതയിൽ 11 സ്റ്റേഷനുകളുണ്ടാവും. 2021ലെ കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനു 1957 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും കേന്ദ്രം ഇതിൽ ചെലവിടേണ്ടി വരുന്നത് 338.75 കോടി രൂപ മാത്രമാണ്. അത്രയും തുക സംസ്ഥാന സർക്കാരും ബാക്കി കെഎംആർഎൽ എടുക്കുന്ന വായ്പയുമാണ്. രണ്ടാംഘട്ടത്തിനും വായ്പ നൽകാമെന്നു ഫ്രഞ്ച് വികസന ബാങ്ക് (എഎഫ്ഡി) സമ്മതിച്ചിട്ടുണ്ട്. 

11.2 കിലോമീറ്റർ

ജവ‌ഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് രണ്ടാംഘട്ടം വരെയുള്ള 11.2 കിലോമീറ്ററാണ് ‘പിങ്ക്’ ലൈൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ പാതയുടെ ദൈർഘ്യം. പുതിയ ട്രെയിനുകൾ വാങ്ങാതെ സിഗ്നലിങ്, ടെലികമ്യൂണിക്കേഷൻ എന്നിവയ്ക്ക് അധിക മുതൽമുടക്കില്ലാതെ ഉള്ള ജീവനക്കാരെ വച്ചു സർവീസ് നടത്തി ചെലവു ചുരുക്കുകയാണു കെഎംആർഎൽ ലക്ഷ്യം. പാലാരിവട്ടം മുതൽ കാക്കനാട് വരെ റോഡ് വീതികൂട്ടൽ നടക്കുന്നു. 7 ഏക്കർ സ്ഥലം ഇവിടെ ഏറ്റെടുക്കണം. കാക്കനാട് മുതൽ ഇൻഫോപാർക്ക് റോഡ് വരെയുള്ള വീതികൂട്ടലും പുരോഗമിക്കുന്നു. കോൺക്രീറ്റിനു പകരം സ്റ്റീൽ കൂടുതലായി ഉപയോഗിക്കുന്നതാവും രണ്ടാംഘട്ടം. 23 മാസം കൊണ്ടു പൂർത്തിയാക്കാനാണു ലക്ഷ്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. 

ernakulam-ayurveda-treatment-painting
തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ മെട്രോ സ്റ്റേഷനുള്ളിലെ ആയുർവേദ ചികിത്സാരീതിയുമായി ബന്ധപ്പെട്ട പെയിന്റിങ്.

അണിഞ്ഞൊരുങ്ങി മെട്രോ സ്റ്റേഷനുകൾ

തൃപ്പൂണിത്തുറ ∙ കൊച്ചി മെട്രോയുടെ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ സ്റ്റേഷനുകൾ അവസാന മിനുക്കു പണിയിൽ. എസ്എൻ ജംക്‌ഷന്റെ ഇരു ഭാഗത്തെയും കവാടങ്ങളിലൂടെ മെട്രോയിലേക്കു പ്രവേശിക്കാം. വടക്കേക്കോട്ട സ്റ്റേഷനിൽ പേട്ട – തൃപ്പൂണിത്തുറ ഭാഗത്തെ കവാടത്തിലൂടെയാണു പ്രവേശനം. മറ്റു ഭാഗത്തെ പണികൾ പുരോഗമിക്കുകയാണ്. മെട്രോ നഗരത്തിലേക്ക് എത്തുന്നതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന തൃപ്പൂണിത്തുറയ്ക്കു ആശ്വാസമാകും. കിഴക്കൻ മേഖലകളിൽ നിന്നുള്ളവർക്ക് എളുപ്പം എസ്എൻ ജംക്‌ഷൻ സ്റ്റേഷനിൽ എത്താൻ കഴിയും.

വടക്കേക്കോട്ട സ്റ്റേഷനു സമീപം ദീർഘദൂര ബസുകൾ നിർത്തുന്നതിനാൽ കോട്ടയം വൈക്കം ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനമായി. വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തു നഗരത്തിലേക്കു പോകാൻ സാധിക്കും.മെട്രോ വന്നതോടെ ഒട്ടേറെ വ്യവസായങ്ങളും നഗരത്തിൽ എത്തും. മെട്രോ വികസിക്കുന്ന കൂട്ടത്തിൽ മെട്രോ പോകുന്ന റോഡുകളുടെ വികസനവും നടന്നതു ഗതാഗതക്കുരുക്കു കുറയാൻ കാരണമായിട്ടുണ്ട്. തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തു മെട്രോ റെയിൽ പണിയുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ മെട്രോ സ്റ്റേഷനുകളിൽ തീമാറ്റിക് ഇന്റീരിയർ ഡിസൈനുകൾ പൂർത്തിയായി.

‘സ്വാതന്ത്ര്യസമരം’ എന്ന തീമാണു വടക്കേക്കോട്ട സ്റ്റേഷനു നൽകിയിരിക്കുന്നത്. എസ്എൻ ജംക്‌ഷൻ സ്റ്റേഷനു ആയുർവേദം തീമും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം രാജ്യം ആഘോഷിക്കുന്ന ഘട്ടത്തിലാണു സ്വാതന്ത്ര്യസമരം വടക്കേക്കോട്ട സ്റ്റേഷനിൽ പ്രമേയം ആകുന്നത്. പഴയ എറണാകുളം ഗുഡ്സ് സ്റ്റേഷനിൽ കാലുകുത്തിയ നിമിഷം മുതൽ അവസാന സന്ദർശനം വരെയുള്ള ഗാന്ധിജിയുടെ കൊച്ചി സന്ദർശനങ്ങളുടെ ചിത്രങ്ങൾ, ക്ഷേത്രപ്രവേശന വിളംബരം, വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾ തുടങ്ങിയ ചുമരുകളിൽ നിറഞ്ഞു.ധന്വന്തരിയുടെ ചിത്രം, ചരക മഹർഷിയുടെ സൃഷ്ടികൾ, പഞ്ചകർമയുടെ പ്രാധാന്യം വെളിവാക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ എസ്എൻ ജംക്‌ഷൻ സ്റ്റേഷനിൽ എത്തിയാൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com