കെട്ടിടത്തിനു 10 സെന്റിമീറ്റർ ഉയരം കുറവ്; 8 അധ്യാപക തസ്തികകളിൽ നിയമനം നടത്താതെ വിദ്യാഭ്യാസ വകുപ്പ്
Mail This Article
ആലുവ∙ ജില്ലാ പഞ്ചായത്ത് നിർമിച്ച സ്കൂൾ കെട്ടിടത്തിനു 10 സെന്റിമീറ്റർ ഉയരം കുറവാണെന്നു ചൂണ്ടിക്കാട്ടി 8 അധ്യാപക തസ്തികകളിൽ നിയമനം നടത്താതെ വിദ്യാഭ്യാസ വകുപ്പ്. എടത്തല പഞ്ചായത്തിലെ നൊച്ചിമ ഗവ. ഹൈസ്കൂളിലെ 967 വിദ്യാർഥികളുടെ ഭാവിയാണു സാങ്കേതികത്വത്തിന്റെ നൂലാമാലകളിൽ കുരുക്കി അധികൃതർ തട്ടിക്കളിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ചട്ടം അനുസരിച്ചു 2019നു ശേഷം നിർമിച്ച ക്ലാസ് മുറികൾക്കു 3 മീറ്റർ 70 സെന്റിമീറ്റർ ഉയരം വേണം. നൊച്ചിമയിൽ 2020ൽ 2 നിലകളിലായി നിർമിച്ച 6 ക്ലാസ് മുറികൾക്കു 3 മീറ്റർ 60 സെന്റിമീറ്റർ ഉയരമേയുള്ളൂ. കെട്ടിടത്തിനു പഞ്ചായത്ത് അസി. എൻജിനീയർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ ഇവിടെ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നുണ്ട്. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് ആവശ്യമുള്ളതിലും 8 അധ്യാപകരെ കുറച്ചേ നൽകിയിട്ടുള്ളൂ.
ഗെസ്റ്റ് അധ്യാപകരെ നിയമിക്കാനും അനുവദിച്ചിട്ടില്ല. അധികൃതരുടെ കടുംപിടിത്തം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ പിടിഎ 8 താൽക്കാലിക അധ്യാപകരെ നിയമിച്ചാണു ക്ലാസ് നടത്തുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വീടുകളിലെ കുട്ടികളാണു വിദ്യാർഥികളിൽ ഭൂരിഭാഗവും. പിടിഎയ്ക്കു കാര്യമായ ഫണ്ട് ഇല്ലാത്തതിനാൽ ബിരുദാനന്തര ബിരുദവും ബിഎഡും മറ്റുമുള്ള ഈ അധ്യാപകർക്കു വെറും 8,000 രൂപ വീതമാണു പ്രതിമാസ ശമ്പളം നൽകുന്നത്. 64 സെന്റ് സ്ഥലത്താണ് ഇത്രയേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരമാവധി 40 കുട്ടികളെ ഇരുത്താവുന്ന ക്ലാസ് മുറികളിൽ 50–60 പേർ വീതമുണ്ട്. കുട്ടികളുടെയും ക്ലാസ് മുറികളുടെയും എണ്ണത്തിന് ആനുപാതികമായാണു സ്കൂളുകളിൽ അധ്യാപക തസ്തിക അനുവദിക്കുന്നത്.
നൊച്ചിമയിൽ ഉയരം കുറഞ്ഞ 6 ക്ലാസ് മുറികൾ എണ്ണത്തിൽ പെടുത്താത്തതു കൊണ്ടാണു തസ്തിക അനുവദിക്കാത്തത്. സാങ്കേതിക തടസ്സം ഒഴിവാക്കി അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു പിടിഎ ഭാരവാഹികൾ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡയറക്ടർ ജനറൽ എജ്യുക്കേഷൻ വരെ ഉള്ളവർക്കു നിവേദനം നൽകി മടുത്തു.യുപി, ഹൈസ്കൂൾ കെട്ടിടങ്ങൾക്കു മാത്രമേ 3.70 മീറ്റർ ഉയരത്തിന്റെ നിബന്ധനയുള്ളൂ. എൽപി വിഭാഗത്തിനു ബാധകമല്ല. സ്കൂളിലെ എൽപി വിഭാഗം ക്ലാസുകൾ ഉയരം കുറഞ്ഞ കെട്ടിടത്തിലേക്കു മാറ്റി യുപി, ഹൈസ്കൂൾ വിഭാഗം ക്ലാസുകൾ മറ്റു കെട്ടിടങ്ങളിൽ നടത്തിയാൽ വിദ്യാഭ്യാസ വകുപ്പ് ഉന്നയിക്കുന്ന സാങ്കേതിക തടസ്സങ്ങളെല്ലാം ഇല്ലാതാകും. അതിനും അധികൃതർ അനുമതി നൽകുന്നില്ല.