ADVERTISEMENT

കാലടി∙ കാലടി എംസി റോഡിൽ ശ്രീശങ്കര പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കാൻ കരാറായി. നിർമാണം ഉടനെ ആരംഭിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 33.92 കോടി രൂപയ്ക്കു അകേഷ്യ ബിൽഡേഴ്സാണ് കരാർ എടുത്തിരിക്കുന്നത്. കഴിഞ്ഞ 13നാണു കരാർ ഒപ്പിട്ടത്. 24 മാസമാണ് നിശ്ചയിച്ചിരിക്കുന്ന നിർമാണ കാലാവധി. 19 സ്പാനുകളിലായി 455.4 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 14 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുക. 1963ൽ നിർമിച്ച നിലവിലുള്ള പാലത്തിന് 15 സ്പാനുകളിലായി 411.48 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 9.70 മീറ്റർ വീതിയുമാണുള്ളത്.

സമാന്തര പാലം നിർമിക്കണമെന്നതു കനത്ത ഗതാഗതക്കുരുക്കിൽ വലയുന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. 2012 മാർച്ച് 27നു ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. എന്നാൽ പാലവും ബൈപാസ് റോഡും വരേണ്ട ദിശ സംബന്ധിച്ച തർക്കത്തിൽ കുടുങ്ങി പ്രാരംഭ പ്രവർത്തനം പോലും നടന്നില്ല. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അതിനോടു ചേർന്നു തന്നെയാണ് പുതിയ പാലം വരുന്നത്. അതിനാൽ അപ്രോച്ച് റോഡിനായി 30 സെന്റ് സ്ഥലം മാത്രം ഏറ്റെടുത്താൽ മതിയാകും.

സ്ഥലം വിട്ടു നൽകാൻ പാലത്തിന്റെ 2 ഭാഗത്തെയും ഭൂവുടമകൾ സമ്മത പത്രം നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ‍2021 ജൂൺ 14നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം സന്ദർശിച്ചിരുന്നു. തുടർന്നു മന്ത്രി പി.രാജീവ്, എംഎൽഎമാരായ റോജി എം.ജോൺ, എ‍ൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കൂടുകയും അടിയന്തരമായി സമാന്തര പാലം നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com