കാക്കനാട്ടേക്കുള്ള മെട്രോയ്ക്ക് ദൂരം 38 കിലോമീറ്റർ, സ്റ്റേഷനുകൾ 11
Mail This Article
കൊച്ചി ∙ ഏറെ വൈകിയെങ്കിലും കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് അന്തിമ അനുമതിയും ലഭിച്ചു. നാലു വർഷം മുൻപേ നിർമാണം തുടങ്ങേണ്ടിയിരുന്ന പദ്ധതിയാണിത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇപ്പോൾ മെട്രോ കാക്കനാട്ടേക്ക് ഓടിയെത്തുമായിരുന്നു. പാലാരിവട്ടം, വാഴക്കാല, ചെമ്പുമുക്ക്, പടമുകൾ, കാക്കനാട്, ചിറ്റേത്തുകര, ഇടച്ചിറ തുടങ്ങി പാർപ്പിട മേഖലകളെ ബന്ധിപ്പിച്ചാണു പുതിയ ലൈൻ. നിലവിൽ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെയാണു മെട്രോ ഓടുന്നത്.
ഇൗ വർഷം അവസാനത്തോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ എത്തും. ഭാവിയിൽ തൃപ്പൂണിത്തുറ ടെർമിനലും ഇൻഫോപാർക്ക് ടെർമിനലും ബന്ധിപ്പിച്ചു പുതിയൊരു മെട്രോ ലൈൻ വരാൻ സാധ്യത ഏറെയാണ്. ഇപ്പോഴുള്ള മെട്രോ സിസ്റ്റം തന്നെയാവണം അത് എന്നില്ല, ഒരുപക്ഷേ, മെട്രോ നിയോ ആയിരിക്കാം. എംജി റോഡ് സ്റ്റേഷനിൽ നിന്നു മറൈൻഡ്രൈവ് വഴി സൗത്ത് സ്റ്റേഷനിലേക്കു മെട്രോയുടെ ലൂപ് ലൈനും പരിഗണനയിലുണ്ട്. ഇത്രയും പൂർത്തിയാവുന്നതോടെ ജനവാസ മേഖലകളെയും വ്യാപാര മേഖലകളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മെട്രോ മാറും.
മെട്രോയിലേക്കു കൂടുതൽ യാത്രക്കാരെത്തും. ആ നല്ല നാളുകളിലേക്കാണു മെട്രോ കാക്കനാട് ലൈൻ തുടക്കമിടുന്നത്. 3 വർഷം മുൻപു മന്ത്രിസഭാ അനുമതിയുടെ തൊട്ടടുത്തു വരെ എത്തിയ പദ്ധതിയാണിത്. അന്നു മന്ത്രിസഭാ കുറിപ്പ് തയാറായിരുന്നു. പിന്നീട് രാഷ്ട്രീയകാരണങ്ങളാൽ അനുമതി ഉണ്ടായില്ല. 2021ലെ കേന്ദ്ര ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു. തുകയും വകയിരുത്തി. എന്നിട്ടും കേന്ദ്ര മന്ത്രിസഭാ അനുമതി കിട്ടിയില്ല. ഐഎൻഎസ് വിക്രാന്ത് കമ്മിഷൻ ചെയ്യാനെത്തിയ പ്രധാനമന്ത്രി ഏവരെയും അദ്ഭുതപ്പെടുത്തി മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനത്തിനു സമ്മതിക്കുകയായിരുന്നു.
ദൂരം 38 കിലോമീറ്റർ
കാക്കാനാട്ടേക്കുള്ള രണ്ടാം ഘട്ടം പൂർത്തിയായാൽ കൊച്ചി മെട്രോ റൂട്ടിന്റെ ദൈർഘ്യം 38 കിലോമീറ്റർ ആകും. എസ്എൻ ജംക്‌ഷൻ വരെ ഇപ്പോൾ 27 കിലോമീറ്റർ മെട്രോ ഓടുന്നുണ്ട്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടം 4 പ്രാവശ്യമായാണു കമ്മിഷൻ ചെയ്തത്. അതിന്റെ തുടർച്ചയാണു പേട്ടയിൽ നിന്നു എസ്എൻ ജംക്‌ഷൻ വരെയുള്ള ലൈൻ. ഒരേ ദിശയിലുള്ള ഇൗ ലൈനിൽ നിന്നു മറ്റൊരു ദിശയിലേക്കാണു കാക്കനാട് ലൈൻ. 11.2 കിലോമീറ്റർ ദൂരം. 11 സ്റ്റേഷനുകൾ.
നഗരത്തിന്റെ വ്യാപാര മേഖലയെ ഐടി കേന്ദ്രവുമായും ജില്ലാ ഭരണകേന്ദ്രവുമായും ബന്ധിപ്പിക്കുന്നുവെന്നതാണു ഇൗ ലൈനിന്റെ പ്രത്യേകത. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു പാലാരിവട്ടം, സിവിൽ ലൈൻ റോഡ് , സീപോർട്ട് എയർപോർട്ട് റോഡ് വഴി ഇൻഫോ പാർക്ക് രണ്ടാം ഘട്ടം വരെയാണു പുതിയ ലൈൻ. രണ്ടാം ഘട്ടത്തിന് അനുമതി ആവശ്യപ്പെട്ട് ആദ്യം സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര സർക്കാർ മടക്കിയതാണ്.
പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ ചെലവു കുറഞ്ഞ മറ്റെന്തെങ്കിലും മാർഗം സ്വീകരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ഇത്. 2500 കോടിയോളം രൂപയായിരുന്നു ചെലവ്. എന്നാൽ നിലവിലുള്ള മെട്രോയുടെ തുടർച്ചയായി രണ്ടാം ഘട്ടം നടപ്പാക്കണമെന്നും അതുവഴി, പുതിയ മെട്രോ നിർമിക്കുന്നതിനു വേണ്ടിവരുന്ന അത്രയും ചെലവു വരില്ലെന്നുമുള്ള വിശദീകരണത്തിലാണു രണ്ടാം ഘട്ടവും മെട്രോ തന്നെ അനുവദിക്കാൻ കാരണം. രണ്ടാം ഘട്ടത്തിനു വേണ്ടി പുതിയ ട്രെയിനുകളൊന്നും വാങ്ങുന്നില്ല. നിലവിലുള്ള 25 ട്രെയിനുകൾ വച്ചുതന്നെ രണ്ടാം ലൈനിലും സർവീസ് നടത്തും.
അങ്ങനെ പദ്ധതിയുടെ ചെലവ് 1957 കോടി രൂപയായി കുറച്ചു. ഇതിൽ കേന്ദ്ര വിഹിതം 274.90 കോടി രൂപയാണ്. അത്രയും തുക സംസ്ഥാന സർക്കാരും വഹിക്കണം. ഇരു സർക്കാരുകളും വഹിക്കേണ്ട മറ്റു ബാധ്യതകളുമുണ്ട്. ബാക്കി തുക ഫ്രഞ്ച് വികസന ബാങ്ക് വായ്പ നൽകാമെന്നു വർഷങ്ങൾക്കു മുൻപേ സമ്മതിച്ചിട്ടുണ്ട്. എന്നാൽ മെട്രോയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കു വേണ്ടിവരുന്ന തുക സംസ്ഥാന സർക്കാർ വഹിക്കേണ്ടതാണ്. അനുമതി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇതു നേരത്തേതന്നെ ആരംഭിച്ചിരുന്നു. 75% പൂർത്തിയായി.
പുതിയ സ്റ്റേഷനുകൾക്ക‌് മോടി കുറയും
നിലവിലുള്ള മെട്രോ സ്റ്റേഷനുകളുടെ അത്ര ആഡംബരം പുതിയ ലൈനിൽ ഉണ്ടാകാൻ ഇടയില്ല. വേഗത്തിൽ പണി തീർക്കാനും ചെലവു കുറയ്ക്കാനുമായി സ്റ്റീൽ കൂടുതൽ ഉപയോഗിക്കും. 23 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ആലുവ– പേട്ട ലൈൻ നിർമിക്കാൻ കെഎംആർഎൽ, ഡിഎംആർസിയുടെ പിൻബലം തേടിയെങ്കിൽ പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെ കെഎംആർഎൽ സ്വന്തമായാണു മെട്രോ നിർമിച്ചത്. ആ അനുഭവ സമ്പത്തു പുതിയ ലൈൻ നിർമാണ വേളയിൽ മുതൽക്കൂട്ട് ആകുമെന്നാണു പ്രതീക്ഷ.
സമഗ്ര ഗതാഗത പരിഷ്കരണം
വാട്ടർ മെട്രോ കൂടി കമ്മിഷൻ ചെയ്യുന്നതോടെ മെട്രോ സംവിധാനത്തിൽ കൂടുതൽ ദൂരം യാത്ര ചെയ്യാനാവും. ഇപ്പോൾ ബസ് റൂട്ടുകളിലൂടെ കണക്ട് ചെയ്യാത്ത സ്ഥലങ്ങളിലേക്കു എളുപ്പത്തിൽ സുഖകരമായ യാത്ര സാധ്യമാകും. വൈപ്പിൻ, പശ്ചിമകൊച്ചി മേഖലയിലുള്ളവർക്കു ബസ് ഇറങ്ങി, കുറെ ദൂരം നടന്നുവേണം മെട്രോയിൽ കയറാൻ. വാട്ടർ മെട്രോ വരുന്നതോടെ വാട്ടർമെട്രോ, ഫീഡർ സർവീസ്, മെട്രോ എന്നിങ്ങനെ അനായാസേന തുടർ യാത്ര സാധ്യമാകും. നഗരത്തിലെ ഗതാഗത മേഖലയുടെ സമഗ്ര പരിഷ്കരണവും ഏകോപനവും ഇതുമൂലം സാധ്യമാകും. വാട്ടർമെട്രോ ഇൗ വർഷം തന്നെ കമ്മിഷൻ ചെയ്യും.
ഒരുക്കം നേരത്തെ തുടങ്ങി
കാക്കനാട്∙ ജില്ലാ ആസ്ഥാനത്തേക്കു മെട്രോ റെയിൽ ദീർഘിപ്പിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ പകുതിയിലധികം പൂർത്തിയായി. റോഡ് വീതി കൂട്ടൽ ഉൾപ്പെടെയുള്ള നടപടികളും പുരോഗമിക്കുന്നു. പാലാരിവട്ടം ജംക‍്ഷൻ മുതൽ ഇൻഫോപാർക്ക് വരെ വാഴക്കാല, കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായി 326 ഉടമകളുടെ പ്ലോട്ടുകളാണ് മെട്രോ റെയിൽ നിർമാണത്തിന് ആവശ്യം. ഇതിൽ 201 പ്ലോട്ടുകളുടെ ഉടമകൾക്ക് സ്ഥല വില കൈമാറി. 125 ഭൂഉടമകൾക്കാണ് വില നൽകാനുള്ളത്. ഇതിനുള്ള 100 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും കെഎംആർഎലിന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല.
വാഴക്കാല വില്ലേജ് പരിധിയിലെ 101 പ്ലോട്ട് ഉടമകൾക്കും വാടകക്കാരായ വ്യാപാരികൾക്കും നൽകാനാണ് 69 കോടി രൂപ വേണ്ടി വരുന്നത്. സ്ഥലം വിട്ടു കൊടുത്ത ഉടമകൾ മാസങ്ങൾക്കു മുൻപ‌് ആധാരം ജില്ലാ ഭരണകൂടത്തിനു കൈമാറിയിട്ടുണ്ട്. രേഖകളുടെ പരിശോധനയും പൂർത്തിയായി. കെഎംആർഎലിന്റെ അക്കൗണ്ടിലേക്ക് പണം കിട്ടിയാലുടൻ കലക്ടർക്ക് കൈമാറും. സിവിൽ ലൈൻ റോഡിൽ സ്ഥലം വിട്ടു നൽകുന്നവരാണ് വാഴക്കാല വില്ലേജ് പരിധിയിലെ 101 ഭൂഉടമകൾ. സ്ഥലമെടുപ്പിനു 130 കോടി രൂപയും റോഡ് വീതി കൂട്ടാൻ 59 കോടി രൂപയുമാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചിരുന്നത്.
ബാക്കി ഫണ്ട് കിട്ടാതിരുന്നതിനാൽ 9 മാസമായി ഭൂവില വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. വാടകക്കാരായ ഒട്ടേറെ വ്യാപാരികൾക്കും നഷ്ടപരിഹാരം നൽകാനുണ്ട്. കാക്കനാട് വില്ലേജ് പരിധിയിലെ എല്ലാ പ്ലോട്ടുകൾക്കും വില അനുവദിച്ചു. കലൂർ സ്റ്റേഡിയം മുതൽ പാലാരിവട്ടം ജംക‍്ഷൻ വരെ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടേയുള്ളു.
രണ്ടാംഘട്ടത്തിന്റെ ഫണ്ട് ഇങ്ങനെ:
∙ കേന്ദ്ര സർക്കാർ ഓഹരി:274.90 കോടി രൂപ
∙ കേരള സർക്കാർ ഓഹരി:274.90 കോടി
∙ 50% കേന്ദ്രനികുതികൾക്കുള്ള കേന്ദ്ര വായ്പ:63.85 കോടി
∙ 50% കേന്ദ്രനികുതികൾക്കുള്ള കേരള വായ്പ:63.85 കോടി
∙ മറ്റ് ഏജൻസികളിൽ നിന്നുള്ള വായ്പ:1016.24 കോടി
∙ ഭൂമിക്കുമേൽ സംസ്ഥാന സർക്കാർ വായ്പ:82.68 കോടി
∙ സംസ്ഥാന സർക്കാർ വഹിക്കേണ്ട സംസ്ഥാന നികുതികൾ:94.19 കോടി
∙ വായ്പയ്ക്കും മറ്റുമായി കേരളം വഹിക്കേണ്ട പലിശ:39.56 കോടി
∙ പൊതു സ്വകാര്യ പങ്കാളിത്ത ഘടകങ്ങൾ:46.88 കോടി