ആവശ്യം നടപ്പായില്ല; വികസനത്തിന്റെ ട്രെയിൻ കാത്ത് റെയിൽവേ സ്റ്റേഷൻ
Mail This Article
അങ്കമാലി ∙ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യം നടപ്പായില്ല. റെയിൽവേ ട്രാക്ക് മറികടക്കാൻ തെക്കു ഭാഗത്ത് ഒരു മേൽ നടപ്പാലം നിർമിക്കണമെന്നതാണ് പ്രധാനം. ഇപ്പോൾ വടക്കുഭാഗത്ത് മാത്രമാണ് പാലം. യാത്രക്കാർ പാലം കയറാതെ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കും.ട്രാക്ക് കുറുകെ കടക്കുന്നതിനിടെ അടുത്തിടെ ഒരു വിദ്യാർഥിനി മരിച്ചു. ഏറെ നാൾ മുൻപും ഒരു വിദ്യാർഥിനി മരിച്ചിരുന്നു.എസ്കലേറ്റർ സൗകര്യത്തോടെയുള്ള പാലം വേണമെന്നാണ് ആവശ്യം.നടപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
തെക്കുഭാഗത്ത് ഇറങ്ങുന്ന യാത്രക്കാർ വടക്കുഭാഗത്തേക്ക് ഏറെ ദൂരം നടന്ന് നടപ്പാലം കയറിയിറങ്ങി അടുത്ത പ്ലാറ്റ്ഫോമിലൂടെ വീണ്ടും പിന്നിലേക്കു നടക്കേണ്ട സ്ഥിതിയാണുള്ളത്. രോഗികളും പ്രായമേറിയവരും ഒരു പ്ലാറ്റ്ഫോമിൽ നിന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്കു പോകുന്നതിനു കഷ്ടപ്പെടുകയാണ്. റെയിൽവേ ട്രാക്ക് കുറുക കടക്കുമ്പോൾ അപകടസാധ്യതകൾ ഏറെയാണ്. വളവ് ഉള്ളതിനാൽ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്ന യാത്രക്കാർക്ക് തെക്കു ഭാഗത്തു നിന്നു വരുന്ന ട്രെയിനുകൾ കാണാനാകാതെ അപകടത്തിൽ പെടും.
മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി നഗരസഭയുടെ പ്രമേയം റെയിൽവേക്ക് നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളെ സംബന്ധിച്ച് അറിയുന്നതിന് ഡിജിറ്റൽ ബോർഡ് ഉണ്ടായിരുന്നു. കേടായ ബോർഡ് നീക്കം ചെയ്തു. അറ്റകുറ്റപ്പണി നടത്തി ഈ ബോർഡ് പുനഃസ്ഥാപിച്ചിട്ടില്ല. സ്പോട് ദ് ട്രെയിൻ സംവിധാനവും പുനഃസ്ഥാപിക്കണം. പ്ലാറ്റ്ഫോമിന്റെ കുറച്ചുഭാഗത്തു കൂടി മേൽക്കൂര നിർമിക്കേണ്ടതുണ്ട്. മഴയും വെയിലും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. സ്റ്റേഷൻ ഓഫിസിനോടു ചേർന്നുള്ള ഭാഗത്തു മാത്രമാണ് ഇപ്പോൾ മേൽക്കൂരയുള്ളത്.
റെയിൽവേ സ്റ്റേഷനിലെ ശുദ്ധജല ലഭ്യത കൂട്ടുകയും ശുചിമുറി സൗകര്യങ്ങൾ വർധിപ്പിക്കുകയും വേണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.പ്ലാറ്റ്ഫോമിന്റെ ഇടയിലായി വരുന്ന റെയിൽവേ ഗേറ്റ് യാത്രക്കാർ തടസ്സമാണ്. റെയിൽവേ ഗേറ്റിനു മുന്നിൽ വരുന്ന ബോഗികളിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ വീഴാറുണ്ട്. പ്ലാറ്റ്ഫോമാണെന്നു കരുതി ഇറങ്ങുന്നവർ ഗേറ്റിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കാണു വീഴുക. രാത്രികാലങ്ങളിൽ ട്രെയിൻ നിർത്തുമ്പോഴാണ് അപകടങ്ങൾ ഏറെയും. ചമ്പന്നൂർ റെയിൽവേ മേൽപാലം സ്ഥാപിക്കണമെന്ന റെയിൽവേയുടെ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല.