ചുമരുകൾ പറയും, ചിത്രകലയുടെ പാഠങ്ങൾ
Mail This Article
ആലുവ∙ യുസി കോളജ് ഫിസിക്സ് വിഭാഗത്തിന്റെ ചുമരുകൾ ഇനി ചിത്രകലയുടെ പാഠങ്ങളും പറയും. ഭൗതികശാസ്ത്രത്തിന്റെ സമവാക്യങ്ങളെയും സൂത്രവാക്യങ്ങളെയും പരീക്ഷണ നിരീക്ഷണങ്ങളെയും പ്രതീകങ്ങളിലൂടെ ചുവർചിത്രങ്ങളാക്കി അവതരിപ്പിച്ചിരിക്കുന്നതു കോളജിലെ വര ക്ലബ് അംഗങ്ങളാണ്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ചു കോളജിൽ ‘ഫ്രീഡം വോൾ’ ഒരുക്കി ശ്രദ്ധേയരായ ക്ലബ് അംഗങ്ങൾ കോളജ് ശതാബ്ദിയുടെ ഭാഗമായി ഒഴിഞ്ഞ ചുമരുകളെല്ലാം ചിത്രഭിത്തികളാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
കോളജ് കന്റീനിലെ ഭിത്തിയിൽ ഇവർ ഗൃഹാതുരത്വം ഉണർത്തുന്ന ചായക്കട ദൃശ്യങ്ങൾ പുനഃസൃഷ്ടിച്ചതോടെ ഭക്ഷണശാലയ്ക്കപ്പുറം അതൊരു സെൽഫി പോയിന്റ് കൂടിയായി മാറി. 1984–87 ബാച്ച് ബിഎസ്‌സി ഫിസിക്സ് വിദ്യാർഥികളുടെ പിന്തുണയോടെയാണു വര ക്ലബ് അംഗങ്ങൾ ഫിസിക്സ് വിഭാഗം കെട്ടിടങ്ങളുടെ ഭിത്തിയിൽ ചിത്രരചന നടത്തിയത്. ‘1984–87 ബാച്ചിന്റെ വിചാരങ്ങളെ വരകളാക്കി വര ക്ലബ് 2022’ എന്നാണു ചിത്രങ്ങളുടെ സമർപ്പണ വാചകം. ചിത്രകാരൻ അനന്തു കെ. തമ്പി, ക്ലബ് സ്റ്റാഫ് അഡ്വൈസർ ഡോ. മിനി ആലീസ്, സ്റ്റുഡന്റ് സെക്രട്ടറിമാരായ അമൃത ബൈജു, ഫാത്തിമ മെഹജുബിൻ എന്നിവരാണു ചിത്രരചനയ്ക്കു നേതൃത്വം നൽകുന്നത്.
സഹായഹസ്തവുമായി പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, ശിൽപി മരപ്രഭു രാമചന്ദ്രൻ എന്നിവരും ഉണ്ട്. കോളജിലെ ബാസ്കറ്റ് ബോൾ, ടെന്നിസ് കോർട്ടുകളും വിവിധ വകുപ്പുകളുടെ ചുമരുകളും താമസിയാതെ ചിത്രരചനയ്ക്കു വേദിയാകും. ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ നേതൃത്വത്തിലുള്ള കോഴഞ്ചേരി അഞ്ചപ്പം ഭക്ഷണശാലയുടെ ഭിത്തിയിൽ ചിത്രം വരയ്ക്കാനുള്ള ക്ഷണവും ഇതിനിടെ ക്ലബ് അംഗങ്ങളെ തേടിയെത്തി.