ക്രിക്കറ്റ് മത്സരത്തിൽ സച്ചിൻ പങ്കെടുക്കും; വീൽചെയറുമായി
Mail This Article
കാലടി∙ ഒഡീഷയിൽ നടക്കുന്ന വീൽചെയർ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കാലടി സ്വദേശി സച്ചിൻ നായർക്കു മാണിക്യമംഗലം സായിശങ്കര ശാന്തി കേന്ദ്രം വീൽചെയർ സമ്മാനിച്ചു. 7 മാസം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ സച്ചിന്റെ ഒരു കാൽ നഷ്ടപ്പെട്ടു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകാൻ ധൈര്യം കാണിച്ച ക്രിക്കറ്റ് പ്രേമിയായ സച്ചിൻ ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വീൽ ചെയർ ക്രിക്കറ്റ് കളിയിൽ പരിശീലനത്തിനു ചേർന്നു. കോഴിക്കോട് നടന്ന മത്സരത്തിൽ കേരള ടീമിലേക്കു സിലക്‌ഷൻ ലഭിച്ച സച്ചിനു സാമ്പത്തിക പരാധീനത മൂലം വീൽ ചെയർ സ്വന്തമായി വാങ്ങാൻ കഴിഞ്ഞില്ല.
സായി ബാബ ജയന്തിയോടനുബന്ധിച്ചു സായി ശങ്കര ശാന്തി കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യക്കിറ്റ് വാങ്ങാൻ കാലടി ആശ്രമം റോഡിൽ കാവിത്താഴത്ത് അമ്പാടി വേണു വന്നപ്പോഴാണ് മകൻ സച്ചിന്റെ വിവരം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ അറിയുന്നത്. തുടർന്നു സച്ചിനു നേരിട്ടു പി.എൻ.ശ്രീനിവാസൻ വീൽചെയർ സമ്മാനിച്ചു. വീൽചെയർ കിട്ടിയതോടെ ജനുവരി രണ്ടിനു ഒഡീഷയിൽ നടക്കുന്ന കലിംഗ ട്രോഫി വീൽചെയർ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സച്ചിൻ നായർ.