കുസാറ്റിനു സമീപം മണ്ണിടിച്ചിൽ: മതിൽ വീണു വീടുകൾക്ക് ഭീഷണി
Mail This Article
കളമശേരി ∙ നഗരസഭയിലെ 21–ാം വാർഡിൽ കുസാറ്റിനു സമീപം മണ്ണിടിഞ്ഞു. മുപ്പതടിയോളം ഉയരമുള്ള വലിയ മതിലിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞുവീണു. മണ്ണിടിച്ചിലിനും ശേഷിക്കുന്ന മതിൽ ഇടിയാനും സാധ്യതയുള്ളതിനാൽ സമീപത്തെ വീടുകൾ ഭീഷണിയിലാണ്. കരിങ്കൽ പാകി കോൺക്രീറ്റ് ചെയ്ത മതിലാണ് ഉച്ചയ്ക്ക് 3.30ന് വൻ ശബ്ദത്തിൽ ഇടിഞ്ഞുവീണത്. ദിലീപ് ഭവനത്തിൽ എസ്. സുശീലയുടെ വീടിനോടു ചേർന്ന ഭാഗമാണ് ഇടിഞ്ഞത്. മണ്ണിടിച്ചിൽ ഈ വീടിനു ഭീഷണിയായിട്ടുണ്ട്. 50 മീറ്ററോളം നീളമുള്ള മതിലിന്റെ 10 മീറ്ററോളം ഭാഗമാണ് തകർന്നത്. ശേഷിച്ച ഭാഗത്തിനും മണ്ണിടിച്ചിൽ ഭീഷണിയാണ്. മണ്ണെടുത്തു മാറ്റിയ ശേഷം കരിങ്കല്ലു പാക്കുചെയ്തു കെട്ടിപ്പൊക്കിയ മതിലാണു കനത്തമഴയിൽ ഇടിഞ്ഞുവീണത്.
2 വർഷം മുൻപ് നിർമിച്ച മതിലാണു തകർന്നത്. 30 അടിയോളം താഴ്ചയിൽ കുത്തനെ മണ്ണെടുത്തു മാറ്റിയപ്പോഴും, അശാസ്ത്രീയമായി മതിൽ നിർമിച്ചപ്പോഴും സമീപവാസികൾ അപാകത ചൂണ്ടിക്കാണിച്ചിരുന്നു. മണ്ണെടുക്കുന്നതിൽ ആശങ്ക അറിയിച്ചിരുന്നതാണെന്നും നാട്ടുകാർ പറഞ്ഞു. അപകടഭീഷണി ജില്ലാ ദുരന്ത നിവാരണ സമിതിയെ അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസർ അബ്ദുൽ ജബ്ബാർ സ്ഥലത്തെത്തി പരിശോധന നടത്തി. സുശീലയുടെ വീട്ടിൽ താമസിച്ചിരുന്ന 4 അംഗ കുടുംബത്തോടു മാറിത്താമസിക്കാൻ നിർദേശിച്ചു. സ്ഥിതി അപകടകരമാണെന്നു കാണിച്ചു ജില്ലാ ദുരന്ത നിവാരണ സമിതിക്കു റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫിസർ അറിയിച്ചു.