ADVERTISEMENT

മുളന്തുരുത്തി ∙ ‘ബിസ്കറ്റ് ഒന്നും കഴിച്ചില്ലേ മോനെ നീ...’ വടക്കഞ്ചേരി അപകടത്തിൽ മരിച്ച ഏക മകൻ ക്രിസ് വിന്റർബോണിന്റെ ബാഗിലേക്കു നോക്കാനാകാതെ കുറെ നേരമിരുന്ന പിതാവ് തോമസ് പിന്നീട് ബാഗ് തുറന്ന ശേഷം കരച്ചിലോടെ ചോദിച്ചത് ഇങ്ങനെ. ബാഗ് കണ്ട് അമ്മ മേരിയും വിതുമ്പി. ബസ‌് അപകടസ്ഥലത്തു നിന്നെത്തിച്ച ബാഗുമായി വീട്ടിലെത്തിയ പഞ്ചായത്തംഗം ജെറിൻ ടി. ഏലിയാസ് എന്തു പറയണമെന്നറിയാതെ നിന്നു.

വടക്കാഞ്ചേരി അപകടത്തിൽപെട്ട വിദ്യാർഥികളുടെ ബാഗുകൾ വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെത്തിച്ച് ഇന്നലെ വിതരണം ചെയ്തു. രാവിലെ മുതൽ രക്ഷിതാക്കളെത്തി കുട്ടികളുടെ ബാഗുകൾ ഏറ്റുവാങ്ങി. അപകടത്തിൽ മരിച്ച വിദ്യാർഥികളുടെയും അധ്യാപകന്റെയും വീടുകൾ ഓർത്തഡോക്സ് സഭയുടെ സ്കൂളുകളുടെ കോർപറേറ്റ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസും അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസും സന്ദർശിച്ചു. വെട്ടിക്കൽ സെന്റ് തോമസ് ദയറയുടെ പൂമുഖത്തെത്തി തങ്ങളെ വിട്ടുപിരിഞ്ഞ സഹപാഠികൾക്കു വേണ്ടി പ്രാർഥിച്ച ശേഷമാണു കുട്ടികൾ ക്ലാസുകളിലേക്കു നീങ്ങിയത്. പ്രവർത്തനം ആരംഭിച്ചെങ്കിലും മൂകമായിരുന്നു ഇന്നലെ സ്കൂൾ അങ്കണം.

സ്കൂളിലെ വിനോദയാത്ര‌ാ സംഘത്തിലെ 5 വിദ്യാർഥികളും കായികാധ്യാപകനും മരിച്ചതിന്റെ വിഷമം കടിച്ചമർത്തി അധ്യാപകർ ക്ലാസുകളിലേക്കു നീങ്ങി. അപകടത്തിൽ പരുക്കേറ്റവർ ഒഴിച്ചുള്ള വിദ്യാർഥികൾ ക്ലാസുകളിലെത്തിയിരുന്നു. വിദ്യാർഥികൾ എത്തുന്നതിനു മുൻപ് അധികൃതർ, മരിച്ചവരുടെ ചിത്രങ്ങളുള്ള ബോർഡുകൾ അടക്കം ദുരന്തത്തിന്റെ ഓർമയുണർത്തുന്നതെല്ലാം സ്കൂളിൽ നിന്നു മാറ്റി. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നു വിദ്യാർഥികളെ മുക്തരാക്കാനുള്ള ശ്രമത്തിലാണു സ്കൂൾ അധികൃതർ. കൗൺസലിങ് ഉൾപ്പെടെ നടത്തി കുട്ടികളെ സാധാരണ നിലയിലെത്തിക്കുകയാണു ലക്ഷ്യം. 3 മാസം നീളുന്ന പ്രവർത്തനങ്ങളാണു ഇതിനായി ആസൂത്രണം ചെയ്തതെന്നു സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ജോർജ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com