വോട്ടർ– ആധാർ ബന്ധിപ്പിക്കൽ; പകുതി പൂർത്തിയാക്കി ജില്ല
Mail This Article
കാക്കനാട്∙ ജില്ലയിലെ 13,26,462 വോട്ടർമാരുടെ ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചു. ശേഷിക്കുന്ന 12,95,559 വോട്ടർമാരുടെ ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായി കലക്ടർ ഡോ. രേണു രാജ് പറഞ്ഞു. ആധാർ– വോട്ടർ പട്ടിക ബന്ധിപ്പിക്കലിനു വോട്ടർമാരെ സഹായിക്കാൻ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) വീടുകൾ സന്ദർശിക്കുന്നുണ്ട്. വോട്ടർക്കു പരസഹായമില്ലാതെ സ്വന്തം നിലയിലും ആധാറുമായി ബന്ധിപ്പിക്കാം.
നാഷനൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ (എൻവിഎസ്പി) വെബ്സൈറ്റ് വഴിയും വോട്ടേഴ്സ് ഹെൽപ് ലൈൻ മൊബൈൽ ആപ് വഴിയും വോട്ടർമാർക്ക് ആധാർ കാർഡ് വോട്ടർ ഐഡിയുമായി കൂട്ടിച്ചേർക്കാം. ഈ മാസം പരമാവധി വോട്ടർമാരുടെ ആധാർ ലിങ്കിങ് പൂർത്തിയാക്കുകയാണു ലക്ഷ്യം. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതൽ വോട്ടർമാരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചത്– 65.19 ശതമാനം. തൃക്കാക്കര നിയമസഭ മണ്ഡലത്തിലാണു കുറവ്– 28.61 ശതമാനം.
എറണാകുളം 34.59, കൊച്ചി 43.33, തൃപ്പൂണിത്തുറ 40.25, മൂവാറ്റുപുഴ 49.76 മണ്ഡലങ്ങളും പിന്നിലാണ്. ഇവിടങ്ങളിൽ ഉൾപ്പെടെ പാർപ്പിട മേഖലകളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും പ്രത്യേക ക്യാംപ് നടത്തും. റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും ക്യാംപിനു സൗകര്യമൊരുക്കും. പെരുമ്പാവൂർ, അങ്കമാലി, ആലുവ, കളമശേരി, വൈപ്പിൻ, കുന്നത്തുനാട്, പിറവം, പറവൂർ മണ്ഡലങ്ങളിൽ ആധാർ ലിങ്കിങ് 50 ശതമാനം കവിഞ്ഞു. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും എത്തുന്ന വോട്ടർമാർക്ക് ആധാറുമായി ബന്ധിപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ശനിയും ഞായറും പ്രത്യേക ക്യാംപ്
വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർക്കാനും നിലവിലുള്ള വോട്ടർമാരെ ആധാറുമായി കൂട്ടിച്ചേർക്കാനും നാളെയും മറ്റന്നാളും വില്ലേജ്, താലൂക്ക് ഓഫിസുകളിൽ പ്രത്യേക ക്യാംപ് പ്രവർത്തിക്കും. കുടുംബത്തിലെ ഒരു വോട്ടർ എത്തിയാൽ മറ്റു കുടുംബാംഗങ്ങളുടെ വോട്ടർ– ആധാർ ലിങ്കിങ് നടത്താം. എല്ലാവരുടെയും ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും കരുതണം. കഴിഞ്ഞ ഒക്ടോബറിൽ 17 വയസ്സു തികഞ്ഞവരെയാണു വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അവസാന തീയതി 9.